Kerala

കനത്ത മഴ, വെള്ളക്കെട്ട്: എറണാകുളത്ത് ക്യാംപുകള്‍ തുറന്നു; ആളുകളെ മാറ്റി താമസിപ്പിക്കാന്‍ തുടങ്ങി

എളംകുളം മദര്‍ തെരേസ കമ്യൂണിറ്റി ഹാളിലും കടവന്ത്ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് ക്യാംപുകള്‍ തുറന്നത്.കളമശ്ശേരിയില്‍ വട്ടേക്കുന്നം പിഎച്ച്‌സി റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് പോലിസിന്റെയും ഫയര്‍ഫോഴ്‌സി റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. താഴേക്കു വീണ വാഹനങ്ങള്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു.

കനത്ത മഴ, വെള്ളക്കെട്ട്: എറണാകുളത്ത് ക്യാംപുകള്‍ തുറന്നു; ആളുകളെ മാറ്റി താമസിപ്പിക്കാന്‍ തുടങ്ങി
X

കൊച്ചി: ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് എളംകുളം, എറണാകുളം വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലായതിനെ തുടര്‍ന്ന് ആളുകളെ ക്യാംപുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നത് ആരംഭിച്ചു. എളംകുളം മദര്‍ തെരേസ കമ്യൂണിറ്റി ഹാളിലും കടവന്ത്ര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് ക്യാംപുകള്‍ തുറന്നത്. കമ്യൂണിറ്റി ഹാളില്‍ 10 കുടുംബങ്ങളാണുള്ളത്. 22 പുരുഷന്മാരും 13 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പടെ 45 ആളുകളാണ് ഇവിടെയുള്ളത്. കടവന്ത്ര സ്‌കൂളില്‍ മൂന്ന് കുടുംബങ്ങള്‍ ആണുള്ളത്. രണ്ട് പുരുഷന്മാരും ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെ 10 പേര്‍ ഇവിടെയുണ്ട്. പി ആന്റ് ടി, ഉദയാ കോളനികള്‍, പെരുമാനൂര്‍ കോളനി എന്നിവിടങ്ങളും വെള്ളത്തിലാണ്.

കളമശ്ശേരിയില്‍ വട്ടേക്കുന്നം പിഎച്ച്‌സി റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് പോലിസിന്റെയും ഫയര്‍ഫോഴ്‌സി റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. താഴേക്കു വീണ വാഹനങ്ങള്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ന്ന വൈദ്യുതി പോസ്റ്റുകളും നീക്കം ചെയ്തു.മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സനില്‍കുമാര്‍, ബി കെ ശീമതി, നിധീന ബി മേനോന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കെട്ടിടം. വാടകക്കാരായിരുന്നു താമസക്കാര്‍. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പുറകുവശമാണ് ഇടിഞ്ഞത്. കെട്ടിടത്തിന്റെ പോര്‍ച്ച് വരെയുള്ള ഭാഗം വിള്ളല്‍ വീണ നിലയിലാണ്. സമീപത്തുള്ള കെട്ടിടത്തിനും അപകട ഭീഷണി ഉള്ളതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച് താമസക്കാരെ ഒഴിപ്പിച്ചു.

പറവൂര്‍ താലൂക്കിലെ കടുങ്ങല്ലൂര്‍ വില്ലേജില്‍ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കണിയാം കുന്നിലെ ചരിവ്പറമ്പ് വീട്ടില്‍ തങ്കമ്മ, പുതുവല്‍ പറമ്പ് വീട്ടില്‍ നൗഷര്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. അതേ സമയം ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. 137.1 മീറ്റര്‍ ആണ് ഇന്നത്തെ ജലനിരപ്പ് . ഡാമിന്റെ പൂര്‍ണ സംഭരണ ജലനിരപ്പ് 169 മീറ്ററും പരമാവധി ജലനിരപ്പ് 171 മീറ്ററും ആണ്.ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ എറണാകുളത്തെ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിച്ചതായി ബ്രേക്ക്ത്രൂ സാങ്കേതികസമിതി ചെയര്‍മാന്‍ ആര്‍ ബാജി ചന്ദ്രന്‍ അറിയിച്ചു. ബ്രേക്ക്ത്രൂ ഒന്നാംഘട്ടത്തില്‍ കോര്‍പറേഷന്‍ പരിധിയിലെ അടഞ്ഞതും മൂടപ്പെട്ടുപോയതുമായ ഓടകള്‍ നവീകരിക്കുന്ന പ്രവൃത്തികളായിരുന്നു. ആ പദ്ധതികള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നു.രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന തോടുകളും കായല്‍മുഖങ്ങളും എക്കലും മറ്റ് തടസ്സങ്ങളും നീക്കി നഗരാതിര്‍ത്തിക്കകത്ത് വരുന്ന മഴവെള്ളം പൂര്‍ണ്ണമായും കായലിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്.

ഇതിന്റെ ഭാഗമായി പ്രധാന തോടുകളായ കാരണക്കോടം, ചങ്ങാടംപോക്ക്, ചിലവന്നൂര്‍, കോയിത്തറകനാല്‍, മുല്ലശ്ശേരി കനാല്‍, തേവര കായല്‍മുഖം, പേരണ്ടൂര്‍ കായല്‍മുഖം, ഇടപ്പള്ളി തോട് എന്നീ പ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ മുല്ലശ്ശേരി കനാല്‍ ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തീകരിച്ചു. നഗരപരിധിയിലെ പ്രധാന കനാലായ തേവര- പേരണ്ടൂര്‍ കനാല്‍ നവീകരണം അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നതിനാല്‍ ഈ കനാല്‍ ബ്രേക്ക്ത്രൂ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇന്നലെ രാത്രിയും പുലര്‍ച്ചയുമായി ഉണ്ടായ കനത്തമഴയില്‍ ബ്രേക്ക്ത്രൂ പദ്ധതിയില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. കടലില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയിട്ടും ബ്രേക്ക്ത്രൂവില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കനാലുകളില്‍ ഒഴുക്ക് സുഗമമായിരുന്നു.

കെഎസ്ആര്‍ടി.സി ബസ്റ്റാന്റ് പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകുവാന്‍ കാരണം മുല്ലശ്ശേരി കനാലിന്റെ ആദ്യ ഭാഗങ്ങളില്‍ ബെഡ് ലെവല്‍ ഉയര്‍ത്തിക്കൊണ്ടുള്ള കോണ്‍ക്രീറ്റ് നിര്‍മ്മാണമാണ്. ബ്രേക്ക്ത്രൂ പദ്ധതിയില്‍ നവീകരിച്ചിട്ടു പ്രധാനകനാലുകളുടെ ഒരു ഭാഗത്തും വെള്ളക്കെട്ട് റിപോര്‍ട്ട് ചെയ്തിട്ടില്ല. കമ്മട്ടിപ്പാടം, പനമ്പിള്ളിനഗര്‍, വടുതല, എന്നീ ഭാഗങ്ങള്‍ ടി പി കനാലിന്റെ വശങ്ങളാണ്. നിലവില്‍ വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പ്രദേശങ്ങളിലെ പ്രധാന തോടായ തേവര-പേരണ്ടൂര്‍ കനാലില്‍ ബ്രേക്ക്ത്രൂ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it