Kerala

യോഗ്യതയ്ക്ക് ഹൈടെക് തട്ടിപ്പ്: മുന്നറിയിപ്പ് ലഭിച്ചിട്ടും സ്വപ്നയെ ജോലിക്കെടുത്തു; ചുരുളഴിയാന്‍ ഇനിയും കഥകളേറേ

റിക്രൂട്ടിങ് ഏജന്‍സി വിഷന്‍ ടെക്നോളജി ആന്‍ഡ് സ്റ്റാഫിങ് സൊല്യൂഷന്‍സ്, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) എന്നിവയാണ് നിലവില്‍ സംശയത്തിന്റെ നിഴലിലുള്ളത്.

യോഗ്യതയ്ക്ക് ഹൈടെക് തട്ടിപ്പ്: മുന്നറിയിപ്പ് ലഭിച്ചിട്ടും സ്വപ്നയെ ജോലിക്കെടുത്തു; ചുരുളഴിയാന്‍ ഇനിയും കഥകളേറേ
X

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും കൂട്ടുപ്രതി സരിത്തിനും യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതിന്റെ ദുരൂഹതകളുടെ ചുരുളഴിയാന്‍ ഇനിയും സമയമെടുക്കും. സ്വപ്നാ സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ നിയമനത്തിനു പ്രധാന പങ്കുവഹിച്ച സ്ഥാപനങ്ങളെപ്പറ്റി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിച്ചേക്കുമെന്നാണ് വിവരം. റിക്രൂട്ടിങ് ഏജന്‍സി വിഷന്‍ ടെക്നോളജി ആന്‍ഡ് സ്റ്റാഫിങ് സൊല്യൂഷന്‍സ്, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) എന്നിവയാണ് നിലവില്‍ സംശയത്തിന്റെ നിഴലിലുള്ളത്.

സ്വപ്ന സുരേഷിനെ പിഡബ്ല്യുസി സ്പേസ് പാര്‍ക്കിലേക്കു റിക്രൂട്ട് ചെയ്യുന്നതിന് ആഴ്ചകള്‍ക്കുമുമ്പാണ് റിക്രൂട്ട്മെന്റ് ഏജന്‍സിയായ വിഷന്‍ ടെക്നോളജി ആന്‍ഡ് സ്റ്റാഫിങ് സൊല്യൂഷന്‍ രൂപീകൃതമായത്. കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കമ്പനി രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ സപ്തംബര്‍ 25-നാണ്. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ ശിപാര്‍ശ ചെയ്തത് അടുത്തമാസം 12നും.

2015 ഡിസംബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയായിരുന്നു യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരുടെ നിയമന നടപടികള്‍ നടന്നത്. അഭിമുഖം ഉള്‍പ്പെടെ പൂര്‍ത്തിയാക്കി തയാറാക്കിയ16 പേരുടെ പട്ടികയില്‍ സ്വപ്നയോ, സരിത്തോ ഇടംപിടിച്ചില്ല. എന്നാല്‍ സപ്തംബറോടെ ഇരുവര്‍ക്കും കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചു. സ്വപ്ന സുരേഷിന്റെ മോശം പശ്ചാത്തലം സംബന്ധിച്ച് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ അധികൃതര്‍ക്കു മുന്നറിയിപ്പും നല്‍കിയിരുന്നുവെന്നും സൂചനകളുണ്ട്. ഇതെല്ലാം മറികടന്ന് ഇരുവര്‍ക്കും ഇവിടെ ജോലി ലഭിച്ചതിന് പിന്നില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം.

ഇതിനിടയില്‍ സ്വപ്നയുടെ വ്യാജബിരുദ ആരോപണത്തില്‍ ഐടി വകുപ്പ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനോട്(പിഡബ്ല്യൂസി) വിശദീകരണവും തേടിയിട്ടുണ്ട്. ഇക്കാര്യത്തിലെ തുടര്‍നടപടി സംബന്ധിച്ച് ഐടി വകുപ്പിനു കീഴിലുള്ള കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) നിയമോപദേശവും തേടിയിട്ടുണ്ട്. വ്യാജസര്‍ട്ടിഫിക്കറ്റ് വച്ച് ജോലി നേടിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2018 മാര്‍ച്ച് 31 ന് നിരോധിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന് മൂന്നുവര്‍ഷമായി കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിവരുന്ന സാഹചര്യത്തിലാണ് സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് സ്ഥാപനത്തെ നിരീക്ഷിക്കാന്‍ എന്‍ഐഎ ഒരുങ്ങുന്നത്. കമ്പനിക്കെതിരേ ഒമ്പതു കേസുകള്‍ വിവിധ കോടതികളിലുണ്ട്. സത്യം കുഭകോണം, വിജയ് മല്യ ഉള്‍പ്പെട്ട യുണൈറ്റഡ് സ്പിരിറ്റ് കുംഭകോണം, നോക്കിയ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയില്‍ ആരോപണ വിധേയമായ കമ്പനിയാണിത്. കൂടാതെ മുന്‍ ലോ കമ്മിഷന്‍ ചെയര്‍മാനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ വിസില്‍ ബ്ളോവേഴ്സ് ഫോറം കമ്പനിയെപ്പറ്റിയുള്ള മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് മുഖാന്തിരം നല്‍കിയിരുന്നതുമാണ്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ വരും.

കെഎസ്ഐടിഐഎല്ലില്‍ സ്വപ്നയെ നിയമച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണവും തേടിയിട്ടുണ്ട്. എന്നാല്‍ വിഷന്‍ ടെക്നോളജീസ് എന്ന സ്ഥാപനം വഴിയാണ് സ്വപ്നയുടെ നിയമനം നടന്നതെന്നും സ്വപ്നയുടെ പശ്ചാത്തല പരിശോധനയില്‍ അവര്‍ക്കാണ് വീഴ്ച സംഭവിച്ചെന്നാണ് കണ്‍സള്‍ട്ടന്‍സിയായ പിഡബ്ല്യൂസിയുടെ നിലപാട്. എച്ച്ആര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സ്വപ്നയുടെ പശ്ചാത്തലം ഇവര്‍ക്കുവേണ്ടി പരിശോധിച്ചത്. ഡല്‍ഹി, ഫരീദാബാദ് ബഡാര്‍പൂരില്‍ മധുര റോഡിലെ എസ്ആര്‍എസ് ടവറിന്റെ ആറാം നിലയിലാണ് വിഷന്‍ ടെക്നോളജി പ്രവര്‍ത്തിക്കുന്നത്. ഐടി സേവനങ്ങള്‍, സോഫ്റ്റ്വേര്‍ ഡവലപ്മെന്റ്, മൊബൈല്‍ ആപ് വികസനം, വെബ്സൈറ്റ് ഡിസൈന്‍ എന്നിവയാണ് പ്രധാന ജോലികളെങ്കിലും വിവിധ കമ്പനികള്‍ക്കു മാനേജര്‍മാര്‍ മുതല്‍ സെയില്‍സ് എക്സിക്യൂട്ടീവുമാരെവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി പിഡബ്ല്യുസിക്ക് വിദഗ്ധരെ നല്‍കിയിരുന്ന റിക്രൂട്ട്മെന്റ് സ്ഥാപനമുള്ളപ്പോള്‍ ആഴ്ചകള്‍ക്കു മുമ്പ് രജിസ്റ്റര്‍ ചെയ്ത ഏജന്‍സിയെ ഇതിനായി സമീപിച്ചതാണു സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. ദുബായിലെ ദാനുബോ ഗ്രൂപ്പിന്റെ മുന്‍ എച്ച്ആര്‍ എക്സിക്യൂട്ടീവ് നേഹ നാഗ്പാലാണ് ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ എച്ച്ആര്‍ മാനേജര്‍. ഇവരും സ്വപ്നാ സുരേഷും തമ്മില്‍ നേരത്തെ ബന്ധമുണ്ടോയെന്നതും എന്‍ഐഎ അന്വേഷിക്കും.

അതേസമയം സ്വപ്നയുടെ വ്യാജബിരുദം ചെന്നെത്തിനില്‍ക്കുന്നത് ഹൈടെക് തട്ടിപ്പിലാണ്. മഹാരാഷ്ട്രയിലെ ഡോ.ബാബാസാഹിബ്അംബേദ്കര്‍ സാങ്കേതിക സര്‍വകലാശാലയുടെ പേരിലാണ് വ്യാജബിരുദം. വന്‍മാഫിയ തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് വിവരം. സ്വപ്നയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിലെ രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ സര്‍വകലാശാലയുടെ പേരും ചിഹ്നഹ്നവും ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ് വരെ ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Next Story

RELATED STORIES

Share it