എല്‍നിനോ വീണ്ടും ശക്തി പ്രാപിക്കുന്നു; വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ മത്തി കുറഞ്ഞേക്കുമെന്ന് സിഎംഎംഫ്ആര്‍ഐ

മുന്‍ വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറഞ്ഞ ശേഷം 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും അവയുടെ സമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്

എല്‍നിനോ വീണ്ടും ശക്തി പ്രാപിക്കുന്നു; വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ മത്തി കുറഞ്ഞേക്കുമെന്ന് സിഎംഎംഫ്ആര്‍ഐ

കൊച്ചി: എല്‍നിനോ പ്രതിഭാസം വീണ്ടും സജീവമാകുന്നതടെ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ തീരങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). മുന്‍ വര്‍ഷങ്ങളില്‍ വന്‍തോതില്‍ കുറഞ്ഞ ശേഷം 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും അവയുടെ സമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്. മത്തിയുടെ ഉല്‍പാദനത്തിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും എല്‍നിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം നിഗമനത്തിലെത്തിയത്. 2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍, എല്‍ നിനോയുടെ വരവോടെ അടുത്ത ഓരോ വര്‍ഷങ്ങളിലും ഗണ്യമായി കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട,് എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. എല്‍നിനോ വീണ്ടും സജീവമായത് കഴിഞ്ഞ വര്‍ഷം (2018) മത്തിയുടെ ഉല്‍പാദനത്തില്‍ മാന്ദ്യം അനുഭവപ്പെടാനും കാരണമായി. വരും നാളുകളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് രാജ്യന്തര ഏജന്‍സിയായ അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസഫറിക് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ ഡിസംബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2018ല്‍ എല്‍നിനോ തുടങ്ങിയെന്നും 2019ല്‍ താപനിലയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘനയും ദേശീയ കാലാവസ്ഥാ വകുപ്പും (ഐഎംഡി) പ്രസ്താവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വരും വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടായേക്കുമെന്ന് സിഎംഎഫ്ആര്‍ഐ മുന്നറിയിപ്പ് നല്‍കുന്നത്. 2015-16 വര്‍ഷങ്ങളില്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് കേരള തീരങ്ങളിലെ മത്തിയില്‍ വളര്‍ച്ചാ മുരടിപ്പും പ്രജനന പരാജയവും സംഭവിച്ചിരുന്നുവെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു. ഇതില്‍ നിന്നും മുക്തി നേടി മത്തിയുടെ സമ്പത്ത് കടലില്‍ പൂര്‍ണ സ്ഥിതിയിലെത്തുന്നതിന് മുമ്പ് അടുത്ത എല്‍നിനോ ആരംഭിച്ചതാണ് ഇപ്പോള്‍ ആശങ്കയുളവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ വരെ മത്തിയെ ബാധിക്കും. ഇന്ത്യന്‍ തീരങ്ങളില്‍, എല്‍നിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരള തീരത്താണ്. അത് കൊണ്ട് തന്നെ, മത്തിയുടെ ഉല്‍പാദനത്തില്‍ ഏറ്റവും കൂടുതല്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നതും ഇവിടെയാണ്. എല്‍നിനോ പ്രതിഭാസം ഈ തീരങ്ങളിലെ മത്തിയുടെ വളര്‍ച്ചയെയും പ്രത്യുല്‍പാദന പ്രക്രിയയെും സാരമായി ബാധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്തിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന പഠനഗ്രന്ഥം സിഎംഎഫ്ആര്‍ഐ ഉടന്‍ പുറത്തിറക്കും.
Tomy Mathew

Tomy Mathew

Our Contributor help bring you the latest article around you


RELATED STORIES

Share it
Top