Kerala

കൊവിഡ്: സമുദ്രോല്‍പന്ന കയറ്റുമതിയില്‍ ഇടിവ്; 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 11,49,341 ടണ്‍

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 10.88 ശതമാനം കുറവാണ് ഉണ്ടായത്. 5.96 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന 43,717.26 കോടി രൂപയുടെ കയറ്റുമതിയാണ് ഇക്കാലയളവില്‍ നടന്നത്.അമേരിക്ക, ചൈന, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യന്‍ സമുദ്രോല്‍പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയച്ചത്.

കൊവിഡ്: സമുദ്രോല്‍പന്ന കയറ്റുമതിയില്‍ ഇടിവ്; 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 11,49,341 ടണ്‍
X

കൊച്ചി: കൊവിഡ് പ്രതിസന്ധിയും രാജ്യാന്തര വിപണിയിലെ മന്ദീഭാവവും നിലനില്‍ക്കെ രാജ്യത്തു നിന്നും 11,49,341 ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 10.88 ശതമാനം കുറവാണ് ഉണ്ടായത്. 5.96 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന 43,717.26 കോടി രൂപയുടെ കയറ്റുമതിയാണ് ഇക്കാലയളവില്‍ നടന്നത്.അമേരിക്ക, ചൈന, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യന്‍ സമുദ്രോല്‍പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയച്ചത്. ശീതീകരിച്ച ചെമ്മീനായിരുന്നു ഏറ്റവും ഡിമാന്റുള്ള സമുദ്രോല്‍പന്നം.

ശീതീകരിച്ച മീനിനും ഏറെ ആവശ്യക്കാരുണ്ടായിരുന്നു.2019-20 ല്‍ 12,89,651 ടണ്‍ സമുദ്രോല്‍പന്നമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 6.68 ബില്യണ്‍ ഡോളര്‍ മൂല്യവും 46,662.85 കോടി രൂപമൂല്യവും വരുമിത്. രൂപയുടെ നിരക്കില്‍ 6.31 ശതമാനവും ഡോളര്‍ നിരക്കില്‍ 10.81 ശതമാനവുമാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറവ് രേഖപ്പെടുത്തിയത്.കൊവിഡ് മഹാമാരി പോയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ) ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പറഞ്ഞു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാന ഘട്ടത്തില്‍ കയറ്റുമതി രംഗം ഉണര്‍ന്നു. ആകെ കയറ്റുമതിയില്‍ ഡോളര്‍ വരുമാനത്തിന്റെ 67.99 ശതമാനവും ജലകൃഷി മേഖലയില്‍ നിന്നാണ്. കയറ്റുമതി അളവിന്റെ 46.45 ശതമാനവും ഇത് വരും. 2019-20 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ മൂല്യത്തില്‍ 4.41 ശതമാനത്തിന്റെയും രൂപ മൂല്യത്തില്‍ 2.48 ശതമാനത്തിന്റെയും വര്‍ധനയാണ് ഈയിനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ആകെ കയറ്റുമതി ചെയ്ത അളവിന്റെ 51.36 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. ആകെ ഡോളര്‍ വരുമാനത്തില്‍ 74.31 ശതമാനവും ഈ വിഭാഗത്തില്‍ നിന്നാണ്. അമേരിക്കയാണ് ഏറ്റവുമധികം സമുദ്രോല്‍്പന്നങ്ങള്‍(2,72,041 ടണ്‍) ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ചൈന(1,01,846 ടണ്‍) യൂറോപ്യന്‍ യൂനിയന്‍(70,133 ടണ്‍), ജപ്പാന്‍ (40,502 ടണ്‍) ദക്ഷിണ പൂര്‍വേഷ്യ(38,389 ടണ്‍) ഗള്‍ഫ് രാജ്യങ്ങള്‍(29,108 ടണ്‍) എന്നിങ്ങനെയാണ് കണക്ക്.എന്നാല്‍ ശീതീകരിച്ച ചെമ്മീനില്‍ നിന്നുള്ള കയറ്റുമതി അളവില്‍ 9.50 ശതമാനത്തിന്റെയും ഡോളര്‍ കണക്കില്‍ 9.47 ശതമാനത്തിന്റെയും കുറവാണ് 20-21 ല്‍ ഉണ്ടായിരിക്കുന്നത്.

ആകെ കയറ്റുമതിയില്‍ 4,426.19 മില്യണ്‍ ഡോളര്‍ വരുമാനവും 5,90,275 ടണ്‍ അളവും ചെമ്മീനിനാണ്. 2019-20 മായി തട്ടിച്ച നോക്കുമ്പോള്‍ വനാമി ചെമ്മീന്‍ കയറ്റുമതി 5,12,204 ടണ്ണില്‍ നിന്നും 2020-21 ല്‍ 4,92,271 ടണ്ണായി കുറഞ്ഞു. ആകെ വനാമി ചെമ്മീനിന്റെ കയറ്റുമതിയില്‍ 56.37 ശതമാനവും അമേരിക്കയിലേക്കാണ്. ചൈന(15.13 ശതമാനം), യൂറോപ്പ്(7.83 ശതമാനം), ദക്ഷിണ പൂര്‍വേഷ്യ(5.76 ശതമാനം) ജപ്പാന്‍(4.96 ശതമാനം), ഗള്‍ഫ്(3.59 ശതമാനം) എന്നിങ്ങനെയാണ് വനാമി ചെമ്മീന്‍ കയറ്റുമതി.കാരച്ചെമ്മീന്‍ കയറ്റുമതി ഏറ്റവുമധികം ജപ്പാനിലേക്കാണ് നടന്നത. ആകെ കാരച്ചെമ്മീന്‍ കയറ്റുമതിയുടെ ഡോളര്‍ മൂല്യത്തില്‍ 39.68 ശതമാനവും ജപ്പാനിലേക്കാണ്. അമേരിക്ക(26.03 ശതമാനം), ദക്ഷിണ പൂര്‍വേഷ്യ(9.32 ശതമാനം) യൂറോപ്പ്(8.95 ശതമാനം) ഗള്‍ഫ്(6.04 ശതമാനം), ചൈന(3.76 ശതമാനം) എന്നിങ്ങനെയാണ് ഈ വിഭാഗത്തിലെ ഡോളര്‍ വരുമാന വിഹിതം.ആകെ കയറ്റുമതിയുടെ അളവില്‍ 16.37 ശതമാനം ശീതീകരിച്ച മല്‍സ്യമാണ്.

ആകെ ഡോളര്‍ വരുമാനത്തിലെ 6.75 ശതമാനവും ഈ വിഭാഗത്തില്‍ നിന്നു തന്നെ. എന്നാല്‍ 2019-20 മായി തട്ടിച്ചു നോക്കുമ്പോള്‍ കയറ്റുമതി അളവില്‍ 15.76 ശതമാനത്തിന്റെയും ഡോളര്‍ മൂല്യത്തില്‍ 21.67 ശതമാനത്തിന്റെയും കുറവാണ് ഈ വിഭാഗം 20-21 ല്‍ രേഖപ്പെടുത്തിയത്.ശീതീകരിച്ച കണവ, കടല്‍നാക്ക് എന്നിവയുടെ കയറ്റുമതി യഥാക്രമം 30.19 ശതമാനം, 16.38 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞത്. എന്നാല്‍ ഉണക്കമല്‍സ്യത്തിന്റെ കയറ്റുമതി അളവില്‍ 1.47 ശതമാനവും രൂപ മൂല്യത്തില്‍ 17 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.ശീതീകരിച്ചതും ജീവനുള്ളതുമായ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വിമാനമാര്‍ഗമുള്ള ചരക്ക് നീക്കം കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന തടസ്സപ്പെട്ടതാണ് ഇതിനു കാരണം.

ശീതീകരിച്ച മല്‍സ്യത്തിന്റെ അളവില്‍ 16.89 ശതമാനവും ജീവനുള്ള ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ 39.91 ശതമാനത്തിന്റെയും ഇടിവ് രേഖപ്പെടുത്തി.സമുദ്രത്തില്‍ നിന്നുള്ള മല്‍സ്യത്തിന്റെ വിഹിതം അളവില്‍ 2019-20 ലെ 56.03 ശതമാനത്തില്‍ നിന്നും 53.55 ശതമാനമായി കുറഞ്ഞു. ഡോളര്‍ വരുമാനത്തില്‍ ഇത് 36 .42 ശതമാനത്തില്‍ നിന്നും 32.01 ശതമാനമായി. അലങ്കാര മത്സ്യം, തിലാപിയ എന്നിവയുടെ കയറ്റുമതി അളവ് യഥാക്രമം 55.83 ശതമാനത്തില്‍ നിന്നും 66.55 ശതമാനമായി വര്‍ധിച്ചു. ഇതിലെ ഡോളര്‍ മൂല്യത്തിലും യഥാക്രമം 38.07 ശതമാനവും 14.63 ശതമാനവും വര്‍ധന രേഖപ്പെടുത്തി. ചൂര മല്‍സ്യത്തിന്റെ കയറ്റുമതി അളവില്‍ 14.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഡോളര്‍ വരുമാനത്തില്‍ 7.39 ശതമാനം കുറവാണുണ്ടായത്.

ഞണ്ടിന്റെയും ശുദ്ധജല ചെമ്മീനിന്റെയും കയറ്റുമതിയുടെ അളവിലും മൂല്യത്തിലും കുറവുണ്ടായി.ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പന്നം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക തുടരുകയാണ്. ആകെ ഡോളര്‍ വരുമാനത്തിന്റെ 41.15 ശതമാനവും അമേരിക്കയിലേക്ക് കയറ്റി അയച്ച 2,91,948 ടണ്‍ സമുദ്രോല്‍പന്നങ്ങളില്‍ നിന്നാണ്. രൂപ മൂല്യത്തില്‍ 0.48 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെങ്കിലും കയറ്റുമതി അളവില്‍ 4.34 ശതമാനത്തിന്റെയും ഡോളര്‍ വരുമാനത്തില്‍ 4.35 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇതില്‍ തന്നെ വനാമി ചെമ്മീനാണ് അധികവും. 6.75 ശതമാനത്തിന്റെ വര്‍ധന അമേരിക്കയിലേക്കുള്ള വനാമി ചെമ്മീനിന്റെ കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നു.

എന്നാല്‍ കാരച്ചെമ്മീനിന്റെ കയറ്റുമതി അളവില്‍ 70.96 ശതമാനത്തിന്റെയും ഡോളര്‍ വരുമാനത്തില്‍ 65.24 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയില്‍ നിന്നുള്ള സമുദ്രോല്‍പന്ന ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 2,18,343 ടണ്‍ സമുദ്രോല്‍പന്നമാണ് ചൈന ഇറക്കുമതി ചെയ്തത്. 939.17 മില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണിത്. ആകെ ഡോളര്‍ വരുമാനത്തിന്റെ 15.77 ശതമാനവും കയറ്റുമതി അളവിന്റെ 19 ശതമാനവും ചൈനയില്‍ നിന്നാണ്. കയറ്റുമതി അളവിലും ഡോളര്‍ മൂല്യത്തിലും യഥാക്രമം 33.73 ശതമാനവും 31.68 ശതമാനവും കുറവ് രേഖപ്പെടുത്തി. ശീതീകരിച്ച ചെമ്മീനാണ് ചൈനയിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്തത്.

ചൈനയിലേക്കുള്ള ആകെ കയറ്റുമതി അളവിന്റെ 46.64 ശതമാനവും ഡോളര്‍ മൂല്യത്തിന്റെ 61.87 ശതമാനവും വരുമിത്.ആകെ ഡോളര്‍ വരുമാനത്തിന്റെ 13.80 ശതമാനവും കയറ്റുമതി ചെയ്തത് യൂറോപ്യന്‍ യൂനിയനിലേക്കാണ്. ഇന്ത്യയില്‍ നിന്നും സമുദ്രോല്‍പന്നം ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനമാണ് യൂറോപ്യന്‍ യൂനിയനുള്ളത്. ശീതീകരിച്ച ചെമ്മീനാണ് ഇവിടേക്കുള്ള പ്രധാന ഉല്‍്പന്നം. പക്ഷെ പോയ വര്‍ഷം ശീതീകരിച്ച ചെമ്മീനിന്റെ കയറ്റുമതി അളവില്‍ 5.27 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 6.48 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണ പൂര്‍വേഷ്യയിലേക്ക് ആകെ ഡോളര്‍ മൂല്യത്തിന്റെ 11.17 ശതമാനമാണ് കയറ്റുമതി ചെയ്തത്. കയറ്റുമതി അളവില്‍ 2.56 ശതമാനവും ഡോളര്‍ വരുമാനത്തില്‍ 5.73 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലേക്കുള്ള കയറ്റുമതി ഡോളര്‍ വരുമാനം കണക്കിലെടുത്താല്‍ 6.92 ശതമാനമാണ്. ഇവിടേക്കുള്ള കയറ്റുമതി അളവില്‍ 10.52 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും ഡോളര്‍ മൂല്യത്തില്‍ 2.42 ശതമാനത്തിന്റെ കുറവുണ്ടായി.

ആകെ കയറ്റുമതി ഡോളര്‍ വരുമാനത്തിന്റെ 4.22 ശതമാനം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഇത് 2019-20 ലേതുമായി തട്ടിച്ചു നോക്കുമ്പോള്‍ കയറ്റുമതി അളവില്‍ 15.30 ശതമാനത്തിന്റെയും ഡോളര്‍ വരുമാനത്തില്‍ 15.51 ശതമാനത്തിന്റെയും കുറവാണ് രേഖപ്പെടുത്തിയത്. ആകെ ഡോളര്‍ വരുമാനത്തിന്റെ 72.23 ശതമാനവും ശീതീകരിച്ച ചെമ്മീനില്‍ നിന്നാണ്.കൊവിഡിനു പുറമെ മറ്റ് പല ഘടകങ്ങളും 2020-21 ല്‍ കയറ്റുമതി കുറയുന്നതിന് കാരണമായെന്ന് കെ എസ് ശ്രീനിവാസ് ചൂണ്ടിക്കാട്ടി. മല്‍സ്യബന്ധന ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ സമുദ്രോല്‍പന്നങ്ങള്‍ കരയിലെത്തുന്നതിന് കുറവുണ്ടായി.

വിപണിയിലെ അനിശ്ചിതത്വവും, ചരക്ക് നീക്കത്തിലുണ്ടായ വേഗതക്കുറവും വിനയായി. മല്‍സ്യബന്ധനത്തിനും മൂല്യവര്‍ധനത്തിനും തൊഴിലാളികള്‍ ലഭ്യമല്ലാതിരുന്നത്, തുറമുഖങ്ങളില്‍ കണ്ടെയ്‌നറുകള്‍ കെട്ടിക്കിടന്നത്, വിമാന ചരക്ക് കൂലി വര്‍ധന, നിയന്ത്രിതമായ വിമാന ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ മൊത്തമായുള്ള കയറ്റുമതിയെയും പ്രത്യേകിച്ച് ശീതീകരിച്ച, ജീവനുള്ള ഉല്‍പന്നങ്ങളുടെ കയറ്റുമതിയെയും ബാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.വിദേശ വിപണിയിലെ അവസ്ഥ മറ്റൊരു തിരിച്ചടിയായി.

ചൈനയില്‍ കണ്ടെയ്‌നറുകള്‍ ലഭിക്കാത്ത അവസ്ഥ, കൂടിയ ചരക്ക് കൂലി, കൊവിഡ് പശ്ചാത്തലത്തില്‍ വന്ന അധിക പരിശോധനകള്‍ എന്നിവ തിരിച്ചടിയായി. കണ്ടെയ്‌നറുകള്‍ ലഭ്യമല്ലാത്തതിനാല്‍ അമേരിക്കയിലേക്കുള്ള ഓര്‍ഡറുകള്‍ സമയത്ത് എത്തിക്കാന്‍ സാധിച്ചില്ല. ഹോട്ടല്‍, റസ്റ്റൊറന്റ്്, കഫെ എന്നിവ തുറക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍, എന്നിവടങ്ങളില്‍ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, റസ്റ്റൊറന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതും പ്രതികൂലമായി ബാധിച്ചുവെന്നും കെ എസ് ശ്രീനിവാസ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it