Kerala

ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കും: മുഖ്യമന്ത്രി

ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികവാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്‌കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും ലോക കേരളസഭാ പ്രതിനിധികളുമായും ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ കുട്ടിയുടെയും അധ്യാപകര്‍തന്നെ അവര്‍ക്ക് ക്ലാസ്സെടുക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ മാറ്റും. കുട്ടികള്‍ക്ക് അവരുടെ ആശയം പങ്കുവയ്ക്കാനും ചോദ്യം ചോദിക്കാനുമുള്ള അവസരം ലഭ്യമാക്കും.

ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് സര്‍വീസ് പ്രൊവൈഡര്‍മാരുമായുള്ള ചര്‍ച്ചയില്‍നിന്ന് മനസ്സിലാക്കാനായത്. കമ്പോളത്തില്‍ ലഭ്യമാവുന്ന തുകയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍മാതാക്കളുമായി ബന്ധപ്പെടും. രണ്ടാം കൊവിഡ് വ്യാപനം വേഗതയിലുണ്ടായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മിക്കയിടത്തും പത്തില്‍ താഴാതെ നില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി മൂന്നാം തരംഗസാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പെട്ടെന്ന് സ്‌കൂളില്‍ പോവാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസം കാര്യക്ഷമമായി തുടരേണ്ടിവരും.

പ്രധാന പ്രവാസി സംഘടനകളെ ഒറ്റവേദിയില്‍ അണിനിരത്തുമെന്നും എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി. ഡോ. വി പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ എം എബ്രഹാം, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എം എ യൂസഫലി, പി എന്‍ സി മേനോന്‍, ആര്‍ പി മുരളി, പുത്തൂര്‍ റഹ്മാന്‍, പി എം ജാബിര്‍, വില്‍സണ്‍ ജോര്‍ജ്, പി എന്‍ ബാബുരാജ്, എന്‍ അജിത്ത് കുമാര്‍, പി വി രാധാകൃഷ്ണപിള്ള, സോമന്‍ ബേബി, കുര്യന്‍ പ്രകാനം, സിബി ഗോപാലകൃഷ്ണന്‍, ഇ പി ജോണ്‍സണ്‍, ബിജു കല്ലുമല, കെ ടി എ മുനീര്‍, അനിയന്‍ ജോര്‍ജ്, ഡോ.പി എ ഇബ്രാഹിം, സജിമോന്‍ ആന്റണി, ജോണി കുരുവിള, ഷെരീഫ് കാരശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it