മല്ലീശ്വരന്‍മുടിയില്‍ കാട്ടുതീ: വനംവകുപ്പ് ഹെലികോപ്റ്റര്‍ സഹായം തേടി

വനപാലകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ദുര്‍ഘടമേഖലയായതിനാല്‍ ആകാശമാര്‍ഗം മാത്രമേ ഫലപ്രദമായി തീയണയ്ക്കാന്‍ കഴിയുകയുള്ളൂവെന്നതിനാലാണ് ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടത്.

മല്ലീശ്വരന്‍മുടിയില്‍ കാട്ടുതീ: വനംവകുപ്പ് ഹെലികോപ്റ്റര്‍ സഹായം തേടി

പാലക്കാട്: അട്ടപ്പാടിയിലെ മല്ലീശ്വരന്‍മുടിയില്‍ നിയന്ത്രണവിധേയമാവാത്ത കാട്ടുതീ അണയ്ക്കുന്നതിനായി വനംവകുപ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍നിന്നും ഹെലികോപ്റ്റര്‍ സഹായം തേടി. വനപാലകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ദുര്‍ഘടമേഖലയായതിനാല്‍ ആകാശമാര്‍ഗം മാത്രമേ ഫലപ്രദമായി തീയണയ്ക്കാന്‍ കഴിയുകയുള്ളൂവെന്നതിനാലാണ് ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടത്. മല്ലീശ്വരന്‍മുടിയില്‍ രണ്ടിടങ്ങളിലാണ് ഇപ്പോള്‍ കാട്ടുതീയുള്ളത്. ഈ പ്രദേശങ്ങളുടെയും അവയ്ക്കടുത്തുള്ള ജലസ്രോതസ്സുകളുടെയും ജിപിഎസ് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ മുഖ്യ വനംവകുപ്പ് മേധാവി പി കെ കേശവന്‍ ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച മുതലാണ് അട്ടപ്പാടി, അഗളി റെയ്ഞ്ചുകളിലെ പതിനെട്ടോളം പ്രദേശങ്ങളില്‍ കാട്ടുതീ കണ്ടത്തിയത്. മണ്ണാര്‍ക്കാട്, സൈലന്റ് വാലി ഡിവിഷനുകളിലെ 200ഓളം ജീവനക്കാരും മുപ്പതോളം ദിവസവേതന വാച്ചര്‍മാരും നാലുദിവസമായി കാട്ടുതീ അണയ്ക്കുന്നതില്‍ വ്യാപൃതരായിരുന്നു. ഇതിന്റെ ഫലമായി മല്ലീശ്വരന്‍മുടിയിലെ രണ്ട് മേഖലകളിലേതൊഴികെയുള്ള മറ്റെല്ലാ പ്രദേശങ്ങളിലേയും കാട്ടുതീ അണയ്ക്കാന്‍ കഴിഞ്ഞു. തുടര്‍ന്നും കാട്ടുതീ പ്രതീക്ഷിക്കുന്നതിനാല്‍ പുതൂര്‍, മുക്കാലി, ഷോളയാര്‍ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വന്‍ വനപാലകസംഘം നിലയുറപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top