Kerala

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

സംസ്ഥാന സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു നിബന്ധനയില്ല. കൂടാതെ സമാനമായ ഒരു കേസില്‍ ഒഡീഷ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്ത കാര്യവും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരുന്നവര്‍ക്ക് കൊവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബയ് കെഎംസിസി, പ്രവാസി ലീഗല്‍ സെല്‍ അടക്കമുള്ളവരാണ് ഹരജി നല്‍കിയിട്ടുള്ളത്. കെഎംസിസിക്ക് വേണ്ടി ഷഹീറാണ് ഹരജി നല്‍കിയത്. കേരളത്തിന് പുറത്ത് ഇത്തരം നിബന്ധനകളില്ലെന്നു ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ ആവശ്യമുന്നയിച്ചു റെജി താഴ്മണ്‍ നല്‍കിയ ഹരജിയും കോടതിയുടെ പരിഗണയിലുണ്ട്. ഇത്തരത്തിലൊരു നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പുറത്തിറക്കിയ എസ്ഒപികളില്‍ ഒന്നുമല്ലെന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ വന്നവര്‍ക്കു ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ ഹരജിയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടപടി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു നിബന്ധനയില്ല. കൂടാതെ സമാനമായ ഒരു കേസില്‍ ഒഡീഷ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്ത കാര്യവും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും യാത്രചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജൂണ്‍ 20 മുതല്‍ നാട്ടിലേയ്ക്കു വരണമെങ്കില്‍ പരിശോധന നടത്തി കൊവിഡ് ബാധിതനല്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കാണിച്ച് ജൂണ്‍ 11ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ കത്തും തുടര്‍ന്നുള്ള മന്ത്രിസഭയുടെ തീരുമാനവുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം.

അതേസമയം, ചാട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതുപോലെ വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്നാണ് വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി. ആരോഗ്യനിരീക്ഷണത്തിനുശേഷം മാത്രമാണ് വന്ദേഭാരത് ദൗത്യം വഴി പ്രവാസികളെ നാട്ടിലെത്തിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനാണ് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. പക്ഷെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന ആവശ്യത്തില്‍ കൃത്യമായ മറുപടിയില്ല.

Next Story

RELATED STORIES

Share it