Kerala

പ്രശസ്ത കവി കെ വി തിക്കുറിശ്ശി അന്തരിച്ചു

പ്രശസ്ത കവി കെ വി തിക്കുറിശ്ശി അന്തരിച്ചു
X

തിരുവനന്തപുരം: പ്രശസ്തസാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ വി തിക്കുറിശ്ശി (88) കൊവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മാര്‍ത്താണ്ഡം തിക്കുറിശ്ശി പട്ടത്തോട്ടത്തും വീട്ടില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് വി വി കൃഷ്ണവര്‍മ്മന്‍നായര്‍ എന്നാണ്. കന്യാകുമാരി ജില്ലാ വിഭജനത്തിന്റെ കാലത്താണ് തിരുവനന്തപുരം തന്റെ കര്‍മമേഖലയായി തിരഞ്ഞെടുത്തത്. കേരള സാഹിത്യഅക്കാദമി, കലാമണ്ഡലം, കേരള സംഗീത അക്കാദമി എന്നിവയില്‍ അംഗമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്.

1957ല്‍ കാട്ടാക്കട ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സാല്‍വേഷന്‍ ആര്‍മി സ്‌കൂളിലും ജോലി ചെയ്തു. 1988ല്‍ വിരമിച്ചു. 1959ല്‍ ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധമായി നടത്തിയ കവിതാ മല്‍സരത്തില്‍ ഒന്നാം സമ്മാനമായ സ്വര്‍ണ മെഡല്‍ നേടി. 1960 ല്‍ ഭക്രാനംഗല്‍ എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കന്യാകുമാരി മലയാള സമാജത്തിന്റെ 'അക്ഷര ലോകം 'അവാര്‍ഡ്, ആറ്റുകാല്‍ 'കൃഷ്ണായന പുരസ്‌കാരം', തിരുമല കുശക്കോഡ് മഹാദേവ പുരസ്‌കാരം, കുണ്ടമങ്കടവ് ദേവി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം എന്നിവയില്‍ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് കെ വി തിക്കുറിശ്ശി. കാട്ടുമുല്ല, ഒരു വാല്മീകി കൂടെ, എന്നെ ക്രുശിക്ക, സ്‌നേഹസംഗീതം, പൊയ്മുഖങ്ങള്‍, അനശ്വരനായ വയലാര്‍ (കവിതാ സമാഹാരങ്ങള്‍), ഭക്രാനംഗല്‍, കാമയോഗിനി (ഖണ്ഡകാവ്യങ്ങള്‍), ഭാഗവത കഥകള്‍, കൃഷ്ണ കഥ (ബാലസാഹിത്യം), ശ്രീ മഹാദേവീഭാഗവതം(ഗദ്യാഖ്യാനം), ശ്രീമഹാഭാഗവതം (സമ്പൂര്‍ണ ഗദ്യവിവര്‍ത്തനം), കുഞ്ചന്‍ നമ്പ്യാരുടെ ശിവപുരാണം (ഗദ്യം), അതിര്‍ത്തിയിലേക്ക് ഒരു യാത്ര (യാത്രാ വിവരണം), വിക്രമാദിത്യ കഥകള്‍ (പുനരാഖ്യാനം), ആര്‍ നാരായണ പണിക്കര്‍ (ജീവചരിത്രം), ചട്ടമ്പി സ്വാമി തിരുവടികള്‍ (കാവ്യം), അധ്യാത്മ രാമായണം കിളിപ്പാട്ട് (ഗദ്യരൂപം) എന്നിവ മുഖ്യകൃതികള്‍.

ശ്രീമഹാഭാഗവതത്തിന്റെ പദാനുപദ ഗദ്യവിവര്‍ത്തനമാണ് ഒടുവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം. അഞ്ച് കൊല്ലം മുമ്പ് ദേവീഭാഗവതത്തിന്റെ ഗദ്യവിവര്‍ത്തനം അദ്ദേഹം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് മഹാഭാഗവതത്തിന്റെ പദാനുപദ വിവര്‍ത്തനം നടത്തിയത്. എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ശ്യാമളാദേവിയാണ് ഭാര്യ. ഡല്‍ഹിയില്‍ അധ്യാപികയായ ഹരിപ്രിയ, കാനഡയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാമകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it