Kerala

ക്വാറന്റൈന്‍ സൗകര്യമൊരുക്കിയില്ല; ഭക്ഷണവും വെള്ളവുമില്ലാതെ പ്രവാസികള്‍ മണിക്കൂറുകളോളം പെരുവഴിയില്‍

സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ബസ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. കോഴിക്കോടെത്തിയപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമല്ലെന്നും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

ക്വാറന്റൈന്‍ സൗകര്യമൊരുക്കിയില്ല; ഭക്ഷണവും വെള്ളവുമില്ലാതെ പ്രവാസികള്‍ മണിക്കൂറുകളോളം പെരുവഴിയില്‍
X

കോഴിക്കോട്: സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കാത്തതിനെത്തുടര്‍ന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങി പ്രവാസികള്‍. അധികാരികളുടെ അനാസ്ഥയെത്തുടര്‍ന്ന് നാലുമണിക്കൂറോളമാണ് എങ്ങോട്ടുപോവണമെന്നറിയാതെ പ്രവാസികള്‍ക്ക് കോഴിക്കോട് ബസ് സ്റ്റാന്റില്‍ കാത്തിരിക്കേണ്ടിവന്നത്. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി ബസ്സിലെത്തിയ പ്രവാസികള്‍ക്കായിരുന്നു ദുരിതം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും ബസ്സില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് പ്രവാസികള്‍ പറയുന്നു. ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താത്തതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാംദിവസമാണ് പ്രവാസികള്‍ വഴിയില്‍ കുടുങ്ങുന്നത്.

കരിപ്പൂരില്‍നിന്നെത്തിയ ബസ്സില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കുള്ളവരായിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലക്കാരായ 17 പേരാണ് ഇതിലുണ്ടായിരുന്നത്. കണ്ണൂരില്‍നിന്ന് എത്തിയ ബസ്സില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള യാത്രക്കാരായിരുന്നു. ഇതില്‍ കോഴിക്കോട് ജില്ലക്കാരായ എഴുപേരാണുണ്ടായിരുന്നത്. സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ബസ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു. കോഴിക്കോടെത്തിയപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമല്ലെന്നും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരായിരുന്നു ഭൂരിഭാഗം പേരും. കുട്ടികളും പ്രായമായവരുമെല്ലാം വീട്ടിലുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെ നിര്‍ബന്ധിച്ച് തങ്ങളെ വീട്ടിലേക്ക് പറഞ്ഞയക്കുകയാണെന്നും പ്രവാസികള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുശേഷമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി കോഴിക്കോട് ജില്ലക്കാരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടര്‍ന്നാണ് മറ്റ് ജില്ലകളിലെ പ്രവാസികളുമായി ബസ് യാത്രതുടര്‍ന്നത്. അതേസമയം, യാത്രക്കാരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ബസ് സ്റ്റാന്റുകളില്‍ ഇറക്കാനാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

Next Story

RELATED STORIES

Share it