Kerala

പോലിസ് സ്‌റ്റേഷനുകളില്‍ ക്രമക്കേട്: 30 എസ്എച്ച്ഒമാര്‍ അച്ചടക്കനടപടി നേരിടേണ്ടിവരും

ക്വാറി, മണല്‍ മാഫിയകളെ പോലിസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നതായി പ്രാഥമിക പരിശോധനയില്‍തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ ഇടപെടല്‍. പോലിസ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്തിയതിന്റെ പൂര്‍ണവിവരങ്ങള്‍ ഉടന്‍തന്നെ സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസീന്‍ നിര്‍ദേശം നല്‍കി. ഇത് ലഭിച്ചശേഷം വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

പോലിസ് സ്‌റ്റേഷനുകളില്‍ ക്രമക്കേട്: 30 എസ്എച്ച്ഒമാര്‍ അച്ചടക്കനടപടി നേരിടേണ്ടിവരും
X

കോഴിക്കോട്: സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ ഗുരുതരമായ കൃത്യവിലോപങ്ങള്‍ നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കെതിരേ അച്ചടക്കനടപടി വരുന്നു. സംസ്ഥാനത്തെ 30 സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കാനാണ് വിജിലന്‍സിന്റെ തീരുമാനം. ക്വാറി, മണല്‍ മാഫിയകളെ പോലിസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നതായി പ്രാഥമിക പരിശോധനയില്‍തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ ഇടപെടല്‍. പോലിസ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്തിയതിന്റെ പൂര്‍ണവിവരങ്ങള്‍ ഉടന്‍തന്നെ സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസീന്‍ നിര്‍ദേശം നല്‍കി. ഇത് ലഭിച്ചശേഷം വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

മുഖ്യമന്ത്രിക്കു വിജിലന്‍സ് ഡയറക്ടര്‍ നല്‍കുന്ന ശുപാര്‍ശ റിപോര്‍ട്ട് ഡിജിപിക്കു കൈമാറിയ ശേഷമാവും നടപടിയുണ്ടാവുക. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും പണമിടപാട് കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍പരിശോധന നടന്നത്. ഓപറേഷന്‍ തണ്ടര്‍ ബോള്‍ട്ട് എന്ന പേരില്‍ കേരളത്തിലെ 53 പോലിസ് സ്‌റ്റേഷനുകളിലായിരുന്നു മിന്നല്‍പരിശോധന. മണല്‍, ക്വാറി മാഫിയകളുമായി പോലിസിന്റെ ബന്ധം കണ്ടെത്താന്‍ തുടങ്ങിയ മിന്നല്‍പരിശോധനയില്‍ കഞ്ചാവും കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവുമാണു സ്‌റ്റേഷനുകളില്‍നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് ഉള്‍പ്പടെയുള്ള പോലിസ് സ്‌റ്റേഷനില്‍നിന്ന് കണക്കില്‍പ്പെടാത്ത സ്വര്‍ണാഭരണങ്ങളും പണവും കണ്ടെത്തി. ചില പോലിസ് സ്‌റ്റേഷനുകളില്‍ മണല്‍ ക്വാറി സംബന്ധമായ യാതൊരു കേസുകളും 2012ന് ശേഷം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ബോധ്യപ്പെട്ടു.

അനധികൃത മണല്‍, ക്വാറി ഖനനത്തിന്റെ പേരില്‍ പിടികൂടുന്ന വാഹനങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയോ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെയോ മുമ്പാകെ ഹാജരാക്കണമെന്ന നിയമം പാലിക്കാതെ പോലിസ് ഉദ്യോഗസ്ഥര്‍ വിട്ടുകൊടുക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. സ്‌റ്റേഷനുകളില്‍ കണക്കില്‍പ്പെടാത്തതും കേസില്‍ ഉള്‍പ്പെടാത്തതുമായി വാഹനങ്ങള്‍ പിടിച്ചിട്ടിട്ടുണ്ട്. നിരവധി സ്‌റ്റേഷനുകളില്‍ നൂറുകണക്കിന് പരാതികള്‍ രജിസ്റ്ററില്‍ പതിക്കാതെ സൂക്ഷിക്കുന്നതായും പല കേസുകളിലും നിയമപ്രകാരം പരാതിക്കാര്‍ക്ക് ലഭ്യമാക്കേണ്ട എഫ്‌ഐആറിന്റെ പകര്‍പ്പുകളും പരാതികളുടെ രസീതുകളും നല്‍കുന്നില്ലെന്നും കണ്ടെത്തി. നിയമലംഘനത്തിന്റെ പേരില്‍ പിടിച്ചെടുത്ത് പോലിസ് സ്‌റ്റേഷനുകള്‍ക്കു ചുറ്റും കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളുടെ യാതൊരു രേഖയും രജിസ്്റ്ററിലുണ്ടായിരുന്നില്ല. ട്രാഫിക് പോലിസ് സ്‌റ്റേഷനുകളിലും ദുരുതരമായ കൃത്യവിലോപങ്ങള്‍ നടക്കുന്നതായും പരിശോധനയില്‍ വ്യക്തമായി.




Next Story

RELATED STORIES

Share it