Kerala

മേലാക്കം ഖാസി ടി പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

മേലാക്കം ഖാസി ടി പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു
X

മലപ്പുറം: എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയുടെ ഭാര്യ പിതാവും എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷറഫലിയുടെ പിതാവും മഞ്ചേരി മേലാക്കം പള്ളിയിലെ ഖാസിയുമായ ടി പി അബ്ദുല്ല മുസ്‌ല്യാര്‍ അന്തരിച്ചു.

പ്രമുഖ പണ്ഡിതനും ഉജ്ജ്വല വാഗ്മിയുമായിരുന്ന ടി.പി.അബ്ദുല്ല മുസ്‌ലിയാര്‍ നാല് പതിറ്റാണ്ടിലധികം കാലം മഞ്ചേരി, മേലാക്കം മഹല്ല് ഖാസിയായിരുന്നു. 1949ല്‍ തച്ചുപറമ്പന്‍ അഹമദിന്റെ മകനായി ചോക്കാട് പഞ്ചായത്തിലെ മഞ്ഞപ്പെട്ടിയിലാണ് ജനനം. നീലങ്ങത്ത് മറിയമാണ് മാതാവ്.

പ്രാഥമിക പഠനവും ദര്‍സ് പഠന ആരംഭവും ജന്‍മദേശമായ മഞ്ഞപ്പെട്ടിയിലായിരുന്നു. ചോക്കാട്, നെല്ലിക്കുത്ത്, ഇരിങ്ങാട്ടിരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ദര്‍സ് പഠനം പൂര്‍ത്തീകരിച്ചത്. 1970ല്‍ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ഉപരിപഠനം നടത്തി. ഏലംകുളം കോയ മുസ്‌ലിയാര്‍, കെ ടി മാനു മുസ്‌ലിയാര്‍, പന്തലൂര്‍ സി.കുഞ്ഞാന്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഹദീസ് ഫഖ്‌റുദ്ദീന്‍ സാഹിബ്, അബ്ദുല്‍ അഹദ് സാഹിബ്, ഫഖ്‌റുല്‍ ഹസന്‍ സാഹിബ്, ഫഖ്‌റുദ്ദീന്‍ സാഹിബ്, ബീഹാരി സാഹിബ്, ഇസ്‌ലാമുല്‍ ഹഖ് സാഹിബ്, മുഫ്തി സാഹിബ് തുടങ്ങിയവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കാട്ടുമുണ്ട ഇ കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ഐടി അബൂബക്ര്‍ മുസ്‌ലിയാര്‍, എം ടി മുഹമ്മദ് മുസ്‌ലിയാര്‍, എടപ്പറ്റ മുതലായവര്‍ സതീര്‍ത്ഥരാണ്.

വാണിയംമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ക്ഷണപ്രകാരം കുയ്യംപൊയില്‍ മഹല്ലില്‍ മുദരിസായാണ് അധ്യാപന ജീവിതം തുടങ്ങിയത്. തുര്‍ന്ന് കുറുംമ്പലങ്ങോട്, മഞ്ചേരി, മേലാക്കം എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

നാല്പത്തിയൊന്ന് വര്‍ഷം സേവനം ചെയ്ത മേലാക്കം ദേശത്തോട് ചേര്‍ത്തിയാണ് 'മേലാക്കം ഖാസി' എന്ന പേരില്‍ അറിയപ്പെടുന്നത്. മേലാക്കത്തിന് പുറമേ കുറുമ്പലങ്ങോട്, കൊഴക്കോട്ടൂര്‍, കാരകുന്ന്,പുലത്ത് മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു.

സമസ്ത കേരള ഇസ്‌ലാം മതവിദ്യഭ്യാസബോര്‍ഡ് ജനറല്‍ ബോഡി അംഗം, സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ട്, എസ്എംഎഫ് മേഖല പ്രസിഡണ്ട് എന്നീ സഥാനങ്ങള്‍ വഹിക്കുന്നു.

അച്ചുതൊടിക ഖദീജ, കാളികാവ് പരേതയായ ചക്കിപ്പറമ്പന്‍ ഫാത്തിമ പന്തല്ലൂര്‍ എന്നിവരാണ് ഭാര്യമാര്‍.

എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി സലീം എടക്കര, എം.എസ്.എഫ്. ദേശീയ പ്രസിഡണ്ട് ടി.പി.അഷ്‌റഫ് അലി,

മുഹമ്മദ് ശരീഫ് (മലബാര്‍ സിമന്റ്‌സ് ), മുഹമ്മദ് ഷഫീക് (ബിസിനസ് ), റഹ്മത്തുന്നീസ, സാജിത, ജുഹൈറ, സാബിറ മക്കളാണ്.

എ. പി. യഅഖൂബ് ഫൈസി, രാമംകുത്ത്, അബ്ദുല്‍ മജീദ് ഫൈസി (എസ്.ഡി.പി.ഐ.സംസ്ഥാന പ്രസിഡന്റ്), ഫൈസല്‍ തൊടുപുഴ, റാഫി വടശ്ശേരി, ചാലിപ്പറമ്പന്‍ മൈമുന പാണായി, ജമീല തമ്പസ്സും,പടിഞ്ഞാറ്റുമുറി, ഉമ്മുല്‍ ഖൈര്‍ മരുത, നിഷ്‌ന ചന്തക്കുന്ന് മരുമക്കളാണ്.

വൈകീട്ട് 4.30ന് പൂവത്തിക്കുന്ന് ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.

Next Story

RELATED STORIES

Share it