Kerala

തലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍: കേന്ദ്രസേനയുടെ സഹായം തേടി പോലിസ്

സംഭവം പ്രത്യേകസംഘം അന്വേഷിക്കും. ശംഖുമുഖം എസിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരത്തെ ഡോണ്‍ ഓപറേറ്റേഴ്‌സ് എല്ലാവരും ഇന്ന് വൈകീട്ട് ഹാജരാവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്ത് അജ്ഞാത ഡ്രോണ്‍: കേന്ദ്രസേനയുടെ സഹായം തേടി പോലിസ്
X

തിരുവനന്തപുരം: തലസ്ഥാനത്തെ അതീവസുരക്ഷ മേഖലകളില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ പോലിസിന്റെ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഇതിനായി വ്യോമസേന ഉള്‍പ്പടെയുള്ള കേന്ദ്രസേനകളുടെ സഹായം തേടിയതായി സിറ്റി പോലിസ് കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിന്‍ അറിയിച്ചു. കോവളത്തെ തീരപ്രദേശങ്ങളിലും തുമ്പ വിഎസ്എസ്‌സി, പോലിസ് ആസ്ഥാനം എന്നിവയ്ക്ക് മുകളിലും പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുമാണ് കഴിഞ്ഞദിവസങ്ങളില്‍ അജ്ഞാത ഡ്രോണ്‍ പറന്നത്.

അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചതായും കമ്മീഷണര്‍ അറിയിച്ചു. ശംഖുമുഖം എസിക്കാണ് അന്വേഷണ ചുമതല. ഇതിനായി വ്യോമസേന, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും പോലിസ് തേടിയിട്ടുണ്ട്. 'ഓപ്പറേഷന്‍ ഉഡാന്‍' എന്നാണ് അന്വേഷണത്തിന് പേരിട്ടിരിക്കുന്നത്. പോലിസിന്റെ വിവിധ ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. റെയില്‍വേയുടെ സര്‍വേയുടെ ആവശ്യത്തിനുവേണ്ടിയാണോ ഡ്രോണ്‍ പറത്തിയതെന്നും പരിശോധിക്കുന്നുണ്ട്.

ഇന്നലെ രാത്രി 11ന് പോലിസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നുവെന്ന് പറയുന്ന ഡ്രോണിന്റെ ചിത്രം സാങ്കേതിക വിദഗ്ധര്‍ പരിശോധിക്കും. ഇതിനുശേഷമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപവും ഡ്രോണ്‍ കണ്ടതായി അഭ്യൂഹം പ്രചരിച്ചത്. തിരുവനന്തപുരത്തെ ഡോണ്‍ ഓപറേറ്റേഴ്‌സ് എല്ലാവരും ഇന്ന് വൈകീട്ട് സ്റ്റേഷനില്‍ ഹാജരാവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൈവശമുള്ള ഡ്രോണുമായി വേണം ഹാജരാവാനെന്നും പോലിസ് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട ഡ്രോണ്‍ കളിപ്പാട്ടമാവാനാണ് സാധ്യതയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഡ്രോണ്‍ പറത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തെതന്നെ പോലിസ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ നഗരത്തില്‍ ഡ്രോണ്‍ കാണപ്പെട്ടതായി പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും പോലിസ് അറിയിച്ചു.

അതേസമയം, കോവളത്ത് ഡ്രോണ്‍ പറത്തിയത് റെയില്‍പാത വികസനവുമായി ബന്ധപ്പെട്ട സര്‍വേയുടെ ഭാഗമാണെന്ന് കണ്ടെത്തി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ട്രോണ്‍ സൊല്യൂഷന്‍ കമ്പനിയാണ് നടത്തുന്ന സര്‍വേക്കിടെ ഡ്രോണ്‍ നിയന്ത്രണം വിട്ട് കോവളം ഭാഗത്തെത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. കമ്പനിയുടെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി പോലിസ് വിളിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it