Kerala

ഇടതു സര്‍ക്കാര്‍ കേരളം ഹാരിസണിന് തീറെഴുതുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹാരിസണിന് വേണ്ടി തോറ്റുകൊടുക്കല്‍ നാടകമാണു കേരള സര്‍ക്കാര്‍ നടത്തിയത്

ഇടതു സര്‍ക്കാര്‍ കേരളം ഹാരിസണിന് തീറെഴുതുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: ഹാരിസണിന്റെ കൈവശ ഭൂമിക്കും കൈയേറ്റ ഭൂമിക്കും അനധികൃതമായി മറിച്ചുവിറ്റ ഭൂമിക്കും കരം സ്വീകരിക്കാനുള്ള നടപടി കേരളം ഹാരിസണിന് തീറെഴുതാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ്. കരം സ്വീകരിക്കുന്നതോടെ ഉടമസ്ഥാവകാശത്തിനു ശക്തമായ ക്ലെയിമാണ് ഹാരിസണിനു ലഭിക്കുന്നത്. ഹൈക്കോടതിയില്‍ ഹാരിസണിനെതിരേ ഹാജരായിരുന്ന പ്ലീഡര്‍ സുശീലാ ഭട്ടിനെ മാറ്റിയതു തന്നെ കേസ് തോറ്റുകൊടുക്കാനായിരുന്നു. ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹാരിസണിന് വേണ്ടി തോറ്റുകൊടുക്കല്‍ നാടകമാണു കേരള സര്‍ക്കാര്‍ നടത്തിയത്. ഇനി അതാത് ജില്ലകളിലെ സിവില്‍ കോടതികളില്‍ ഭൂമി തിരിച്ച് പിടിക്കാന്‍ കേസ് നടത്താന്‍ പോവുകയാണ് സര്‍ക്കാര്‍. അതിന്റെ പരിണിതി എന്തായിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് കരം സ്വീകരിക്കാനും മരം മുറിക്കാനുള്ള നല്‍കിയ അനുമതി. കേരളത്തില്‍ ഏറ്റവുമധികം സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് ഹാരിസണാണ്. ഈ തീരുമാനത്തോടെ അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന മറ്റു വന്‍കിട കോര്‍പറേറ്റുകളും ഈ ആനുകൂല്യത്തിനു വേണ്ടി കോടതിയെ സമീപിക്കും. കേരളത്തിലെ ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമിയാണ് ഇങ്ങനെ കോര്‍പറേറ്റുകള്‍ സ്വന്തമാക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിനു ഭൂരഹിതരോട് ചെയ്യുന്ന വഞ്ചനയാണിത്. ഇത് കേരളം തിരിച്ചറിയണം. സര്‍ക്കാര്‍ തുടരുന്ന ഇത്തരം ജനവിരുദ്ധ നടപടികളും പാര്‍ലമെന്റെ തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് കാരണമായെന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷവും മനസ്സിലാക്കണം. കരം സ്വീകരിക്കാനുള്ള നടപടി അടിയന്തിരമായി പിന്‍വലിക്കണം. ഈ നടപടിക്കെതിരേ ഭൂരഹിതരെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കും. മന്ത്രിസഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.



Next Story

RELATED STORIES

Share it