Kerala

നേഴ്‌സിംഗ് ഓഫിസര്‍ പറഞ്ഞത് സത്യവിരുദ്ധമെന്ന്; ഹാരിസ് എന്‍ ഐ വി വെന്റിലേറ്ററില്‍ ശ്വസന സഹായിയില്‍ ആയിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍

ഹാരിസ് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ ആയിരുന്നില്ല പകരം എന്‍ ഐ വി വെന്റിലേറ്ററില്‍ ശ്വസന സഹായിയില്‍ ആയിരുന്നു.ഈ ശ്വസന സഹായിയുടെ ഓക്‌സിജന്‍ ട്യൂബുകള്‍ ഊരിപ്പോകുന്നതല്ല.

നേഴ്‌സിംഗ് ഓഫിസര്‍ പറഞ്ഞത് സത്യവിരുദ്ധമെന്ന്; ഹാരിസ് എന്‍ ഐ വി വെന്റിലേറ്ററില്‍ ശ്വസന സഹായിയില്‍ ആയിരുന്നുവെന്ന് കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍
X

കൊച്ചി: കൊവിഡ് ബാധിതനായി ചികില്‍സയിലിക്കെ മട്ടാഞ്ചേരി സ്വദേശി ഹാരിസ് മരിച്ചതുമായി ബന്ധപ്പെട്ട വിശദീകരണവുമായി കളമശേരി മെഡിക്കല്‍ കോളജ് അധികൃതര്‍.കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെ ഹാരിസ് എന്ന രോഗി മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബിംഗ് മാറികിടന്നതിനാലാണ് എന്ന് കളമശേരി മെഡിക്കല്‍ കോളജിലെ ഓഫിസര്‍ ജലജാദേവി വാട്‌സ് അപ്പ് വഴി അയച്ച സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് സത്യവിരുദ്ധമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ പി വാഴയില്‍ ,പ്രിന്‍സിപ്പാള്‍ ഡോ.വി സതീഷ് എന്നിവര്‍ സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഈ നേഴ്‌സിംഗ് ഓഫിസര്‍ കഴിഞ്ഞ ഒരു മാസമായി ലീവിലാണെന്നും കൊവിഡ് ചികില്‍സ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും ഇവര്‍ പറഞ്ഞു.രോഗിയുമായി ബന്ധപ്പെട്ട് ഇവര്‍ വഴി പ്രചരിപ്പിച്ചിരിക്കുന്ന സന്ദേശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണ്.വിഷയവുമായി ബന്ധപ്പെട്ട് അവര്‍ രേഖാമൂലം നല്‍കിയ വിശദീകരണത്തില്‍ പറയുന്നത് കീഴ് ജീവനക്കാരെ ജാഗരൂഗരാക്കാന്‍ വേണ്ടി അവരുടെ തന്നെ സൃഷ്ടിയാണെന്നും അല്ലാതെ ഇവിടെ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നും ആണ്.

കൊവിഡ് ബാധിച്ച് മരിച്ച ഹാരിസ്് ജുണ്‍ 26 മുതല്‍ ജൂലൈ 20 വരെ കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ആയിരുന്നു.മരിക്കുന്ന സമയത്തും അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയിരുന്നു.അദ്ദേഹത്തിന് കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും കൂടാതെ ഭാരക്കൂടുതല്‍ മൂലം ഉറങ്ങുമ്പോള്‍ ശരിയായ രീതിയില്‍ ശ്വാസോച്ഛാസം ചെയ്യാന്‍ സാധിക്കാതെ വരുന്ന ഒഎസ്എ എന്ന അസുഖവും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ഏറ്റവും മൂര്‍ച്ഛിച്ചഅവസ്ഥയായ കൊവിഡ് ന്യൂമോണിയ,എആര്‍ഡിഎസ് എന്ന അതിഗുരുതരമായ രോഗാവസ്ഥയുമുണ്ടായിരുന്നു.ഹാരിസ് മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ ആയിരുന്നില്ല പകരം എന്‍ ഐ വി വെന്റിലേറ്ററില്‍ ശ്വസന സഹായിയില്‍ ആയിരുന്നു.ഈ ശ്വസന സഹായിയുടെ ഓക്‌സിജന്‍ ട്യൂബുകള്‍ ഊരിപ്പോകുന്നതല്ലെന്നും ഇവര്‍ പറഞ്ഞു.

100 ശതമാനം ഒക്‌സിജന്‍ സപ്പോര്‍ട്ടില്‍ ഒരു കാരണവശാലും വാര്‍ഡിലേക്ക് മാറ്റുവാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള അദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റുവാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നതായി ഈ ശബ്ദ സന്ദേശത്തില്‍ തെറ്റായിട്ടാണ് പ്രതിപാദിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.ഇത് അശാസ്ത്രീയവും സത്യവിരുദ്ധവും നിരുത്തരവാദപരവുമായ പ്രസ്താവനയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.അതീവ ഗുരുതര കൊവിഡ് ലക്ഷണങ്ങളുമായി 24 ദിവസം അതിതീവ്രപരിചരണം നല്‍കുകയും സാധ്യമായ എല്ലാ ആധുനിക ചികില്‍സാ രീതികളും മരുന്നുകളും കൊടുക്കുകയും ചെയ്തു.

കഴിഞ്ഞ 10 മാസമായി വിദേശികളടക്കം 3,500ല്‍പരം അധികം കൊവിഡ് രോഗികളെ ചികില്‍സിച്ചു ഭേദമാക്കിയ എറണാകുളം ജില്ലയിലെ സാധാരണക്കാരുടെ ആശ്രയമായ കളമശേരി മെഡിക്കല്‍ കോളജിനെക്കുറിച്ച് നേഴ്‌സിംഗ് ഓഫിസറുടെ നിരുത്തരവാദപരമായ പ്രസ്താവനയെ മുന്‍നിര്‍ത്തി ഒരു സംഘം ആക്രമിക്കുകയാണ്.ശബ്ദ സന്ദേശത്തിന്റെ സൃഷ്ടി സംബന്ധിച്ചും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ ആരെന്നും അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ബന്ധപ്പെട്ട മേലധികാരികളോട് ആവശ്യപ്പെട്ടതായും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it