Kerala

പരപ്പനങ്ങാടിയില്‍ ലീഗ്-സിപിഎം സംഘര്‍ഷം; നിരവധി പേര്‍ അറസ്റ്റില്‍(വീഡിയോ)

സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ഭയന്ന് പലരും ഒളിവിലായതോടെ തീരദേശത്ത് ഒറ്റപ്പെട്ട കുടുംബങ്ങള്‍ ആശങ്കയിലാണ്

പരപ്പനങ്ങാടിയില്‍ ലീഗ്-സിപിഎം സംഘര്‍ഷം; നിരവധി പേര്‍ അറസ്റ്റില്‍(വീഡിയോ)
X


പരപ്പനങ്ങാടി:
വിവാദമായ പരപ്പനങ്ങാടി ഹാര്‍ബറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചതിനു തൊട്ടുപിന്നാലെ തുടക്കം കുറിച്ച മുസ്‌ലിം ലീഗ്, സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലിസ് അറസ്റ്റ് ചെയ്തു. പോലിസിനെ ആക്രമിച്ചതിനും മറ്റും എസ്ടിയു മല്‍സ്യത്തൊഴിലാളി ജില്ലാ നേതാവ് ചേക്കാലി റസാഖ്, നിരവധി കേസിലെ പ്രതിയായ ലീഗ് പ്രവര്‍ത്തകന്‍ കുന്നുമ്മല്‍ ഫാറൂഖ് അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. ലീഗ് പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുമ്പോള്‍ ഭരണസ്വാധീനത്തിന് വഴങ്ങി സിപിഎം പ്രവര്‍ത്തകരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ഭയന്ന് പലരും ഒളിവിലായതോടെ തീരദേശത്ത് ഒറ്റപ്പെട്ട കുടുംബങ്ങള്‍ ആശങ്കയിലാണ്.

നീണ്ടകാലത്തെ തര്‍ക്കത്തെ തുടര്‍ന്ന് നീണ്ടുപോയ ഫിഷിങ് ഹാര്‍ബറിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തറക്കല്ലിട്ടിരുന്നു. ലീഗിന്റെ ശക്തികേന്ദ്രമായ പരപ്പനങ്ങാടിയില്‍ ഇതേചൊല്ലി പ്രശ്‌നമുണ്ടാവുകയും സിപിഎം ശക്തി പ്രാപിക്കുകയും ചെയ്തിരുന്നു. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പലപ്പോഴും വ്യാപക സംഘര്‍ഷങ്ങളാണ് പ്രദേശത്തുണ്ടാവുന്നത്. ആഴ്ചകളായി ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ എന്നിവ അഗ്‌നിക്കിരയാക്കുകയും ക്രൂയിസര്‍, ഫൈബര്‍ ബോട്ട് എന്നിവ തകര്‍ക്കുകയും ചിലര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുപോയ ശേഷം കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമം തടയാന്‍ ശ്രമിച്ച പോലിസിനെതിരേയും ആക്രമണമുണ്ടായി. പോലിസ് പിക്കറ്റിങ് ശക്തമാക്കിയിട്ടുണ്ട്. അക്രമക്കേസുകളിലെ പ്രതികളെ പിടികൂടാന്‍ പോലിസ് രാപകലില്ലാതെ വീടുകളില്‍ കയറിയറങ്ങുന്നത് സ്ത്രീകളുള്‍പ്പെടെയുള്ളവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.



Next Story

RELATED STORIES

Share it