Kerala

വീണ്ടെടുപ്പില്‍ പൊക്കാളിപ്പെരുമ: എറണാകുളം ജില്ലയില്‍ 434.35 ഹെക്ടര്‍ സ്ഥലത്ത് കൃഷി

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഒട്ടും തന്നെ മാറ്റമുണ്ടാക്കാതെ ചെയ്യുന്ന ഈ കൃഷിയ്ക്ക് ഭൗമ സൂചിക രജിസ്‌ട്രേഷന്‍ വരെ ലഭിച്ചിട്ടുള്ളതാണ്. ജില്ലയില്‍ 4055 ഹെക്ടര്‍ പൊക്കാളി നിലങ്ങളുണ്ട്. എന്നാല്‍ വിളവെടുക്കുന്ന നിലങ്ങള്‍ വളരെ തുച്ഛമാണ്

വീണ്ടെടുപ്പില്‍ പൊക്കാളിപ്പെരുമ: എറണാകുളം ജില്ലയില്‍ 434.35 ഹെക്ടര്‍ സ്ഥലത്ത് കൃഷി
X

കൊച്ചി: പ്രതിസന്ധികള്‍ മറികടന്ന് ഇക്കുറിയും പൊക്കാളി കൃഷിയിറക്കി കര്‍ഷകര്‍. അന്യം നിന്ന് വരുന്ന പൊക്കാളി നെല്‍കൃഷിയെ കൈവിടാതെ കാത്തു സൂക്ഷിക്കുകയാണ് എറണാകുളം ജില്ല. 434.35 ഹെക്ടര്‍ സ്ഥലത്താണ് ഈ വര്‍ഷം എറണാകുളം ജില്ലയില്‍ പൊക്കാളി കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 433 ഹെക്ടര്‍ ആയിരുന്നു.വളരെ തനതായിട്ടുള്ള ആവാസവ്യവസ്ഥയോട് ചേര്‍ന്ന് തികച്ചും ജൈവ കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന നെല്ലിനമാണ് പൊക്കാളി. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഒട്ടും തന്നെ മാറ്റമുണ്ടാക്കാതെ ചെയ്യുന്ന ഈ കൃഷിയ്ക്ക് ഭൗമ സൂചിക രജിസ്‌ട്രേഷന്‍ വരെ ലഭിച്ചിട്ടുള്ളതാണ്. ജില്ലയില്‍ 4055 ഹെക്ടര്‍ പൊക്കാളി നിലങ്ങളുണ്ട്. എന്നാല്‍ വിളവെടുക്കുന്ന നിലങ്ങള്‍ വളരെ തുച്ഛമാണ്.

ആധുനിക യന്ത്രത്തിന്റെ അഭാവം, ഗുണമേന്മയുള്ള ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്ന വിത്തുകളുടെ അഭാവം, തൊഴിലാളികളുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ പൊക്കാളി കൃഷിക്ക് വെല്ലുവിളികള്‍ നിരവധിയാണ്. എങ്കിലും കര്‍ഷകരുടേയും കൃഷിഭവനുകളുടേയും കൂട്ടായ പരിശ്രമത്തില്‍ വര്‍ഷം തോറും ഈ നെല്ലിനം കൃഷി ചെയ്തു വരുന്നു. പാടത്ത് ഓരുവെള്ളം കയറുന്നതു മൂലമുണ്ടാകുന്ന ഉപ്പിനെ അതിജീവിക്കുവാനുള്ള പ്രത്യേക കഴിവും ഔഷധ സമൃദ്ധമായ ഈ നെല്ലിനത്തിനുണ്ട്.

പൊക്കാളി പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി തൂമ്പ് നിര്‍മ്മാണം, പെട്ടി പറ, ബണ്ട് നിര്‍മ്മാണം, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൊക്കാളി നില വികസന ഏജന്‍സി മുഖേന ചെയ്യുന്നുണ്ട്. പൊക്കാളി നിലങ്ങളില്‍ പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ പൊക്കാളി കൃഷിയും തുടര്‍ന്ന് ചെമ്മീന്‍ / മല്‍സ്യകൃഷിയും മാറി മാറി ചെയ്യേണ്ടത് അത്യാവശ്യമാണ്.

കൃഷിക്ക് ആവശ്യമുള്ള വിത്തുകള്‍ റൈസ് റിസര്‍ച്ച് സ്‌റ്റേഷന്‍, പൊക്കാളി നില വികസന ഏജന്‍സി, കാര്‍ഷിക സഹകരണ സംഘങ്ങള്‍, കര്‍ഷക പാടശേഖര സമിതികള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നുമാണ് സംഭരിക്കുന്നത്. കൃഷി വകുപ്പില്‍ നിന്നും കര്‍ഷകര്‍ക്ക് നെല്‍വിത്ത് സബ്‌സിഡി, കൂലിച്ചെലവ്, ഉല്‍പാദക ബോണസ് എന്നിവ നല്‍കി വരുന്നു. കൃഷി ചെയ്ത് ലഭിക്കുന്ന നെല്ല് കര്‍ഷകര്‍ കൂടുതലായും സ്വന്തം ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളത് കര്‍ഷക സഹകരണ സംഘങ്ങള്‍ക്ക് നല്‍കും. വിത്ത് ഉല്‍പാദനത്തിന് വൈറ്റിലയിലുള്ള റൈസ് റിസര്‍ച്ച് സ്‌റ്റേഷനിലും നല്‍കും.

ഓരോ പഞ്ചായത്തിലേയും കര്‍ഷക സഹകരണ സംഘങ്ങള്‍ പൊക്കാളി കൃഷിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. തനത് പൊക്കാളി നെല്‍വിത്ത് ജില്ലയില്‍ 15 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ വൈറ്റില എട്ട്, വൈറ്റില ആറ, ചെട്ടിവിരിപ്പ്, ജൈവ തുടങ്ങിയ വിത്തിനങ്ങളാണ് വിതച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ തനത് പൊക്കാളി വിത്തുകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനായി കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പത്ത് ഏക്കര്‍ പാടത്ത് പൊക്കാളി വിത്ത് നഴ്‌സറിക്ക് തുടക്കമിട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കൃഷി ഏഴിക്കര പഞ്ചായത്തിലാണ്. 120 ഹെക്ടര്‍. പറവൂര്‍, ആലുവ, കളമശേരി, വൈറ്റില, ഞാറയ്ക്കല്‍, മുളന്തുരുത്തി തുടങ്ങി ആറ് ബ്ലോക്കുകളില്‍ ഇന്ന് പൊക്കാളി കൃഷിയുണ്ട്. കോട്ടുവള്ളി (40 ഹെക്ടര്‍), ചിറ്റാറ്റുകര (2 ഹെക്ടര്‍), കരുമാലൂര്‍ (5 ഹെക്ടര്‍), വരാപ്പുഴ (80 ഹെക്ടര്‍), ചേരാനല്ലൂര്‍ (2.35 ഹെക്ടര്‍), എളങ്കുന്നപ്പുഴ (11 ഹെക്ടര്‍), കടമക്കുടി (80 ഹെക്ടര്‍), മുളവുകാട് (1 ഹെക്ടര്‍), ചെല്ലാനം (2 ഹെക്ടര്‍), കുമ്പളങ്ങി (4 ഹെക്ടര്‍), കുമ്പളം (10 ഹെക്ടര്‍), പള്ളിപ്പുറം (5 ഹെക്ടര്‍), കുഴുപ്പിള്ളി (25 ഹെക്ടര്‍), എടവനക്കാട് (16 ഹെക്ടര്‍), നായരമ്പലം (16 ഹെക്ടര്‍), ഞാറയ്ക്കല്‍ (7 ഹെക്ടര്‍), ഉദയംപേരൂര്‍ (8 ഹെക്ടര്‍) എന്നിവിടങ്ങളിലാണ് നിലവില്‍ കൃഷി ചെയ്യുന്നത്.

Next Story

RELATED STORIES

Share it