ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തി സിപിഎം നേതാവ്

സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയത്. ദുരിതബാധിതരില്‍നിന്ന് ഇയാള്‍ പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നിരിക്കുന്നത്.

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തി സിപിഎം നേതാവ്

ആലപ്പുഴ: വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ അഭയംതേടിയവരോട് പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിന്റെ നടപടി വ്യാപകപ്രതിഷേധത്തിനിടയാക്കുന്നു. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയത്. ദുരിതബാധിതരില്‍നിന്ന് ഇയാള്‍ പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. അര്‍ത്തുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപ്ലൈസ് ഡിപ്പോയില്‍നിന്ന് ക്യാംപിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടകനല്‍കുന്നതിന് വേണ്ടിയെന്ന പേരിലായിരുന്നു പിരിവ്.

ക്യാംപ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യവ്യക്തിയുടെ വീട്ടില്‍നിന്നാണ് വൈദ്യുതിയെടുത്തിരിക്കുന്നത്. ഇതിനും ക്യാംപിലുള്ളവര്‍ പിരിവുനല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളില്‍ പുറത്തുനിന്നുള്ള ആരുടെയും ഇടപെടലുണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ കര്‍ശനനിര്‍ദേശം നിലനില്‍ക്കേയാണ് സിപിഎം നേതാവിന്റെ നിര്‍ബന്ധിത പിരിവ്. ഇതിനെ ക്യാംപില്‍ ചിലര്‍ ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പരസ്യമായിത്തന്നെ പണപ്പിരിവിന് മുതിരുകയായിരുന്നു. ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടന്‍തന്നെ നേരിട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തതുകൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാംപിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു.

അതേസമയം, ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും ചേര്‍ത്തല തഹസില്‍ദാര്‍ വ്യക്തമാക്കി. ക്യാംപിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. ഇനി പണം പിരിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി- വര്‍ഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെത്തുടര്‍ന്ന് ക്യാംപിലെത്തിയത്.

RELATED STORIES

Share it
Top