Kerala

നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയെ തോല്‍പ്പിക്കണമെന്ന ശബ്ദരേഖ: സിപിഐ നേതാവ് വി എസ് സുലോചനനെ സസ്‌പെന്‍ഡ് ചെയ്തു

നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയെ തോല്‍പ്പിക്കണമെന്ന ശബ്ദരേഖ: സിപിഐ നേതാവ് വി എസ് സുലോചനനെ സസ്‌പെന്‍ഡ് ചെയ്തു
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയെ തോല്‍പ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിപിഐ നേതാവിനെതിരേ നടപടി. സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിഎസ് സുലോചനനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അമ്പലത്തറ വാര്‍ഡിലെ മുന്‍ കൗണ്‍സിലറാണ് സുലോചനന്‍.

നേമത്ത് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ടും ശിവന്‍കുട്ടിയെ തോല്‍പ്പിക്കണമെന്നുമുള്ള സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു സുഹൃത്തിനോടാണ് സുലോചനന്‍ ഇക്കാര്യം പറയുന്നത്. തിരഞ്ഞെടുപ്പില്‍ താനും ശിവന്‍കുട്ടിയും തമ്മില്‍ ഉടക്കാണെന്ന് അറിയാമല്ലോയെന്നും രഹസ്യമായിട്ട് നിങ്ങളെ സഹായിക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്നും സുലോചനന്‍ ഫോണിലൂടെ പറയുന്നുണ്ട്. ശിവന്‍കുട്ടി എനിക്കെതിരേ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ തോല്‍ക്കുന്നതിലും ശിവന്‍കുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളുണ്ടെന്നും അദ്ദേഹം ഫോണിലൂടെ പറയുന്നുണ്ട്.

വ്യക്തിപരമായ വിഷയങ്ങളാണ് ഫോണിലൂടെ സംസാരിച്ചിരുന്നത്. അതിനിടെയിലാണ് ശിവന്‍കുട്ടിയുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ സുലോചനന്‍ വ്യക്തമാക്കിയത്. ശിവന്‍കുട്ടിയുമായുള്ള എതിര്‍പ്പ് അറിയിക്കുകയും എതിര്‍നീക്കങ്ങളുണ്ടാകുമെന്ന പരോക്ഷമായ സൂചനയും സംഭാഷണത്തില്‍ വ്യക്തമാണ്.

ബിജെപിയെ സഹായിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിപിഐ നടപടിയെടുത്തത്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങളുണ്ടായേക്കും. ഡീല്‍ വിവാദമടക്കം കത്തി നിന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശബ്ദരേഖ പുറത്തുവരുന്നത്. വിഷയത്തില്‍ സുലോചനന്റെ പ്രതികരണം ലഭ്യമായിട്ടില്ല.





Next Story

RELATED STORIES

Share it