Kerala

പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഇന്നുമുതല്‍

വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും കേരളത്തിലെ വിവിധ ജില്ലകളിലെ സൈബര്‍ യൂനിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും

പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഇന്നുമുതല്‍
X

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കായി കേരളാ പോലിസ് സംഘടിപ്പിക്കുന്ന സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച മേഖലാ കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി പോലിസ് ആസ്ഥാനത്ത് നടക്കും. വിവിധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും കേരളത്തിലെ വിവിധ ജില്ലകളിലെ സൈബര്‍ യൂനിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇതോടനുബന്ധിച്ച് പോലിസ് ഉദ്യോഗസ്ഥര്‍ക്കായി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ടു ദിവസത്തെ കോണ്‍ഫറന്‍സ് ബുധനാഴ്ച രാവിലെ 10നു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും. എഡിജിപി മനോജ് എബ്രഹാം, ഡിഐജി നാഗരാജു ചക്കിലം തുടങ്ങിയവര്‍ സംബന്ധിക്കും. ആദ്യ ദിവസം ബ്ലോക്ക് ചെയിന്‍ എന്ന വിഷയത്തില്‍ കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി പ്രഫസര്‍ ഇന്‍ ചാര്‍ജ് ഡോ. എസ് അശ്‌റഫ് ക്ലാസെടുക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഐസിഐസിഐ ബാങ്ക് നാഷനല്‍ മാനേജര്‍ ഗ്യാന്‍ ബറ, സൈബര്‍ ഫോറന്‍സിക്കിനെക്കുറിച്ച് സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് പി സുനില്‍, സോഷ്യല്‍ മീഡിയ അനാലിസിസിനെക്കുറിച്ച് പ്രമുഖ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് കെ ജയകുമാര്‍ എന്നിവര്‍ സെഷനുകള്‍ നയിക്കും.

വ്യാഴാഴ്ച സൈബര്‍ ഫോറന്‍സിക്, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ സംബന്ധിച്ച് സിഡാക്കിലെ ശാസ്ത്രജ്ഞന്‍ ഹിരണ്‍ ബോസ്, ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഡിഐജി കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ എന്നിവര്‍ ക്ലാസെടുക്കും. സമാപനച്ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.



Next Story

RELATED STORIES

Share it