Kerala

കടലാക്രമണം: ചെല്ലാനത്ത് ശുചീകരണം നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; മെഡിക്കല്‍ ഡ്രൈവ് നടത്തും

ശുദ്ധമായ കുടിവെള്ളവും ഭക്ഷണ കിറ്റുകളും ജനങ്ങള്‍ക്ക് കൈമാറും. പ്രദേശത്തെ ഉടന്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഡ്രൈവ് നടത്തുമെന്ന് കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ചെല്ലാനത്തെ ഓരോ വീടുകളും സന്ദര്‍ശിക്കും. കൊവിഡിനെ കൂടാതെ മറ്റ് പകര്‍ച്ചാവ്യാധികളെയും തടയുന്നതിനുള്ള നടപടികളായിരിക്കും സ്വീകരിക്കുക

കടലാക്രമണം: ചെല്ലാനത്ത് ശുചീകരണം നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; മെഡിക്കല്‍ ഡ്രൈവ് നടത്തും
X

കൊച്ചി: കടല്‍ക്ഷോഭം നാശം വിതച്ച ചെല്ലാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം. പരിസര ശുചീകരണത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയൊരുക്കുന്ന സമഗ്ര പരിപാടികള്‍ ചെല്ലാനത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ശുദ്ധമായ കുടിവെള്ളവും ഭക്ഷണ കിറ്റുകളും ജനങ്ങള്‍ക്ക് കൈമാറും. പ്രദേശത്തെ ഉടന്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഡ്രൈവ് നടത്തുമെന്ന് കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ ചെല്ലാനത്തെ ഓരോ വീടുകളും സന്ദര്‍ശിക്കും. കൊവിഡിനെ കൂടാതെ മറ്റ് പകര്‍ച്ചാവ്യാധികളെയും തടയുന്നതിനുള്ള നടപടികളായിരിക്കും സ്വീകരിക്കുക. എലിപ്പനി പോലുള്ള രോഗങ്ങള്‍ പടരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എടുക്കും. എന്തെങ്കിലും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കും. 15,000 ത്തോളം വീടുകളാണ് ചെല്ലാനം ഗ്രാമ പഞ്ചായത്തിലുള്ളത്. ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഡ്രൈവ് പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കലക്ടര്‍ പറഞ്ഞു.

12 ജെസിബികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു ഇടങ്ങള്‍ കൂടാതെ വീടുകളും വൃത്തിയാക്കും. കൊച്ചി കോര്‍പറേഷന്റെ സഹായവും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. ഒരു ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കോര്‍പറേഷന്‍ നല്‍കും. ശുചിമുറി വൃത്തിയാക്കുന്നതിനായി കോര്‍പറേഷന്റെ വാഹനങ്ങള്‍ ഉപയോഗിക്കും. സിവില്‍ ഡിഫന്‍സ് വളന്റിയേഴ്‌സ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.ജനങ്ങള്‍ക്ക് കുടിവെള്ളം വാട്ടര്‍ ടാങ്കറുകളില്‍ എത്തിക്കും. കോര്‍പറേഷന്‍ രണ്ട് ടാങ്കറുകള്‍ ഇതിനായി നല്‍കും. മത്സ്യതൊഴിലാളികള്‍ക്ക് 5000 ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it