Kerala

നീലഗിരിയില്‍ നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി

നീലഗിരിയില്‍ നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടി
X

നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ നാട്ടിലിറങ്ങി നാലുപേരെ കടിച്ചുകൊന്ന നരഭോജി കടുവയെ പിടികൂടി. തമിഴ്‌നാട് വനംവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മസിനഗുഡിയിലെ വനമേഖലയില്‍ വച്ചാണ് കടുവയെ പിടികൂടിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നാലുപേരെയൊണ് കടുവ കൊന്നത്. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തിരഞ്ഞത്. വയനാട് വന്യജീവി സങ്കേതത്തിലെ 20 അംഗ ദ്രുതകര്‍മ സേനയും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു.

നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവ തിരച്ചില്‍ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച മയക്കുവടിവച്ചതിന് പിന്നാലെ കടുവ കാട്ടിനുള്ളിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ടി 23 എന്ന് പേരിട്ട കടുവയെ കണ്ടെത്തിയത്. പിന്നീട് കടുവയെ കൂട്ടിലേക്ക് മാറ്റി. കടുവയെ വെടിവച്ച് കൊല്ലാന്‍ വനം വകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ ഉത്തരവിട്ടിരുന്നു.

കടുവയെ വെടിവച്ചു കൊല്ലണ്ട എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. കടുവയെ വേട്ടയാടി കൊല്ലാനായി തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിന്‍മേല്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി വിധി. നാല് മനുഷ്യരെയും ഇരുപതിലധികം വളര്‍ത്തുമൃഗങ്ങളെയും കൊന്ന നരഭോജി കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് തമിഴ്‌നാട്ടില്‍ നടന്നത്.

Next Story

RELATED STORIES

Share it