Kerala

പ്രതിരോധ മന്ത്രാലത്തിന്റെ അവഗണന; ഇസിഎച്ച്എസില്‍ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

പ്രതിരോധ മന്ത്രാലയം കുടിശ്ശിക നല്‍കാത്തതിനാല്‍ ഇസിഎച്ച് സ്‌കീമില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ കഴിഞ്ഞദിവസം തൃശൂരില്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്.

പ്രതിരോധ മന്ത്രാലത്തിന്റെ അവഗണന; ഇസിഎച്ച്എസില്‍ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു
X

തിരുവനന്തപുരം: വിമുക്ത ഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഒന്നര പതിറ്റാണ്ടായി നടപ്പാക്കിവരുന്ന ചികില്‍സാ പദ്ധതിയായ എക്‌സ് സര്‍വീസ് മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീമില്‍ (ഇസിഎച്ച്എസ്) നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. പ്രതിരോധ മന്ത്രാലയം കുടിശ്ശിക നല്‍കാത്തതിനാല്‍ ഇസിഎച്ച് സ്‌കീമില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ കഴിഞ്ഞദിവസം തൃശൂരില്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്.

മാര്‍ച്ച് ഒന്നുമുതല്‍ വിമുക്ത ഭടന്മാര്‍ക്കുള്ള ചികിത്സ നിര്‍ത്താന്‍ തീരുമാനിച്ചതായി ഇസിഎച്ച്എസ് എംപാനല്‍ഡ് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍ വി രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമുക്ത ഭടന്മാരുടെ ചികില്‍സായിനത്തില്‍ പണം നല്‍കുന്നത് കഴിഞ്ഞ നവംബര്‍ മുതലാണ് പ്രതിരോധമന്ത്രാലയം നിര്‍ത്തിവച്ചത്. ഇതുവരെ 45 കോടിയിലധികം രൂപയാണ് വിമുക്തഭടന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികില്‍സ നല്‍കിയ ഇനത്തില്‍ ആശുപത്രികള്‍ക്ക് ലഭിക്കാനുള്ളത്.

കൊച്ചിയിലുള്ള റീജ്യനല്‍ സെന്റര്‍ വഴിയാണ് ബില്ലുകള്‍ നല്‍കി വരുന്നത്. സാധാരണ ഇടയ്ക്കിടെ ബില്ലുകള്‍ പാസാക്കി പണം നല്‍കാറുണ്ടെങ്കിലും കഴിഞ്ഞ നാലുമാസമായി കേന്ദ്രം ഒട്ടും പണം നല്‍കുന്നില്ല. അതിനാല്‍ ചികില്‍സ തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ആശുപത്രികളുടെ പ്രതിനിധികള്‍ പറഞ്ഞു. ആശുപത്രികള്‍ ചികില്‍സ നിഷേധിക്കുന്നതോടെ ലക്ഷക്കണക്കിനുവരുന്ന വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ ബുദ്ധിമുട്ടിലാവും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇവര്‍ക്ക് എന്തിനും കൊച്ചിയിലെ നേവല്‍ബേസ് ആശുപത്രിയെ ആശ്രയിക്കേണ്ടിവരും. 2014ല്‍ നിശ്ചയിച്ച തുക പ്രകാരമാണ് ഇപ്പോഴും ആശുപത്രികള്‍ ചികില്‍സ നല്‍കുന്നത്. രണ്ടുവര്‍ഷംതോറും ചികില്‍സത്തുക വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും പ്രതിരോധ മന്ത്രാലയം ലംഘിച്ചതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. എബി എബ്രഹാം, പി സി രാമദാസ്, ഉണ്ണികൃഷ്ണന്‍ കുന്നത്ത്, ഡാന്റിസ് ആന്റണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it