Kerala

500 രൂപയെച്ചൊല്ലി തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഇന്ന് വൈകീട്ട് തിരുനക്കര രാജധാനി ഹോട്ടലിന് സമീപമായിരുന്നു സംഭവം. സുഹൃത്ത് നീലിമംഗലം ചിറയില്‍ ഹൗസില്‍ റിയാസ് (26) നെ പോലിസ് കസ്റ്റഡിയിലെടുത്തു. രാജധാനി ഹോട്ടലിനു സമീപം അനിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കട വാടകയ്‌ക്കെടുത്തു നടത്തിവരികയായിരുന്നു റിയാസ്. ഈരാറ്റുപേട്ടയിലെ പാറമടയില്‍ ജോലി ചെയ്തിരുന്ന അനി ശനിയാഴ്ചകളില്‍ നഗരത്തിലെത്തി റിയാസിന്റെ കൈയില്‍നിന്നും കടയുടെ വാടക പിരിക്കുകയാണ് പതിവ്.

500 രൂപയെച്ചൊല്ലി തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
X

കോട്ടയം: നഗരമധ്യത്തില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നാട്ടകം മറിയപ്പള്ളി പുഷ്പഭവനില്‍ അനില്‍കുമാര്‍ (ബേക്കറി അനി- 44) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് തിരുനക്കര രാജധാനി ഹോട്ടലിന് സമീപമായിരുന്നു സംഭവം. സുഹൃത്ത് നീലിമംഗലം ചിറയില്‍ ഹൗസില്‍ റിയാസ് (26) നെ പോലിസ് കസ്റ്റഡിയിലെടുത്തു. രാജധാനി ഹോട്ടലിനു സമീപം അനിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കട വാടകയ്‌ക്കെടുത്തു നടത്തിവരികയായിരുന്നു റിയാസ്. ഈരാറ്റുപേട്ടയിലെ പാറമടയില്‍ ജോലി ചെയ്തിരുന്ന അനി ശനിയാഴ്ചകളില്‍ നഗരത്തിലെത്തി റിയാസിന്റെ കൈയില്‍നിന്നും കടയുടെ വാടക പിരിക്കുകയാണ് പതിവ്.

ദിവസം 500 രൂപയാണ് കടയ്ക്ക് റിയാസ് വാടക നല്‍കുന്നത്. ശനിയാഴ്ച വൈകീട്ട് നഗരത്തിലെത്തിയ അനി, റിയാസിനോട് വാടക ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ കൈയില്‍ പണമില്ലെന്ന് റിയാസ് അറിയിച്ചു. ഇതെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഞായറാഴ്ച ഉച്ചയോടെ വീണ്ടും അനി റിയാസിനെ തേടിയെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാടകയെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. അനിയുടെ വയറിനാണ് ആഴത്തിലുള്ള കുത്തേറ്റത്. റിയാസിനും കുത്തേറ്റിട്ടുണ്ട്. സംഭവത്തിനുശേഷം അനിയെ ഉപേക്ഷിച്ച് റിയാസ് ഓട്ടോയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയി.

ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം പോലിസ് സംഘമെത്തിയാണ് അനിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്. അപ്പോഴേയ്ക്കും അനി മരിച്ചിരുന്നു. വെസ്റ്റ് സിഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം ജെ അരുണ്‍ അടക്കമുള്ള സംഘം മെഡിക്കല്‍ കോളജിലെത്തി റിയാസിനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍നിന്ന് വിടുതല്‍ ചെയ്യുന്നതോടെ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. കൊല്ലപ്പെട്ട അനി നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it