Kerala

എറണാകുളത്ത് കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുന്നു; വീക്ഷണം മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കോണ്‍ഗ്രസ് വിട്ടു

കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മുന്‍ അംഗവും ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹകസമിതി അംഗവുമാണ് ടി വി രാജു. 2016-17 കാലയളവില്‍ വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജുമായിരുന്നു.

എറണാകുളത്ത് കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുന്നു; വീക്ഷണം മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കോണ്‍ഗ്രസ് വിട്ടു
X

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളത്ത് കോണ്‍ഗ്രസില്‍ നേതാക്കളുടെ രാജി തുടരുന്നു.കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ടിവി പുരം രാജു കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി മുന്‍ അംഗവും ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹകസമിതി അംഗവുമാണ് ടി വി രാജു. 2016-17 കാലയളവില്‍ വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജുമായിരുന്നു.ഗ്രൂപ്പുപോരും തമ്മിലടിയും കൊണ്ട് അധികാരത്തില്‍ തിരികെയെത്താനുള്ള സാധ്യത നേതൃത്വം ഇല്ലാതാക്കിയെന്നും പരാജയം ഉറപ്പാക്കി പാര്‍ടിയെ നശിപ്പിച്ചെന്നും അതിലുള്ള പ്രതിഷേധമാണ് രാജിയെന്നും രാജു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും അയച്ച രാജിക്കത്തില്‍ പറഞ്ഞു.

ഇനി കോണ്‍ഗ്രസ് ഭരിക്കട്ടെയെന്ന് ജനം തീരുമാനമെടുത്ത അവസരമുണ്ടായിരുന്നു. എന്നാല്‍ ആ സാധ്യത സ്ഥാനാര്‍ഥി നിര്‍ണ്ണയ ഗ്രൂപ്പ് പോരില്‍ ഇല്ലാതാക്കിയെന്ന് രാജു രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ശക്തരായ സ്ഥാനാര്‍ഥികളല്ല.ശക്തമായ പാര്‍ട്ടി എന്നതായിരുന്നു കഴിഞ്ഞ കാല പാര്‍ട്ടി നയം. എന്നാല്‍ ഇപ്പോള്‍ ശക്തരായ നേതാക്കളെ തിരയുന്നത് പാര്‍ട്ടി ശക്തമല്ലാതായതുകൊണ്ടാണോയെന്നും ടി വി രാജു രാജിക്കത്തില്‍ ചോദിക്കുന്നു.മണ്ഡലം കമ്മിറ്റികളിലും ജില്ലാ കമ്മിറ്റികളിലും ചര്‍ച്ച ചെയ്തത് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തിയിരുന്ന പാര്‍ടിയുടെ പാരമ്പര്യ രീതി ഇല്ലാതാക്കി ഗ്രൂപ്പു പങ്കുവെയ്ക്കല്‍ നടത്തിയതല്ലേ പാര്‍ട്ടിയെ തകര്‍ത്തതെന്നും രാജു രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കുറേക്കാലമായി ഹൈക്കമാന്റ് എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണ്.എന്നിട്ടും ഇവിടുത്തെ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് കേരളത്തിലെ കോണ്‍ഗ്രസിനെപ്പറ്റി ഒരു ധാരണയുമില്ലാത്ത നാല് എ ഐ സി സി നേതാക്കളെ കെട്ടിയിറക്കിയത് ഇവിടുത്തെ നേതാക്കളെ ആക്ഷേപിക്കലായിരുന്നില്ലേയെന്നും രാജു രാജിക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.നമ്മള്‍ നന്നാവാതെ നാടു നന്നാവാന്‍ യുഡിഎഫ് എന്ന മുദ്രാവാക്യം വിളിച്ചാല്‍ നാട്ടുകാര്‍ പുച്ഛിക്കുമെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബിജു ജേക്കബ് ആബേല്‍,അഡ്വ. ഷെരീഫ് മരയ്ക്കാര്‍ എന്നിവരും കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ചിരുന്നു.ഇതില്‍ ബിജു ജേക്കബ് ആബേല്‍ പി സി ചാക്കോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് രാജി വെച്ചത്.കളമശേരി മണ്ഡലത്തില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ഐഎന്‍ടിയുസി മുന്‍ സംസ്ഥാന പ്രസിഡന്റ് വി പി മരയ്ക്കാരുടെ മകനും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഷെരീഫ് മരയ്ക്കാര്‍ കഴിഞ്ഞദിവസം പാര്‍ടി വിട്ടത്.

Next Story

RELATED STORIES

Share it