Kerala

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളജില്‍ ഹെപ്പറ്റോളജി യൂനിറ്റ്

കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ കീഴില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളജില്‍ ഹെപ്പറ്റോളജി യൂനിറ്റ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂനിറ്റ് ആരംഭിക്കുന്നുവെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ കീഴില്‍ ഹെപ്പറ്റോളജി യൂനിറ്റ് ആരംഭിക്കുന്നത്.

കൂടാതെ മെഡിക്കല്‍ കോളജിലെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുന:രാരംഭിക്കാനും ഈ യൂനിറ്റ് സഹായിക്കും. ഇതിന്റെ ഭാഗമായി ഒരു പ്രഫസര്‍ തസ്തികയും ഒരു അസി. പ്രഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വിവിധ കരള്‍ രോഗങ്ങളുടെ നിര്‍ണയവും ചികിത്സയും നടത്തുന്ന പ്രത്യേക വിഭാഗമാണ് ഹെപ്പറ്റോളജി. നിലവില്‍ മെഡിക്കല്‍ കോളജുകളില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന് കീഴിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തസ്തിക സൃഷ്ടിച്ച് ഇതിനെ വിപുലീകരിച്ചാണ് ഹെപ്പറ്റോളജി യൂനിറ്റ് പുതുതായി ആരംഭിക്കുന്നത്. ഭാവിയില്‍ ഹെപ്പറ്റോളജി ഡിഎം കോഴ്‌സ് തുടങ്ങുന്നതിനും ഈ യൂനിറ്റ് സഹായകരമാകും.

അമിതമായ കൊഴുപ്പുള്ള ആഹാരങ്ങള്‍, വ്യായാമമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം, മഞ്ഞപ്പിത്ത രോഗങ്ങള്‍, വൈറസ് മൂലം കരളിലുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് കരള്‍രോഗം ഉണ്ടാക്കുന്നത്. മദ്യപാനം കാരണവും കരള്‍രോഗം പിടിപെടാം. ജീവിതശൈലി രോഗങ്ങള്‍ കാരണം നോണ്‍ ആള്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ ഉണ്ടാക്കുന്നു. ഇത് വളരെയധികം കൂടി വരുന്നതായാണ് കാണുന്നത്. ഫാറ്റി ലിവര്‍ കാരണം ലിവര്‍ സിറോസിസ്, ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളുണ്ടാക്കുന്നു. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം ഒപിയില്‍ ചികിത്സ തേടുന്ന 50 മുതല്‍ 60 ശതമാനം പേരും ഐപിയില്‍ ചികിത്സിക്കുന്ന 75 മുതല്‍ 80 ശതമാനം പേരും കരള്‍ രോഗികളാണ്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 90 ശതമാനം പേരും മരിക്കുന്നത് ഗുരുതര കരള്‍ രോഗം കാരണമാണ്. ആരംഭത്തില്‍ തന്നെ ഫാറ്റി ലിവര്‍ ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്നതാണ്. ഈയൊരു പ്രാധാന്യം മുന്നില്‍ കണ്ടാണ് ഹെപ്പറ്റോളജി യൂനിറ്റ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it