Kerala

നിയമവിദ്യാര്‍ഥിനിയുടെ ആത്മഹത്യ: സി ഐയെ സ്ഥലം മാറ്റി

ആലുവ ഈസ്റ്റ് സി ഐ സുധീറിനെ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്

കൊച്ചി: ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായ മൊഫിയ പര്‍വീന്‍(21) ആത്മ ഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിടുന്ന ആലുവ ഈസ്റ്റ് സി ഐ ക്കെതിരെ നടപടി. സി ഐ സുധീറിനെ സ്ഥലം മാറ്റി.പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.കേസിന്റെ അന്വേഷണം ആലുവ ഡിവൈഎസ്പിക്ക് കൈമാറിയതായി നേരത്തെ റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞിരുന്നു.

മൊഫിയയുടെ പരാതിയില്‍ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുന്നതില്‍ സി ഐയുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതടക്കം ഡിവൈഎസ്പി അന്വേഷിക്കുമെന്നും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി ഐ ക്കെതിരെ നടപടിയുണ്ടാകുമെന്നും എസ് പി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സി ഐ സുധീറിനെ സ്ഥലം മാറ്റിയിരിക്കുന്നത്.സി ഐ ക്കെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി ആലുവ പോലിസ് സ്‌റ്റേഷനു മുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവരികയാണ്. കോണ്‍ഗ്രസ്,എസ്ഡിപി ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പോലിസ് സ്റ്റേഷനു മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്,ബെന്നി ബഹനാന്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പോലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരവും നടത്തിയിരുന്നു.

Next Story

RELATED STORIES

Share it