Kerala

മോഷണ കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍

ചോറ്റാനിക്കര തലക്കോട് സ്‌കൂളിന് സമീപം വാടകയ്ക്കു താമസിക്കുന്ന കോട്ടയം മണര്‍കാട് സ്വദേശിനി സുനിത സുനില്‍ (38) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്

മോഷണ കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍
X

കൊച്ചി: വീട്ടുജോലിക്കായി നിന്ന വീട്ടില്‍ നിന്നും രണ്ടാമത്തെ ദിവസം തന്നെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ യുവതി പോലിസ് പിടിയില്‍.ചോറ്റാനിക്കര തലക്കോട് സ്‌കൂളിന് സമീപം വാടകയ്ക്കു താമസിക്കുന്ന കോട്ടയം മണര്‍കാട് സ്വദേശിനി സുനിത സുനില്‍ (38) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിലെ ഏജന്‍സി വഴി യാണ് വീട്ടുടമ ഒരു വീട്ടു ജോലിക്കാരിയെ നിയമിച്ചത്. ജോലിക്കായി വന്ന രണ്ടാമത്തെ ദിവസം ഉച്ചയോടെ തന്നെ വീട്ടില്‍ നിന്നും പോയ വേലക്കാരി പിന്നീട് ജോലിക്കായ് വന്നില്ല. വീട്ടുടമ ചോദിച്ചപ്പോള്‍ മക്കള്‍ക്ക് സുഖമില്ല എന്ന മറുപടി പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഒരു വിവാഹത്തിന് പോകാനായി അലമാര നോക്കിയപ്പോള്‍ ആണ് ആഭരണങ്ങളും 10000/ രൂപയും നഷ്ട്ടപെട്ട കാര്യം അറിഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് സുനിതയോട് അന്വഷിച്ചതില്‍ ഒന്നും അറിയില്ല എന്നായിരുന്നു മറുപടി.പിന്നീട് വീട്ടുകാര്‍ നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

പരാതിയില്‍ പറയുന്ന സമയത്ത് താന്‍ ഏറ്റുമാനൂരില്‍ ഒരു കോണ്‍വെന്റില്‍ താമസിക്കുന്ന മക്കളുടെ കൂടെ ആയിരുന്നു എന്നായിരുന്നു സുനിതയുടെ മറുപടി പറഞ്ഞു. പിന്നീട് പോലിസ് നടത്തിയ അന്വഷണത്തില്‍ ഇവര്‍ കോണ്‍വെന്റില്‍ ചെന്നിട്ടില്ലെന്നും മോഷണം നടത്തിയ ആഭരണങ്ങള്‍ എവിടെയോ പണയം വെച്ചു എന്നും സൂചന പോലീസിന് കിട്ടി.വാടക വീടുകളില്‍ മാറിമാറി താമസിക്കുന്ന ഇവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായി. ഒടുവില്‍ തലക്കോട് ഭാഗത്തു ഒരു വീട്ടില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് ഇവര്‍ വലയിലായത്. മണര്‍ക്കാട് ഉള്ള സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണയം വെച്ചിരുന്ന ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.നോര്‍ത്ത് എസ്ച്ച്ഒ സിബി ടോം, എസ് ഐ വി ബി അനസ്, എഎസ് ഐ വിനോദ് കൃഷ്ണ, ഡബ്ല്യുസിപിഒ ശ്യാമ, സിപിഒ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ഇന്‍ഫോപാര്‍ക് പോലീസ് സ്റ്റേഷനിലും സമാനമായ പരാതി ഉണ്ട്.

Next Story

RELATED STORIES

Share it