Kerala

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ പ്രതിഷേധം

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ പ്രതിഷേധം
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ജോലിക്കുശേഷം മൂന്ന് ദിവസം അവധി നല്‍കുന്നതിനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍, ഇത് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആറ് ദിവസം ജോലി ചെയ്താല്‍ ഒരുദിവസം അവധി എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഇടത് സംഘടനയായ കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ആശുപത്രി സൂപ്രണ്ടാണ് ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവ് കത്തിച്ചുകൊണ്ടാണ് നഴ്‌സുമാര്‍ പ്രതിഷേധിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം ജോലിഭാരമേറിയിട്ടുണ്ട്. ജോലി ചെയ്യാന്‍ സന്നദ്ധരാണെന്നും എന്നാല്‍ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറാവുന്നില്ലെന്നും നഴ്‌സുമാര്‍ ആരോപിച്ചു. ഉത്തരവ് പിന്‍വലിക്കില്ലെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയതെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it