Top

പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം: എസ്ഡിപിഐ

ജനസുരക്ഷയേക്കാള്‍ വൈദ്യുതി ഉത്പാദനവും മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കാനുള്ള സാധ്യതയും കുറയാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ തെറ്റായ തീരുമാനത്തിന്റെ പരിണിതഫലമായിരുന്നു പ്രളയത്തിലേക്ക് എത്തിച്ചത്.

പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം: എസ്ഡിപിഐ

കൊച്ചി: 2018 ലെ പ്രളയം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 2018 ലെ പ്രളയദുരന്തം സര്‍ക്കാര്‍ അനാസ്ഥകൊണ്ടുണ്ടായതാണെന്ന തിരിച്ചറിവില്‍നിന്ന് വേണം ഈ മണ്‍സൂണ്‍ കാലത്തെ ജാഗ്രതയും മുന്‍കരുതലുമെടുക്കാന്‍. ജനസുരക്ഷയേക്കാള്‍ വൈദ്യുതി ഉത്പാദനവും മറ്റു സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കാനുള്ള സാധ്യതയും കുറയാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ തെറ്റായ തീരുമാനത്തിന്റെ പരിണിതഫലമായിരുന്നു പ്രളയത്തിലേക്ക് എത്തിച്ചത്. അത് ഈ വര്‍ഷം ആവര്‍ത്തിക്കപെടാന്‍ പാടില്ലെന്ന് എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.

ഉണ്ടായേക്കാവുന്ന വലിയ അപകടം മുന്നില്‍കണ്ട് ലോകരാജ്യങ്ങള്‍ പോലും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് സോളാര്‍ പോലുള്ള പ്രകൃതി സൗഹൃദ വൈദ്യുതി ഉല്‍പ്പാദന പദ്ധതികളിലേക്ക് തിരിയുമ്പോള്‍, ഡെമോക്ലസിന്റെ വാളുപോലെ 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന് ഭീഷണിയായി ഈ ഡാമുകളും ജലസേചന പദ്ധതിയും നിലനിര്‍ത്തണമോ എന്ന പുനര്‍വിചിന്തനവും ഉന്നതതലത്തില്‍ അനിവാര്യമാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നതനുസരിച്ചു ക്രമപ്രകാരം ഷട്ടര്‍ തുറന്നുവിടുന്നതില്‍ വീഴ്ച വന്നുകൂടായെന്ന് എസ്ഡിപിഐ വ്യക്തമാക്കി.

നീരൊഴുക്ക് സുഖമമാവുന്നതിന് ഡാമുകളില്‍നിന്നും പുഴകളില്‍നിന്നും മണലും ചെളിയും നീക്കം ചെയ്യാനുള്ള നടപടികള്‍ ഈ വര്‍ഷവുമുണ്ടാവാത്തത് ആശങ്കാജനകമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കാനും ആഴംകൂട്ടാനുമുള്ള പ്രവര്‍ത്തനകള്‍ ഊര്‍ജിതമാക്കണം. പ്രളയ സാധ്യതാ പ്രദേശത്തുവേണ്ട അനിവാര്യസംവിധാനങ്ങള്‍ ഒരുക്കണം. ജനങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവന്നാല്‍ വേണ്ടിവരുന്ന ഒരുക്കങ്ങള്‍ നടത്തണം. ഇതെല്ലാമടങ്ങിയ ഓറഞ്ച് ബുക്ക് ഉടന്‍ പുറത്തിറക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിക്കൊപ്പം മറ്റൊരു ദുരന്തമുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ കടുത്ത ജാഗ്രതകാണിക്കണം. മുന്‍വര്‍ഷങ്ങളിലെപ്പോലെ പ്രളയത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ എസ്ഡിപിഐ എറണാകുളം ജില്ലയിലെടുത്തുവരികയാണ്. ആവശ്യമായ പ്രവര്‍ത്തനത്തിന് ഏത് പ്രതിസന്ധി ഘട്ടത്തിലും ജില്ലയിലെ മുഴുവന്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെയും സേവനം വിട്ടുനല്‍കുമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ഉറപ്പുനല്‍കി. ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ സംബന്ധിച്ചു.

Next Story

RELATED STORIES

Share it