India

'മന്ത്രിമാര്‍ക്കും നൂറിലേറെ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കും വന്‍ ലഹരി റാക്കറ്റുമായി ബന്ധം': കോണ്‍ഗ്രസ് എംഎല്‍എ ജിഗ്‌നേഷ് മേവാനി

മന്ത്രിമാര്‍ക്കും നൂറിലേറെ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കും വന്‍ ലഹരി റാക്കറ്റുമായി  ബന്ധം: കോണ്‍ഗ്രസ്  എംഎല്‍എ ജിഗ്‌നേഷ് മേവാനി
X

അഹ്‌മദാബാദ്: ഗുജറാത്തില്‍ സംസ്ഥാന മന്ത്രിമാരും നൂറിലധികം വരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി വലിയൊരു ലഹരി റാക്കറ്റ് നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും വാദ്ഗാം എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. 'ദി ടെലിഗ്രാഫ്' ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മേവാനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. സംസ്ഥാനത്ത് ഒഴുകുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിസ്ഥാന സ്രോതസ്സായ ഉന്നതര്‍ക്കെതിരെയാണ് മേവാനി ആക്രമണം അഴിച്ചുവിട്ടത്.

ഭരണസംവിധാനവുമായി സഹകരിച്ച് മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മദ്യം കൊണ്ടുവന്ന് വന്‍തോതില്‍ പണം സമ്പാദിക്കുന്ന ഈ ഐ.പി.എസ് ഉദ്യോഗസ്ഥര്‍, നിയമവാഴ്ചയെയും ഭരണഘടനയെയും നഗ്‌നമായി അവഗണിക്കുന്നു. മിക്ക ജില്ലാ പോലിസ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി എസ്.പിമാരും പോലിസ് ഇന്‍സ്‌പെക്ടര്‍മാരും പണം സമ്പാദിക്കുന്നു. അതേപണം അവരുടെ ഹവാല റാക്കറ്റിന്റെ ഭാഗമായി മാറുകയും റിയല്‍ എസ്റ്റേറ്റിലും ബിസിനസുകളിലും നിക്ഷേപിക്കുകയും ചെയ്യുന്നു. പോലിസുകാര്‍ പച്ചക്ക് നിയമലംഘകരായി മാറുന്നുവെന്നും മേവാനി തുറന്നടിച്ചു. ആഭ്യന്തര വകുപ്പ് വഹിക്കുന്ന ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരാഴ്ച മുമ്പ് വടക്കന്‍ ഗുജറാത്തില്‍ നടന്ന സംസ്ഥാന കോണ്‍ഗ്രസിന്റെ 'ജന്‍ ആക്രോശ് യാത്ര'ക്കിടെ, ലഹരി വ്യാപനത്തിനെതിരെ ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ നടപടിയൊന്നും എടുക്കാതെ നിഷ്‌ക്രിയത്വം കാണിച്ചതിന് 44 കാരനായ ദലിത് നേതാവ് സൂപ്രണ്ടിന്റെ ഓഫിസിലെ പോലിസുകാരെ പരസ്യമായി ശാസിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ഈ ഏറ്റുമുട്ടല്‍ മേവാനിയും ആഭ്യന്തര വകുപ്പ് വഹിക്കുന്ന ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവിയും പോലിസ് ഡയറക്ടര്‍ ജനറലും തമ്മില്‍ കടുത്ത വാക്‌പോരിന് കാരണമായിരുന്നു.




Next Story

RELATED STORIES

Share it