Kerala

മോഫിയ പര്‍വീന്റെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് കുറ്റപത്രം അപൂര്‍ണം,സിഐ സുധീറിനെ പ്രതി ചേര്‍ക്കണം :എസ്ഡിപിഐ

മോഫിയക്ക് നീതി ലഭിക്കാന്‍ സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദ ബന്ധം ചാര്‍ത്തി റിമാന്റ് റിപ്പോര്‍ട് നല്‍കാന്‍ മടിക്കാത്ത പോലിസ്, ഒരു പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പോലിസ് ഉദ്യോഗസ്ഥന്റെ പേര് എഴുതി വെച്ചിട്ടു പോലും തെളിവ് പര്യാപ്തമല്ല എന്ന കരണം നിരത്തുകയാണ്

മോഫിയ പര്‍വീന്റെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് കുറ്റപത്രം അപൂര്‍ണം,സിഐ സുധീറിനെ പ്രതി ചേര്‍ക്കണം :എസ്ഡിപിഐ
X

ആലുവ : നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മോഫിയയുടെ ആത്മഹത്യ കുറിപ്പില്‍ അടക്കം പറഞ്ഞിരിക്കുന്ന അന്നത്തെ ആലുവ സി ഐ ആയിരുന്ന സുധീറിനെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് നിമ്മി നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മോഫിയ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതിവെച്ചിരിക്കുന്ന ആത്മഹത്യകുറിപ്പില്‍ സി ഐ,ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിയുമായി ചെന്ന മോഫിയയെയും പിതാവിനെയും പോലിസ് അപമാനിക്കുകയും ഭയപ്പെടുത്തുകയും ചെയ്തതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും നിമ്മി നൗഷാദ് പറഞ്ഞു.

മോഫിയക്ക് നീതി ലഭിക്കാന്‍ സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദ ബന്ധം ചാര്‍ത്തി റിമാന്റ് റിപ്പോര്‍ട് നല്‍കാന്‍ മടിക്കാത്ത പോലിസ്, ഒരു പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പോലിസ് ഉദ്യോഗസ്ഥന്റെ പേര് എഴുതി വെച്ചിട്ടു പോലും തെളിവ് പര്യാപ്തമല്ല എന്ന കരണം നിരത്തുകയാണ്.കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കാന്‍ തയ്യാറാവാത്തത് സിഐ സുധീറിനെ രക്ഷിക്കാന്‍ വേണ്ടി പോലിസും ക്രൈം ബ്രാഞ്ചും നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നും നിമ്മി നൗഷാദ് ആരോപിച്ചു.

മോഫിയക്ക് നീതി ലഭിക്കണമെങ്കില്‍ സിഐ സുധീറിനെ കൂടി പ്രതി ചേര്‍ക്കണമെന്നും അല്ലാത്ത പക്ഷം എസ്ഡിപിഐ നിയമ പോരാട്ടത്തിനും ജനകീയ പ്രക്ഷോഭത്തിനും നേതൃത്വം നല്‍കുമെന്നും നിമ്മി നൗഷാദ് വ്യക്തമാക്കി.എസ്ഡിപി ഐ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍,ജില്ലാ കമ്മിറ്റിയംഗം നിഷ ടീച്ചര്‍, ആലുവ മണ്ഡലം പ്രസിഡന്റ് എന്‍ കെ നൗഷാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it