Kerala

ഇടമലയാര്‍ ആനവേട്ട കേസ്: തങ്കച്ചിയും മകനും പിടിയില്‍; ഇനി കൂടുതല്‍ ചുരുളഴിയും

തങ്കച്ചി പിടിയിലായതോടെ രാജ്യാന്തര ബന്ധമുള്ള ആനവേട്ട കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കേരളത്തില്‍ നിന്നും വേട്ടയാടുന്ന കാട്ടാനകളുടെ കൊമ്പ് ശില്‍പ്പങ്ങളാക്കി നീപ്പാള്‍ വഴി വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തങ്കച്ചി. കോടികളുടെ ആനക്കൊമ്പ് കേസില്‍ 46ാം പ്രതിയായ തങ്കച്ചി വര്‍ഷങ്ങളായി കല്‍ക്കത്തയില്‍ ഒളിവില്‍ കഴിയുകയായിരുന്നു

ഇടമലയാര്‍ ആനവേട്ട കേസ്:  തങ്കച്ചിയും മകനും പിടിയില്‍; ഇനി കൂടുതല്‍ ചുരുളഴിയും
X

കൊച്ചി:ഇടമലയാര്‍ ആനവേട്ട കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി തിരുവനന്തപുരം പേട്ട സ്വദേശിനി സിന്ധു(കല്‍ക്കത്ത തങ്കച്ചി) മകന്‍ അജീഷd എന്നിവര്‍ വനംവകുപ്പിന്റെ പിടിയില്‍. തങ്കച്ചിയെ കല്‍ക്കത്തയില്‍ നിന്നും അജീഷിനെ തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നുമാണ്് അറസ്റ്റ് ചെയ്തത്. കേസില്‍ തങ്കച്ചിയുടെ ഭര്‍ത്താവ് സുധീഷ് ചന്ദ്രബാബു, മകള്‍ അമിത എന്നിവരെ ഡിആര്‍ഐ ഈ മാസം 12ന് കല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തങ്കച്ചി പിടിയിലായതോടെ രാജ്യാന്തര ബന്ധമുള്ള ആനവേട്ട കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കേരളത്തില്‍ നിന്നും വേട്ടയാടുന്ന കാട്ടാനകളുടെ കൊമ്പ് ശില്‍പ്പങ്ങളാക്കി നീപ്പാള്‍ വഴി വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തങ്കച്ചി. കോടികളുടെ ആനക്കൊമ്പ് കേസില്‍ 46ാം പ്രതിയായ തങ്കച്ചി വര്‍ഷങ്ങളായി കല്‍ക്കത്തയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് 1.03 കോടി രൂപയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമായി സുധീഷും അമിതയും കല്‍ക്കത്തയില്‍ ഡിആര്‍ഐയുടെ പിടിയിലാകുന്നത്. കേരളത്തില്‍ നിന്ന് എത്തിക്കുന്ന ആനക്കൊമ്പ് കല്‍ക്കത്തയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച ശേഷം ശില്‍പ്പങ്ങളാക്കി സിലുഗിരി വഴി നീപ്പാളിലേക്കും തുടര്‍ന്ന് വിദേശ മാര്‍ക്കറ്റുകളിലേക്കും അയക്കുകയായിരുന്നു പതിവ്.

ആനക്കൊമ്പ് കേസിലെ പ്രധാന പ്രതിയായ ഉമേഷ് അഗര്‍വാളിനെ ഡല്‍ഹിയില്‍ നിന്നും 2015ല്‍ പിടികൂടിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും 487 കിലോ ആനക്കൊമ്പും ശില്‍പ്പങ്ങളും കണ്ടെടുത്തു. ഡല്‍ഹിയില്‍ ഉമേഷും കല്‍ക്കത്തയില്‍ തങ്കച്ചിയുമായിരുന്നു ആനക്കൊമ്പ് വ്യാപാരം നിയന്ത്രിച്ചിരുന്നതെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു ഇനി ആറ് പേര്‍ കൂടി പിടിയിലാകാനുണ്ട്. വനം വകുപ്പ് 2015ല്‍ 'ഓപ്പറേഷന്‍ ശിക്കാര്‍' എന്ന പേരില്‍ നടത്തിയ റെയ്ഡിലാണ് ഉമേഷും മറ്റ് പ്രതികളും കുടുങ്ങിയത്. ഉമേഷുമായി പരിചയമുള്ള തങ്കച്ചിക്ക് വന്‍കിട വ്യാപാരികളുമായി അടുത്ത ബന്ധമുണ്ടെന്നും വനംവകുപ്പ് കണ്ടെത്തിയിരുന്നു. കേരള മാതൃകയിലുള്ള ആനക്കൊമ്പ് ശില്‍പ്പങ്ങള്‍ തിരുവനന്തപുരത്ത് നിന്നും മുഗള്‍ മാതൃക ഡല്‍ഹിയില്‍ നിന്നുമാണ് നിര്‍മിച്ചിരുന്നത്. നേരത്തെ അറസ്റ്റിലായ സുധീഷിനെയും അമിതയേയും കല്‍ക്കത്ത വനംവകുപ്പ് കേരളത്തിലെത്തിക്കുമെന്ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാര്‍ പറഞ്ഞു. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആനവേട്ട സംഘത്തിലെ പാചകക്കാരനായ കളരിക്കുടി കുഞ്ഞുമോന്‍ 2015ല്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് കോടികളുടെ രാജ്യത്തെ വലിയ ആനവേട്ടയെക്കുറിച്ച് പുറത്ത് അറിയുന്നത്. തുടര്‍ന്നായിരുന്നു രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.

Next Story

RELATED STORIES

Share it