Kerala

മൊബൈല്‍ കട കുത്തി തുറന്നു മോഷണം; അസം സ്വദേശി പിടിയില്‍

അസം,ദുഗ്ഗാവ് വില്ലേജ്, റഷീദുല്‍ ഇസ് ലാമിനൈയാണ് ആലുവ എസ്എച്ച്ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള മൊബൈല്‍ ഷോപ്പ്,ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള മൊബൈല്‍ ഷോപ്പ്,പമ്പ് കവലക്ക് സമീപമുള്ള പലചരക്ക് കട എന്നിവടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്

മൊബൈല്‍ കട കുത്തി തുറന്നു മോഷണം; അസം സ്വദേശി പിടിയില്‍
X

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ അസം സ്വദേശിയായ യുവാവ് പോലിസ് പിടിയില്‍. അസം,ദുഗ്ഗാവ് വില്ലേജ്, റഷീദുല്‍ ഇസ് ലാമിനൈയാണ് ആലുവ എസ്എച്ച്ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം ആലുവ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സൈജു കെ പോളിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നതിനിടയില്‍ ആലുവ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്തായി രാത്രി 11.30 മണിയോടെ ഇരുട്ടില്‍ പതിയിരുന്ന റഷീദുല്‍ ഇസ് ലാമിനെ പോലിസ് സംഘം കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാളുടെ പക്കല്‍ പോര്‍ട്ടബിള്‍ ഓഡിയോ സ്പീക്കര്‍ കണ്ടെത്തി.ഇത് സംബന്ധിച്ച ചോദ്യത്തിന് ഇയാള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ കഴിയാതെ വന്നതോടെ സം്ശയം തോന്നിയ പോലിസ് ഇയാളെ പോലിസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഇത് മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള മൊബൈല്‍ ഷോപ്പിന്റെ മേല്‍ക്കൂര കത്രിക ഉപയോഗിച്ച് മുറിച്ച് അകത്ത് കയറിയാണ് മോഷണം നടത്തിയത്.

ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് കാണുന്ന മറ്റൊരു മൊബൈല്‍ ഷോപ്പിലും കയറി ഹെഡ്‌സെറ്റ്, മെമ്മറി കാര്‍ഡ്, ബ്ലൂടൂത്ത്, മൊബൈല്‍ ഫോണുകള്‍ എന്നിവയും, പമ്പ് കവലക്ക് സമീപമുള്ള പലചരക്ക് കടയുടെ താഴ് ഇരുമ്പുകമ്പി ഉപയോഗിച്ച് കുത്തി പൊളിച്ച് അകത്തുകയറി പണവും ഇയാള്‍ മോഷ്ടിച്ചതായും പോലിസ് പറഞ്ഞു.ആലുവി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഒളിച്ച് താമസിച്ചശേഷം രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങി മോഷണം നടത്തുകയാണ് ഇയാളുടെ പതിവെന്നും പോലിസ് പറഞ്ഞു.റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഒളിപ്പിച്ച് വെച്ച മോഷണമുതലുകളും പോലിസ് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പി കെ മോഹിത്, ആര്‍ വിനോദ്, എ എസ് ഐ രാജന്‍, സോജി, സീനിയര്‍ സിപിഒ നവാബ്, സജീവ് കുമാര്‍, സിപിഒ നൗഫല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it