Kerala

കള്ളവോട്ട് പരാതി: കലക്ടർമാരുടെ റിപോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പരിശോധിക്കും

കല്യാശ്ശേരിയിലെ 69, 70 ബൂത്തുകളിൽ മുസ്ലീംലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് എൽഡിഎഫും തൃക്കരിപ്പൂരില്‍ 48ാം ബൂത്തിൽ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് യുഡിഎഫും പരാതി നൽകിയിരുന്നു.

കള്ളവോട്ട് പരാതി: കലക്ടർമാരുടെ റിപോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പരിശോധിക്കും
X

തിരുവനന്തപുരം: കാസർകോഡ് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്യാശ്ശേരിയിലെ 69, 70 ബൂത്തുകളിൽ മുസ്ലീംലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന എൽഡിഎഫിന്റെ പരാതിയിൽ കാസര്‍കോഡ്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന റിപോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നാളെ പരിശോധിക്കും. ബൂത്തിലുണ്ടായിരുന്നവരുടെ മൊഴി കാസര്‍ഗോഡ് കലക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം തൃക്കരിപ്പൂരില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന പരാതി പരിശോധിച്ച് കാസര്‍കോഡ് കലക്ടര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് നല്‍കി.

കല്ല്യാശേരിയിലെ കള്ളവോട്ടിന് തെളിവായി ദൃശ്യങ്ങളും എൽഡിഎഫ് പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മണ്ഡലം ഉൾപ്പെടുന്ന കാസര്‍കോഡ്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാരോട് റിപോർട്ട് തേടിയത്. ഇന്ന് അവധിയായതിനാല്‍ കലക്ടർമാർ റിപോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് നാളെ മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂവെന്ന് ടിക്കാറാം മീണ അറിയിച്ചു. കള്ളവോട്ട് ആണെന്ന് തെളിഞ്ഞാല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കമ്മീഷന്‍ കടക്കും.

അതേസമയം തൃക്കരിപ്പൂര്‍ 48ാം ബൂത്തില്‍ ഒരാള്‍ രണ്ടുതവണ വോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ കാസര്‍കോഡ് കലക്ടര്‍ ഡി സജിത്ത് ബാബു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപോർട്ട് സമര്‍പ്പിച്ചു. ആരോപണ വിധേയനായ കെ ശ്യാംകുമാറില്‍ നിന്നും കലക്ടര്‍ മൊഴിയെടുത്തു. വോട്ട് ചെയ്യാനായി ബൂത്തില്‍ കയറിയപ്പോള്‍ ബിഎല്‍ഒ സ്ലിപ്പ് മാത്രമായിരുന്നു കൈയില്‍ ഉണ്ടായിരുന്നതെന്നും പ്രീസൈഡിങ് ഓഫിസറുടെ നിര്‍ദേശമനുസരിച്ച് തിരിച്ചറിയില്‍ രേഖ എടുത്തശേഷം ബൂത്തില്‍ മടങ്ങിയെത്തുകയായിരുന്നു എന്നാണ് ശ്യാംകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it