Kerala

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു

ദുരിതബാധിതരുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ഞൂറോളം പേരെ അന്തിമലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ളവരെ വീണ്ടും പരിശോധിച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. രേഖാമൂലം ഉറപ്പുലഭിച്ചതായും വളരെയധികം സന്തോഷമുണ്ടെന്ന് സമരക്കാര്‍ അറിയിച്ചു.

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു
X

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ചതോടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ചു. ദുരിതബാധിതരുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ഞൂറോളം പേരെ അന്തിമലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ളവരെ വീണ്ടും പരിശോധിച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. രേഖാമൂലം ഉറപ്പുലഭിച്ചതായും വളരെയധികം സന്തോഷമുണ്ടെന്ന് സമരക്കാര്‍ അറിയിച്ചു. സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും സമരസമിതി നന്ദി അറിയിച്ചു.

ഉച്ചയ്ക്ക് സമരസമിതിയുമായി ചര്‍ച്ച ആരംഭിച്ചെങ്കിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനും ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സന്തോഷുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം കാസര്‍കോഡ് നിന്നും കൂടുതര്‍പേരെത്തി സമരത്തില്‍ പങ്കാളിയാവുമെന്നും നിലപാട് എടുത്തതോടെ ചര്‍ച്ച വഴിമുട്ടി. തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച ചര്‍ച്ചയിലേക്ക് മൂന്നു മണിയോടെയാണ് മുഖ്യമന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രിയെത്തി ഏതാനും മിനിറ്റുകള്‍ക്കകം ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

ചര്‍ച്ചയിലെ ധാരണപ്രകാരം വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും. നേരത്തെ അര്‍ഹരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാംപ് നടത്തിയപ്പോള്‍ ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി പ്രത്യേക ക്യാംപ് നടത്താമെന്നും സമരക്കാരെ അറിയിച്ചിട്ടുണ്ട്. ദുരന്തബാധിത കുടുംബത്തിലെ രണ്ടു കുട്ടികളില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് സമരക്കാരുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കേസുകള്‍ പ്രത്യേകം പരിഗണിക്കും. മൂന്നു ലക്ഷം രൂപ വരെ കടബാധ്യതയുള്ളവരുടെ കടം എഴുതിത്തള്ളുന്നതിനായി 4.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

നേരത്തെ 50,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 2.67 കോടി രൂപ അനുവദിച്ചിരുന്നു. പൂര്‍ണമായി കിടപ്പിലായവര്‍, മരണമടഞ്ഞവര്‍, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപയും സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആറ് ബഡ്‌സ് സ്‌കൂളുകള്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്യും. മൂന്നു ബഡ്‌സ് സ്‌കൂളുകളകള്‍ ഉടന്‍ തുറക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.

2017ല്‍ നടന്ന ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമപട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ സര്‍ക്കാര്‍ പരിഗണിക്കുന്നുള്ളൂവെന്നും പരിസരപ്രദേശങ്ങളിലുള്ളവരുടെ ദുരിതം കൂടി കണക്കിലെടുത്ത് എല്ലാവരേയും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരസമിതി ആവശ്യപ്പെട്ടത്. പരിശോധന നടന്ന സമയത്ത് 17 വയസുണ്ടായിരുന്ന എല്ലാവരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായെന്ന് എം വി ജയരാജന്‍ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്തി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്തിയതായും ജയരാജന്‍ വ്യക്തമാക്കി.

അര്‍ഹരായവരെ ഉപഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഒഴികെയുള്ള സമരക്കാരുടെ മറ്റ് ആവശ്യങ്ങളില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരനും കെ കെ ശൈലജയും കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാട് കൈക്കൊണ്ടിരുന്നു. എന്നാല്‍, സാധ്യകപട്ടികയിലുള്ള മുഴുവന്‍ ഇരകളേയും അന്തിമലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടില്‍ സമരം തുടരുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളായ ഒമ്പതുകൂട്ടികളും മാതാപിതാക്കളും 30 വീട്ടമ്മമാരും സമരത്തില്‍ പങ്കെടുത്തിരുന്നു. സാമൂഹികപ്രവര്‍ത്തക ദയാബായി സമരപ്പന്തലില്‍ പട്ടിണി സമരത്തിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.

Next Story

RELATED STORIES

Share it