Kerala

തലസ്ഥാനം ആശ്വാസത്തിലേക്ക്; കൊവിഡ് കേസുകള്‍ കുറയുന്നു: സ്റ്റെപ് കിയോസ്‌കുകള്‍ ഒരുക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ്

കഴിഞ്ഞ 14 ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ദിവസം പോലും രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല.

തലസ്ഥാനം ആശ്വാസത്തിലേക്ക്; കൊവിഡ് കേസുകള്‍ കുറയുന്നു: സ്റ്റെപ് കിയോസ്‌കുകള്‍ ഒരുക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ്
X

തിരുവനന്തപുരം: ദിനംപ്രതി കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി ഭീതിയിലായ തലസ്ഥാനത്ത് ആശങ്കയൊഴിയുന്നു. രണ്ടാഴ്ചയായി തലസ്ഥാനത്തെ രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരത്തിലെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ തിരുവനന്തപുരത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ 14 ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ദിവസം പോലും രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല. ഒക്ടോബര്‍ 23ന് റിപ്പോര്‍ട്ട് ചെയ്ത 909 കേസുകളാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന രോഗബാധിതരുടെ എണ്ണം.

14 ദിവസത്തിനിടയില്‍ 9670 പേരാണ് തിരുവനന്തപുരത്ത് കൊവിഡ് പോസിറ്റീവായത്. 8833 പോസിറ്റീവ് കേസുകളാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ നിലവിലുള്ളത്. രോഗ വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതോടെയാണ് തലസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടത്. പരിശോധന നടത്തുന്നതിലും തിരുവനന്തപുരം വളരെ മുന്നിലാണ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ അയ്യായിരത്തിനും എഴായിരത്തിനും ഇടയില്‍ പരിശോധന നടത്താന്‍ ജില്ലയിലെ ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തില്‍ 76,121 പരിശോധനകള്‍ തിരുവനന്തപുരത്ത് മാത്രം നടന്നു.പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രതിദിനം 7000 പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. തിരുവനന്തപുരത്ത് ഇപ്പോള്‍ ലാര്‍ജ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒന്നും നിലവിലില്ല. നാനോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ആശങ്ക കൊവിഡ് മരണത്തിന്റെ കാര്യത്തിലാണ്. തിരുവനന്തപുരം ജില്ലയിലാണ് നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 387 പേര്‍ തലസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ വരെയുള്ള കണക്കുകളില്‍ 25,143 പേരാണ് തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത്.

അതേസമയം, തലസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനായി സ്റ്റെപ് കിയോസ്‌കുകള്‍ ഒരുക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ്. പൊതുസ്ഥലങ്ങളിലേക്ക് പരിശോധന എത്തിക്കാനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് ഇവിടെ വന്ന് പരിശോധന നടത്താം. ഇത്തരം സെന്ററുകളില്‍ ആദ്യം മണം ലഭിക്കുന്നുണ്ടോയെന്ന പരിശോധനയാകും നടത്തുക. ഇതില്‍ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആന്റിജന്‍ പരിശോധന നടത്തും.ആരോഗ്യവകുപ്പിനെ കിയോസ്‌ക്കുകള്‍ കൂടാതെ സ്വകാര്യ മേഖലകളിലെ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും ഇത്തരത്തില്‍ പരിശോധന കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ സൗജന്യ പരിശോധനയും സ്വകാര്യ സംവിധാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലുള്ള പരിശോധനയുമാണ് നടക്കുക. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് വിവിധ വകുപ്പുകളുടെ സംയുക്തമായ ഇടപെടലിലൂടെ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. പരമാവധി പരിശോധന നടത്തി രോഗബാധിതരെ കണ്ടെത്താനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. പ്രതിദിനം ഏഴായിരത്തിലധികം പരിശോധന നടത്താനാണ് പദ്ധതിയിടുന്നതെന്ന് ഡിഎംഒ ഡോ. ഷിനു പറഞ്ഞു.

Next Story

RELATED STORIES

Share it