Kerala

വീട്ടില്‍ക്കയറി മോഷണം; പ്രതി പോലിസ് പിടിയില്‍

വയനാട് അമ്പലവയല്‍ വികാസ് കോളനിയില്‍, താന്നിക്കല്‍ വീട്ടില്‍ അബ്ദുല്‍ ആബിദ് (27) നെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്

വീട്ടില്‍ക്കയറി മോഷണം; പ്രതി പോലിസ് പിടിയില്‍
X

കൊച്ചി: മുവാറ്റുപുഴ സബൈന്‍ ആശുപത്രിക്ക് സമീപം ഡോക്ടറും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ കയറി മോഷണം നടത്തിയ പ്രതി പോലിസ് പിടിയില്‍. വയനാട് അമ്പലവയല്‍ വികാസ് കോളനിയില്‍, താന്നിക്കല്‍ വീട്ടില്‍ അബ്ദുല്‍ ആബിദ് (27) നെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നാലാം തീയതി പുലര്‍ച്ചെ ആയിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശിയായ ഡോക്ടറും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടില്‍ കയറി ഉറങ്ങി കിടന്ന കുട്ടികളുടെ കഴുത്തില്‍ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന രണ്ടുമാല മൊബൈല്‍ ഫോണ്‍, എന്നിവയാണ് പ്രതി മോഷ്ടിച്ചത്.

എറണാകുളം റൂറല്‍ ജില്ല പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തൊടുപുഴയില്‍ നിന്ന് പിടികൂടിയത്. വിവിധ കേസുകളില്‍ ശിക്ഷ ലഭിച്ച ശേഷം ഈ വര്‍ഷം ജനുവരിയില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി തൊടുപുഴയിലെ വസ്ത്ര വ്യാപാരസ്ഥാപനത്തില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. രാത്രിയില്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എന്ന വ്യാജേന പുറത്ത് ഇറങ്ങിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.

സ്ഥിരം മോഷ്ടാവായ പ്രതിക്കെതിരെ വയനാട്, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, അമ്പലവയല്‍, കൊണ്ടോട്ടി, കല്‍പ്പറ്റ, എറണാകുളം സെന്‍ട്രല്‍, എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്.ബംഗളുരു എയര്‍പോര്‍ട്ടില്‍ കാര്‍ഗോ സ്റ്റാഫ് ആയി ജോലി ചെയ്യുകയാണെന്ന് പ്രതി തന്റെ നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. തൊടുപുഴ ടൗണില്‍ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

കാമുകിമാര്‍ക്ക് ഗിഫ്റ്റ് വാങ്ങി നല്‍കുന്നതിലും ആഡംബരജീവിതം നയിക്കുന്നതിനും വേണ്ടിയാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. സ്വന്തം നാട്ടില്‍ പോയി വരുന്ന വഴിയില്‍ ട്രെയിനില്‍ മോഷണം നടത്തുന്നത് ഇയാളുടെ രീതി ആണ്. പ്രതിയുടെ താമസസ്ഥലത്തു നിന്ന് 15 ആഡംബര മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, പേഴ്‌സ്, ടാബ്ലറ്റ് എന്നിവയും പോലിസ് കണ്ടെടുത്തു.

പ്രതി സ്ഥിരമായി മോഷണമുതലുകള്‍ നല്‍കുന്ന മൊബൈല്‍ ഷോപ്പുകള്‍ക്കെതിരെയും പോലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, പോലിസ് ഇന്‍സ്‌പെക്ടര്‍ സി ജെ മാര്‍ട്ടിന്‍, എസ് ഐ വികെ ശശികുമാര്‍, എ എസ് ഐ രാജേഷ് സിഎം, ജയകുമാര്‍ പി സി, സി പി ഓ ബിബില്‍ മോഹന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it