Kerala

കൊവിഡ് പ്രതിരോധം: സര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിക്കും; വായ്പയെടുത്തവര്‍ക്ക് ഇളവ് നല്‍കുമെന്ന് ബാങ്കുകളുടെ ഉറപ്പ്

രോഗപ്രതിരോധസന്ദേശം വീടുകളിലെത്തിക്കുന്നതിന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യസര്‍വകലാശാല ഇതിന് നേതൃത്വം നല്‍കും.

കൊവിഡ് പ്രതിരോധം: സര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിക്കും; വായ്പയെടുത്തവര്‍ക്ക് ഇളവ് നല്‍കുമെന്ന് ബാങ്കുകളുടെ ഉറപ്പ്
X

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ഉപദേശം നല്‍കുന്നതിനും വിദഗ്ധസമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19 പ്രതിരോധം സംബന്ധിച്ച് ഡോക്ടര്‍മാരുമായും ശാസ്ത്രജ്ഞന്‍മാരുമായും ആശയവിനിയമം നടത്തുകയായിരുന്നു മുഖ്യമന്ത്രി. പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും ഇന്ററാക്ടീവ് വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗപ്രതിരോധസന്ദേശം വീടുകളിലെത്തിക്കുന്നതിന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യസര്‍വകലാശാല ഇതിന് നേതൃത്വം നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കും. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

പൊതുജനങ്ങള്‍ക്ക് രോഗപ്രതിരോധം, ചികില്‍സ എന്നിവ സംബന്ധിച്ച് ഡോക്ടര്‍മാരില്‍നിന്ന് ഉപദേശം ലഭിക്കുന്നതിന് ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാവുന്നതാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിന് മുന്‍കൈയെടുക്കണം. 60ന് മുകളില്‍ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയരോഗങ്ങള്‍ ഉള്ളവരിലും രോഗബാധ മാരകമായിരിക്കുമെന്നതാണ് പൊതുവെ അനുഭവം. അതുകൊണ്ട് പ്രായമേറിയവരെയും മറ്റ് രോഗങ്ങള്‍ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കുന്നതിന് ശ്രദ്ധചെലുത്തും. സംസ്ഥാനത്തെ പാലിയേറ്റിവ് സെന്ററുകളുടെയും പാലിയേറ്റിവ് വളണ്ടിയര്‍മാരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 സാമ്പത്തിക മേഖലയിലുണ്ടാക്കിയ കടുത്ത ആഘാതം കണക്കിലെടുത്ത് ബാങ്ക് വായ്പയെടുത്തവര്‍ക്ക് പരമാവധി സഹായവും ഇളവുകളും നല്‍കുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) പ്രതിനിധികള്‍ ഉറപ്പുനല്‍കി. വായ്പയെടുത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുക, റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം അനുസരിച്ച് വായ്പകള്‍ പുനക്രമീകരിക്കുക, പലിശയില്‍ അനുഭാവപൂര്‍വമായ ഇളവുകള്‍ നല്‍കുക, പുതിയ വായ്പകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചത്.

എസ്എല്‍ബിസിയുടെ അടിയന്തരയോഗം ചേര്‍ന്ന് ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്ന് സമിതി കണ്‍വീനര്‍ അജിത് കൃഷ്ണന്‍ യോഗത്തില്‍ ഉറപ്പുനല്‍കി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ബാങ്കുകള്‍ പൂര്‍ണ പിന്തുണ നല്‍കും. എസ്എല്‍ബിസിയുടെ നിര്‍ദേശങ്ങള്‍ ഉടന്‍ റിസര്‍വ് ബാങ്കിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നും അജിത് കൃഷ്ണന്‍ അറിയിച്ചു. കോവിഡ് 19 എല്ലാ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയാണ് ഏറ്റവുമധികം പ്രയാസപ്പെടുന്നത്.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയെല്ലാം പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ധാരാളം പേര്‍ക്ക് തൊഴിലെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. യാത്രാനിയന്ത്രണവും സാമ്പത്തിക മേഖലയെ ബാധിച്ചു. രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹ്യജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിന് സാഹചര്യമൊരുക്കുകയും വേണം. അതുകൊണ്ടാണ് വായ്പ കാര്യത്തില്‍ ബാങ്കുകള്‍ അനുഭാവ സമീപനമെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. പ്രളയ കാലത്ത് ബാങ്കുകള്‍ നല്‍കിയതിനേക്കാള്‍ വലിയ പിന്തുണയും സഹായവും ഈ ഘട്ടത്തില്‍ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it