Top

കേരളത്തില്‍ വ്യാപകമായ കലാപത്തിന് ആര്‍എസ്എസ് പദ്ധതി; ആയുധക്കടത്ത് ഉള്‍പ്പടെ സമഗ്രാന്വേഷണം നടത്തണം: പോപുലര്‍ ഫ്രണ്ട്

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാ കേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ടെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍,എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കേരളത്തില്‍ വ്യാപകമായ കലാപത്തിന് ആര്‍എസ്എസ് പദ്ധതി; ആയുധക്കടത്ത് ഉള്‍പ്പടെ സമഗ്രാന്വേഷണം നടത്തണം: പോപുലര്‍ ഫ്രണ്ട്
X

കൊച്ചി: കേരളത്തില്‍ വലിയൊരു കലാപത്തിനായി ആര്‍എസ്എസും പോഷക സംഘടനകളും കോപ്പുകൂട്ടുകയാണെന്നും ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എറണാകുളം സോണല്‍ പ്രസിഡന്റ് കെ കെ ഹുസൈര്‍,എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാ കേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.

ഇന്നലെ ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ ആംബുലന്‍സില്‍ നിന്നും തോക്ക് പിടികൂടിയത് ഗൗരവതരമാണ്. സംസ്ഥാനത്ത് ജീവകാരുണ്യ- സേവന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് ആര്‍എസ്എസും പോഷക സംഘടനകളും ആയുധക്കടത്താണ് നടത്തുന്നതെന്ന വാദങ്ങള്‍ ശരിവയ്ക്കുന്ന സംഭവമാണിത്. മുമ്പ് കേരളത്തിലെ സംഘപരിവാര നേതാക്കള്‍ തോക്കുകള്‍ വന്‍തോതിലുള്ള ആയുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നുവെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു

ആര്‍എസ്എസിന്റെ പോഷക സംഘടനയായ സേവാഭാരതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാ കേന്ദ്രത്തിന്റെ കീഴിലുള്ളതാണ് ആംബുലന്‍സ്. കുട്ടികള്‍ക്കായുള്ള കേന്ദ്രമെന്നാണ് അമ്പാടിയെ ആര്‍എസ്എസ് പരിചയപ്പെടുത്തുന്നത്. ചെറുപ്രായത്തിലേ കുട്ടികളില്‍ വര്‍ഗീയത കുത്തിവെച്ച് അവരെ ആയുധ ധാരികളാക്കാനുള്ള നീക്കം ഈ സ്ഥാപനത്തിന് പിന്നിലുണ്ടെന്നാണ് മനസ്സിലാകുന്നത്. നമ്മുടെ നാടിനെ അപകടപ്പെടുത്തുന്ന ചാരിറ്റിയുടെ മറവിലുള്ള ഇത്തരം ഭീകര കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണം.നേരത്തെ എറണാകുളം ജില്ലയില്‍ തന്നെയുള്ള തൃപ്പൂണിത്തുറയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മതം മാറ്റ കേന്ദ്രത്തിനെതിരെ പീഡനത്തിനിരയായ യുവതികള്‍ പരാതി നല്‍കിയതാണ്. എന്നാല്‍ അതിലും ഗൗരവതരമായ അന്വേഷണം പോലിസ് നടത്തിയിട്ടില്ല.

സംഘപരിവാറിന് വേണ്ടി പോലിസ് നടത്തുന്ന ഈ വിടുപണി കേരളത്തെ അപകടകരമായ ഒരു സാഹചര്യത്തിലേക്കാണ് കൊണ്ടു പോകുന്നത്. ഇത് ഗൗരവത്തിലെടുക്കണെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ആവശ്യപ്പെട്ടു.വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രിയുടെ കേരള സന്ദര്‍ശനം പോലും ഇതിന്റെ മുന്നോടിയായാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യോഗിയുടെ സന്ദര്‍ശന ദിവസം തന്നെ സേവാവാഹിനി വാഹനത്തില്‍ തോക്ക് പിടികൂടിയത് നിസാരസംഭവമല്ല. സംസ്ഥാനത്തെ സേവാഭാരതിയുടെ ഓഫീസുകള്‍ ഉള്‍പ്പടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുഴുവന്‍ ചാരിറ്റി സ്ഥാപനങ്ങളിലും അടിയന്തരമായി പോലിസ് റെയ്ഡ് നടത്തണം.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പോപുലര്‍ ഫ്രണ്ട് നടത്തിയ പ്രകടനത്തിനു നേരെ ആക്രമണം നടത്താനാണ് തോക്കുമായി വന്നതെന്ന് സംശയിക്കേണ്ടതുണ്ട്. പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ മൂലമാണ് തോക്കുമായെത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ പിടികൂടി പോലിസില്‍ ഏല്‍പിക്കാനായത്. എന്നാല്‍, കണ്ടെടുത്തത് എയര്‍ഗണ്ണാണെന്നു പറഞ്ഞ് സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ പോലിസ് നടത്തുന്ന ശ്രമം വര്‍ഗീയ വാദികളെ സഹായിക്കുന്നതിനാണെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. കേവലം ലഘുലേഖകള്‍ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയ ചരിത്രമുള്ള കേരള പോലിസ് തോക്ക് പിടിച്ചിട്ടും ആര്‍എസ്എസിനെ വെള്ളപൂശാന്‍ നടത്തുന്ന ശ്രമം അപകടകരമാണ്. തോക്കുമായി പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും മനപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും കേസെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളും ആര്‍എസ്എസ് നടത്തിയ സ്‌ഫോടനങ്ങളും

1. 1993 സപ്തംബര്‍ 6 മലപ്പുറം താനൂര്‍ മൂലക്കല്‍ ബി.ജെ.പിക്കാരന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം- ആര്‍.എസ്.എസ് നേതാവ് തിരുവനന്തപുരം സ്വദേശി ശ്രീകാന്ത് മരിച്ചു.രണ്ട് ആര്‍.എസ്.എസുകാര്‍ക്ക് പരിക്ക്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കു നേരെ എറിയാനെന്ന് വെളിപ്പെടുത്തല്‍, ' മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു' എന്നാണ് അന്നത്തെ എസ്.പി ഉമ്മന്‍കോശി പറഞ്ഞത്.

2. 1999 ജൂലൈ 29 മട്ടാഞ്ചേരി, ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി വാമനപ്രഭുവിന്റെ വീട്ടില്‍ സ്ഫോടനം.- ഇരുപതോളം നാടന്‍ ബോംബുകള്‍ പൊട്ടിയതിന്റെ അപകടവ്യാപ്തി.- ബോംബ് നിര്‍മാണ വസ്തുക്കള്‍ കണ്ടെടുത്തു.- 2000 മാര്‍ച്ച് 22ന് വാമനപ്രഭുവിന്റെ സഹോദരന്‍ വേണുഗോപാലിനെ അറസ്റ്റ് ചെയ്തു.

3. 2008 ഫെബ്രുവരി 16- ശിവപുരം, മട്ടന്നൂര്‍, കണ്ണൂര്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ പുലര്‍ച്ചെ ഒരു മണിക്ക് സ്ഫോടനം, മൂന്നു പേര്‍ക്ക് പരിക്ക്, വീടിനു കേടുപാടുകള്‍ സംഭവിച്ചു.

4. 2008 മാര്‍ച്ച് 19- ശ്രീകാര്യം, തിരുവനന്തപുരം, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ കോംപൗണ്ടില്‍ സ്ഫോടനം.- ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനം, ആര്‍.എസ്.എസ് പ്രവര്‍ത്തകന് പരിക്ക്.

5. 2008 നവംബര്‍ 10- തലശ്ശേരി, കണ്ണൂര്‍- ചെറുവാഞ്ചേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം.- രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രാവിലെ 7നാണ് സംഭവം.

6. 2009 മാര്‍ച്ച് 1- തുരുത്ത്, ആലുവ- ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രതീഷിന് ഗുരുതര പരിക്ക്, കൂടെയുള്ള മൂന്നു പേര്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ് റോഡരികില്‍ കിടന്ന രതീഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

7. 2013 ഏപ്രില്‍ 6 കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബോംബു പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു. മട്ടന്നൂര്‍ അമ്പിലേത്ത് ദിലീപാണ് മരിച്ചത്. ബോംബ് നിര്‍മ്മാണ സാമഗ്രികളുമായി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ബോംബ് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

8. 2012 ജൂലൈ 28ന് കൊയിലാണ്ടിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ജോഷിറാം വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടി വീട്ടമ്മ പ്രീത(51) മരിച്ചിരുന്നു.

9. 2008 നവംബര്‍ 10 ന് കൂത്തുപറമ്പില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി രണ്ട് ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെട്ടു. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള കൂത്തുപറമ്പ് ചെറുവാഞ്ചേരി അത്തിയറക്കാവിനടുത്തായിരുന്നു രാവിലെ ഏഴുമണിയോടെ സ്‌ഫോടനം. ആര്‍.എസ്.എസ്. മണ്ഡലം കാര്യവാഹകുമാരായ ചെറുവാഞ്ചേരി ചീരാറ്റ കാഞ്ഞാണ്‍ പ്രദീപന്‍ (38), കല്ലുവളപ്പ് പൂവത്തിന്‍കീഴിലെ ദിലി എന്ന ദിലീഷ് (35) എന്നിവരാണു മരിച്ചത്.

10. 2012 ഏപ്രില്‍ 7 ന് കണ്ണൂര്‍ മാഹിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പ്രത്യുഷി (14)ന്റെ കൈവിരലുകളറ്റു.

11. 2012 ഏപ്രില്‍ 11 ന് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ പെരുന്താറ്റില്‍ കുറ്റിക്കാട്ടില്‍ മനീഷി(20)ന് ഇരുകൈകളും മുട്ടിന് കീഴെ മുറിച്ചു നീക്കേണ്ടി വന്നു. ഇരുചെവികളുടെയും കേള്‍വിശക്തി നഷ്ടപ്പെട്ടു. ഇടതു കണ്ണിന് പരിക്കേറ്റു.

12. 2012 ജനുവരി 8ന് കണ്ണൂരില്‍ വീടിനോടു ചേര്‍ന്ന മണല്‍ത്തിട്ടയില്‍ സൂക്ഷിച്ച ബോംബ് എടുക്കുന്നതിനിടെ സ്‌ഫോടത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടുപേര്‍ പിടിയിലായി. സംഭവസ്ഥലത്തുിന്ന് മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. പി വി വിജേഷിനാണ് സാരമായി പരിക്കേറ്റത്.

13. 2011 ഏപ്രില്‍ 8 ന് കണ്ണൂര്‍ അഴിയൂരില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്‌ഫോടത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ടു. ചോമ്പാല കുഞ്ഞിപ്പള്ളി പുറത്തേ തയ്യില്‍ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ രാഹുലി(20)നാണ് പരിക്കേറ്റത്.

14. 2011 ഫെബ്രുവരി 19ന് കൊല്ലം- വീട്ടിനുള്ളില്‍ ബോംബ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിച്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ഗിരീഷിനു ഗുരുതരമായി പരിക്കേറ്റു.

15. 2011 നവംബര്‍ 17ന് കൂത്തുപറമ്പ് കൊലക്കേസ് പ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ബോംബുകളും കൊടുവാളുകളും പോലിസ് പിടികൂടി. കാപ്പുമ്മലിലെ സി.പി.എം. പ്രവര്‍ത്തകന്‍ അശ്‌റഫി വെട്ടിക്കൊന്ന കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നാണ് 13 ഐസ്‌ക്രീം ബോംബുകളും നാലു കൊടുവാളുകളും ബോംബ് നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തത്.

16. 2010 ഏപ്രില്‍ 1 ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിന് സമീപത്തെ പൊതുശ്മശാനത്തിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ ബലിദാന കുടീരത്തില്‍ നിന്നു ബോംബ്‌ശേഖരം കണ്ടെത്തി. സി.പി.എം. അക്രമത്തില്‍ കൊല്ലപ്പെട്ട മുഴപ്പിലങ്ങാട് സൂരജിന്റെ കല്ലറയില്‍ ഒളിപ്പിച്ചുവച്ച നിലയിലാണ് ഉഗ്രശേഷിയുള്ള രണ്ടു സ്റ്റീല്‍ബോംബുകള്‍ കണ്ടെത്തിയത്

17. 2009 ജൂലൈ 11 ന് കണ്ണൂര്‍ കണ്ണോത്തുംചാല്‍ ഫോറസ്റ്റ് ഓഫിസിടുത്തുള്ള ആര്‍.എസ്.എസ്. ശാഖ നടക്കുന്ന ശ്മശാനപ്പറമ്പില്‍ നിന്ന് മൂന്നു സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു.

18. 2009 മാര്‍ച്ച് 21ന് കണ്ണൂര്‍ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ ബോംബ് പൊട്ടി വിദ്യാര്‍ഥിക്കു പരിക്കേറ്റു. തളാപ്പ് അമ്പാടിമുക്കില്‍ ബോംബ് പൊട്ടിത്തെറിച്ച് എസ്എന്‍ വിദ്യാമന്ദിറിലെ ആറാം ക്‌ളാസ് വിദ്യാര്‍ഥി തളാപ്പിലെ സജീവന്റെ മകന്‍ സഹിനാ(12)ണു പരിക്കേറ്റത്.

19. 2009 മാര്‍ച്ച് 17ന് പാനൂരിലെ ആര്‍.എസ്.എസ്. ശക്തികേന്ദ്രത്തില്‍ നിന്ന് ഉഗ്രസ്‌ഫോടന ശേഷിയുള്ള 50 ബോംബുകള്‍ കണ്ടെത്തി. കുറ്റേരി ചെറുവത്ത് പാലത്തിടിയില്‍ നിന്നാണ് ഇത്രയും ബോംബുകള്‍ കണ്ടെത്തിയത്.

20. 2008 ഒക്ടോബര്‍ 19 ന് തലശ്ശേരി ധര്‍മടത്ത് ആര്‍.എസ്.എസ് നേതാവിന്റെ വീട്ടുപറമ്പില്‍ നിന്ന് കുഴിച്ചിട്ട നിലയില്‍ 20 നാടന്‍ ബോംബുകള്‍ കിട്ടി.

21. 2008 നവംബര്‍ 11 ന് കണ്ണൂരിലെ പാനൂര്‍ വടക്കെ പൊയിലൂരില്‍ ആര്‍.എസ്.എസിന്റെ ബോംബ് നിര്‍മാണ ഫാക്ടറിയില്‍ നിന്ന് അത്യുഗ്രശേഷിയുള്ള 125 ബോംബുകള്‍ കണ്ടെത്തി. ഇത്രയും ബോംബുകള്‍ കണ്ടെത്തുന്നത് കേരളത്തിലാദ്യമായിരുന്നു.

22. 2008 ഏപ്രില്‍ 17 ന് പാവറട്ടിയില്‍ നടന്ന ബോംബ് സ്‌ഫോടത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൈവിരലുകളറ്റു. പാവറട്ടി മരുതയൂര്‍ കാളാനി സ്വദേശി അപ്പുവിന്റെ മകന്‍ അഭിലാഷി(16)ന്റെ കൈവിരലുകളാണ് അറ്റത്.

23. 2008 നവംബര്‍ 18 ന് പാനൂരിലെ ആര്‍.എസ്.എസ്.- ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്ന് ബോംബും ബോംബ് നിര്‍മാണ സാമഗ്രികളും പോലിസ് കണ്ടെത്തി. കൈവേലിക്കല്‍ എം.ഇ.എസ്. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന കുന്നിന്റെ പിറകുവശത്തെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 10 ബോംബാണ് കണ്ടെടുത്തത്.

24. 2007 മാര്‍ച്ച് 29ന് വാടാനപ്പള്ളിയില്‍ ഉഗ്രശേഷിയുള്ള മൂന്നു നാടന്‍ബോംബുകള്‍ പോലിസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഹകരണ ബാങ്കിടുത്ത് താമസിക്കുന്ന പരിയകത്ത് പ്രഭാകരന്റെ മകന്‍ പ്രജിത്തി(23)നെ പോലിസ് അറസ്റ്റ് ചെയ്തു.

25. 2014 സെപ്തംബര്‍ 10- മട്ടന്നൂര്‍: വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടി ആര്‍.എസ്.എസ്സുകാരന് ഗുരുതര പരിക്ക്. മരുതായി മുതിപ്പിലെ കുന്നുമ്മല്‍ വീട്ടില്‍ പവിത്രന്റെ മകന്‍ കെ നിജിലി (21)നാണ് പരിക്കേറ്റത്. ഇരു കൈപ്പത്തികളും തകര്‍ന്ന നിജിലിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

26. 2014 ജൂണ്‍ 20 - കൂത്തുപറമ്പ്: കോളയാട് ആര്‍.എസ്.എസ്. കേന്ദ്രത്തില്‍ സൂക്ഷിച്ചുവെച്ച 12 ബോംബുകള്‍ പൊലീസ് പിടികൂടി. കണ്ണവം ഫോറസ്റ്റില്‍ സൂക്ഷിച്ചുവെച്ച 10 സ്റ്റീല്‍ ബോംബുകളും രണ്ടു നാടന്‍ ബോംബുകളും ആണ് പിടികൂടിയത്.

27. 2015 ജനുവരി 6, ആലക്കാട് ആര്‍.എസ്.എസ് നേതാവ് കെ.എം. ബിജുവിന്റെ വീട്ടില്‍ നടന്ന ബോംബ് സ്ഫോടനം. ബിജുവിന്റെ അമ്മയ്ക്ക് സ്ഫോ ടനത്തില്‍ ഗുരുതരമായി പരുക്കേറ്റു. വീട്ടുപറമ്പില്‍ നിന്നും കുളത്തില്‍ നിന്നും മാരകശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.

28. 2017 മാര്‍ച്ച് 7: കണ്ണൂര്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബ് ശേഖരം പിടികൂടി. 13 ബോംബുകളാണ് പിടികൂടിയത്.

3 സ്റ്റീല്‍ ബോംബുകളും, 10 ഐസ്‌ക്രീം ബോംബുകളുമാണ് കണ്ടെത്തിയത്.

29. 2019, ജനുവരി 8, കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. കല്ല് വെട്ടിയ കുഴയിലെ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍ ഉണ്ടായിരുന്നത്. ഏകദേശം 20ഓളം ബോംബുകളാണ് ബക്കറ്റില്‍ ഉണ്ടായിരുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്ത്.

30. 2018 മെയ് 7, കണ്ണൂര്‍ മുഴക്കുന്നില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നന്നും ബോംബ് ശേഖരം പിടികൂടി. തിലങ്കേരി ഗ്രാമപഞ്ചായത്തിലെ ചാളപ്പറമ്പില്‍ നിന്നും പതിനൊന്ന് ഐസ്‌ക്രീം ബോംബുകളാണ് പിടികൂടിയത്.

31. 2020 ജനുവരി 25, ചെറുവാഞ്ചേരി പൂവ്വത്തുര്‍ ആമ്പാട്കുഴിയില്‍ ആര്‍എസ്എസ് മേഖലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നാടന്‍ ബോംബ് ശേഖരം കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കശുമാവ് തോട്ടത്തിലെ ഷെഡില്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു.

32. 2019 ജനുവരി 10

നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും വാളുകളും കഠാരകളും പിടികൂടി. ഹൈഡ്രജന്‍ പെറോക് സൈഡും കണ്ടെടുത്തു. ശബരിമല പ്രതിഷേധത്തിനിടെ ആര്‍എസ്എസ് പ്രചാരകന്‍ പോലിസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞിരുന്നു.

33. 2017 നവംബര്‍ 11, കണ്ണൂരില്‍ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ വന്‍ ആയുധ വേട്ട. തൊക്കിലങ്ങാടി, തട്ടോളിക്കര എന്നിവിടങ്ങളില്‍ നിന്നാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങളില്‍ സ്റ്റീല്‍ ബോംബ് അടക്കമുള്ള ഉഗ്രസ്ഫോടക വസ്തുക്കളും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. തൊക്കിലങ്ങാടിയില്‍ പ്രവൃത്തിക്കുന്ന കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിന്റെ പരിസരത്ത് നിന്നാണ് ആദ്യം ആയുധങ്ങള്‍ പിടികൂടിയത്. വടിവാള്‍, ശൂലങ്ങള്‍, ഇരുമ്പ് ദണ്ഡ്, ഒരു സീറ്റീല്‍ ബോംബും പിടിച്ചു. കൂത്തുപറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്ത് നിന്നും ബോംബ് അടക്കമുള്ള മാരക ആയുധങ്ങളാണ് പൊലീസ് പിടികൂടിയത്.

34. 2010 ആഗസ്ത് 21, കണ്ണൂര്‍: ബോംബ് സ്ഫോടനത്തില്‍ മരിച്ച യുവാവിന്റെ വീട്ടില്‍ നിന്നും ആയുധശേഖരം പിടികൂടി. ഓലാക്കാവ് പരിസരത്തെ വീട്ടില്‍ നിന്നാണ് ഏഴു വടിവാളും ഒരു മഴുവും പിടികൂടിയത്. ബി.ജെ.പി പ്രവര്‍ത്തകന്‍ പൊന്നംബത്ത് വീട്ടില്‍ ദീക്ഷിത്താണ് (23) കൊല്ലപ്പെട്ടത്

35. 2019 മാര്‍ച്ച് 23, കണ്ണൂര്‍: തളിപ്പറമ്പ് നടുവിലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്ഫോടനം ഉണ്ടായതിനു പിന്നാലെ സ്ഥലത്ത് നിന്ന് വന്‍ ആയുധശേഖരം പിടികൂടി. 2350 ഗ്രാം അലുമിനിയം പൗഡര്‍, 75 ഗ്രാം ഗണ്‍ പൗഡര്‍, 4 വടിവാള്‍, ഒരു മഴു എന്നിവയാണ് പിടിച്ചെടുത്തത്. ആര്‍എസ്എസ് നേതാവ് മുതിരമല ഷിബുവിന്റെ വീട്ടില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഷിബുവിന്റെ മകനും മറ്റൊരു കുട്ടിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

36. തലശേരി ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി. കാവുംഭാഗം പുതിയറോഡ് അമ്പാടി ബസ്‌സ്‌റ്റോപ്പിനടുത്തുനിന്നാണ് സ്റ്റീല്‍ ബോംബ്, ബോംബ് നിര്‍മാണത്തിനു ഉപയോഗിക്കുന്ന അഞ്ച് സ്റ്റീല്‍ കണ്ടെയ്നര്‍, വടിവാള്‍, ഇരുതല മൂര്‍ച്ചയുള്ള രണ്ട് മഴു, ആണി ഘടിപ്പിച്ച ഇരുമ്പ് ഗദ തുടങ്ങിയവയാണ് കസ്റ്റഡിയിലെടുത്തത്. നാഗ പ്രതിഷ്ഠക്കടുത്ത പറമ്പില്‍ പൊത്തുണ്ടാക്കിയാണ് ബോംബുള്‍പ്പെടെയുള്ള ആയുധം സൂക്ഷിച്ചതെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it