Kerala

തൊഴിലില്ലായ്മ പരിഹരിക്കും; തൊഴിലുടമകള്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം

ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ക്കൊപ്പം കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററുകളും യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയ്ക്കൊപ്പം മോഡല്‍ കരിയര്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ പരിഹരിക്കും; തൊഴിലുടമകള്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം
X

തിരുവനന്തപുരം: തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. നിലവിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ക്കൊപ്പം എംപ്ലോയബിലിറ്റി സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ക്കൊപ്പം കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററുകളും യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയ്ക്കൊപ്പം മോഡല്‍ കരിയര്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.

വ്യവസായശാലകള്‍ക്കും വാണിജ്യകേന്ദ്രങ്ങള്‍ക്കും തൊഴിലാളികളെ നല്‍കുന്നതിനായി കേരളാ അക്കാഡമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ നേതൃത്വത്തില്‍ പരിശീലന ക്ലാസുകള്‍ നല്‍കിവരുന്നു. നഴ്സിങ്, സെക്യൂരിറ്റി സര്‍വീസസ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ ഇത് പ്രയോജനപ്പെടുന്നു.

തൊഴിലില്ലാത്ത അഭ്യസ്ത വിദ്യര്‍ക്ക് സ്വകാര്യമേഖലയില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കൂടുതല്‍ ജോബ് ഫെയറുകള്‍ സംഘടിപ്പിക്കും. 2016 മുതല്‍ 19 വരെ സര്‍ക്കാര്‍ ഐടിഐകളില്‍ കാംപസ് റിക്രൂട്ട്മെന്റ് വഴി 7179 ട്രെയിനികള്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി രൂപീകരിക്കണം. ഇത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപന പരിശോധനകള്‍ നടത്തുമ്പോള്‍ സ്വകാര്യസ്ഥാപനങ്ങള്‍ കേരളാ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ചട്ടപ്രകാരം കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. ഇത് പാലിക്കാത്ത ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

തൊഴില്‍ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവരെ ബോധവല്‍ക്കരിക്കുന്നതിന് മലയാളത്തില്‍ ലഘുലേഖ തയ്യാറാക്കി തൊഴിലിടങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പ്രവര്‍ത്തനം നിലച്ച എംഎംജെ പ്ലാന്റേഷന്‍സ്, മഹാവീര്‍ പ്ലാന്റേഷന്‍സ്, പീരുമേട് ടീ കമ്പനി എന്നീ തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും വിരമിച്ച തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും നല്‍കിയാല്‍ മാത്രമേ തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകൂവെന്ന് മാനേജ്മെന്റുകള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

പ്ലാന്റേഷന്‍ റിലീഫ് ഫണ്ട് കമ്മിറ്റികളുടെ പ്രവര്‍ത്തനം തൃപ്തികരമാണ്. കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം, ചികിത്സാ ധനസഹായം, ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായം, വിദ്യാഭ്യാസ ധനസഹായം എന്നിവ നല്‍കിവരുന്നു. ലയങ്ങളിലെ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ചാര്‍ജ് വഹിക്കല്‍, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കല്‍ എന്നിവയ്ക്ക് ആവശ്യമുള്ള തുകയും കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിന്ന് നല്‍കി വരുന്നതായി മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it