Kerala

ഹാരിസണ്‍ ഭൂമിക്ക് കരം: റവന്യൂവകുപ്പില്‍ തര്‍ക്കം തുടരുന്നു; മന്ത്രിസഭ പരിഗണിച്ചില്ല

ന്നലെ രാത്രി വൈകി മന്ത്രിക്കു ലഭിച്ച ഫയല്‍ പഠിക്കാനായി മാറ്റിവച്ചു. ഉപാധികളില്ലാതെ കരം സ്വീകരിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തിടുക്കപ്പെട്ട് ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമെടുക്കേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്.

ഹാരിസണ്‍ ഭൂമിക്ക് കരം: റവന്യൂവകുപ്പില്‍ തര്‍ക്കം തുടരുന്നു; മന്ത്രിസഭ പരിഗണിച്ചില്ല
X

തിരുവനന്തപുരം: ഹാരിസണ്‍സ് മലയാളത്തിന്റെ കൈവശമുള്ള തോട്ടങ്ങള്‍ക്ക് ഉപാധികളില്ലാതെ കരം ഈടാക്കാനുള്ള നിര്‍ദേശത്തില്‍ റവന്യുവകുപ്പില്‍ തര്‍ക്കം തുടരുന്നു. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടതോടെ ഈ നിര്‍ദേശം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെത്തിയില്ല. ഇന്നലെ രാത്രി വൈകി മന്ത്രിക്കു ലഭിച്ച ഫയല്‍ പഠിക്കാനായി മാറ്റിവച്ചു. ഉപാധികളില്ലാതെ കരം സ്വീകരിക്കണമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തിടുക്കപ്പെട്ട് ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമെടുക്കേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. നിയമസഭ ചേരുന്ന സാഹചര്യത്തില്‍ ഫയല്‍ വീണ്ടും പഠിച്ചശേഷം മന്ത്രിസഭാ യോഗം പരിഗണിച്ചാല്‍ മതിയെന്നും റവന്യൂമന്ത്രി നിലപാടെടുത്തു. വിഷയം അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഈമാസം വിരമിക്കുന്ന റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഹാരിസണിന് അനുകൂലമായ നീക്കം നടന്നതെന്നാണ് ആക്ഷേപം. ഹാരിസണ്‍സ് മലയാളം കൈവശം വച്ചിരിക്കുന്ന 38000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യത്തിന്റെ നീക്കം ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയും തള്ളി. ഈ സാഹചര്യത്തിലാണ് ഹാരിസണ്‍ തോട്ടങ്ങളുടെ കരം ഈടാക്കാന്‍ നീക്കം നടന്നത്.

ഇനി സ്വീകരിക്കേണ്ട നിയമ നടപടികള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നായാരുന്നു സൂചന. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ല. സാധാരണഗതിയില്‍ കരം ഈടാക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കേണ്ടത് റവന്യൂ മന്ത്രിയാണ്. എന്നാല്‍, ഹാരിസണ്‍ വിഷയത്തില്‍ റവന്യൂ മന്ത്രി അറിയാതെയാണ് നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന. ഹാരിസണില്‍നിന്ന് കരം സ്വീകരിക്കാനുള്ള നിര്‍ദേശം മന്ത്രിസഭയില്‍ വയ്ക്കാനുള്ള അനുമതി ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും മുഖ്യമന്ത്രിയില്‍നിന്ന് വാങ്ങിയശേഷം ഇന്നലെ ഉച്ചയോടെ ഇതുമായി ബന്ധപ്പെട്ട ഫയല്‍നീക്കം ആരംഭിച്ചത്. ഹാരിസണില്‍നിന്ന് കൈമാറ്റം ചെയ്യപ്പെട്ട പുനലൂരിലെ റിയ എസ്റ്റേറ്റില്‍നിന്ന് കരം സ്വീകരിക്കാനും പോക്കുവരവ് ചെയ്തുകൊടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹാരിസണ്‍ കൈവശം വയ്ക്കുന്നതും ഹാരിസണ്‍ മുറിച്ചുവിറ്റതുമായ ഭൂമിയുടെ നികുതി സ്വീകരിക്കണമെന്ന നിര്‍ദ്ദേശമാണ് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ളത്.



Next Story

RELATED STORIES

Share it