കൊവിഡ്: എറണാകുളം ജില്ലയില്‍ ടിപിആര്‍ 36.87 % കടന്നു; ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
ജനുവരി ഒന്നിന് ജില്ലയില്‍ പ്രതിദിന 400 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. അഞ്ചാം തീയതി കേസുകള്‍ ആയിരവും 12ന് രണ്ടായിരത്തി ഇരുന്നൂറും പിന്നിട്ടു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 3204 കേസുകള്‍. ജനുവരി ഒന്നിന് 5.38 ആയിരുന്ന ടിപിആറാണ് ജനുവരി 16ന് 36.87ലെത്തിയത്

കൊച്ചി: എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ കഴിഞ്ഞ മൂന്നു ദിവസവും 30നു മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം 11 കേന്ദ്രങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്ന് യോഗം വിലയിരുത്തി. ടിപിആര്‍ 30ന് മുകളില്‍ തുടരുന്ന ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ക്കും ഇത് ബാധകമാണ്. കൊവിഡ് പ്രതിരോധത്തില്‍ അലംഭാവവും ക്വാറന്റീനിലെ വിട്ടുവീഴ്ച്ചയും ഒരുതരത്തിലും പാടില്ലെന്ന് യോഗം ആവശ്യപ്പെട്ടു.
ജനുവരി ഒന്നിന് ജില്ലയില്‍ പ്രതിദിന 400 പോസിറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത്. അഞ്ചാം തീയതി കേസുകള്‍ ആയിരവും 12ന് രണ്ടായിരത്തി ഇരുന്നൂറും പിന്നിട്ടു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 3204 കേസുകള്‍. ജനുവരി ഒന്നിന് 5.38 ആയിരുന്ന ടിപിആറാണ് ജനുവരി 16ന് 36.87ലെത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടിപിആര്‍ 33.59. രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിഞ്ഞവരുടെ എണ്ണം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 3600ല്‍ നിന്നും 17,656ലേക്ക് ഉയര്‍ന്നു. ശ്വസനപ്രശ്‌നങ്ങളും പനിയുമായെത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. വാക്‌സിനേഷന്‍ വേഗത്തിലാക്കും. രണ്ടാം തരംഗ വേളയിലേതിന് സമാനമായി ചികില്‍സാ സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. സര്‍വസജ്ജമായ കൊവിഡ് കണ്‍ട്രോള്‍ റൂം ഇന്ന് പ്രവര്‍ത്തനം തുടങ്ങും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായവരെ ഉടനെ രംഗത്തിറക്കും.
സര്‍ക്കാര്‍ ഓഫീസുകളും പ്രഫഷണല്‍ കോളജുകളുമടക്കം 11 സ്ഥാപനങ്ങളിലാണ് നിലവില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. അതേസമയം രോഗികളായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണയിലെ പോലെ വര്‍ധനയില്ല. നിലവില്‍ ഐസിയു അടക്കം ബെഡുകളുടെ ലഭ്യതയില്‍ പ്രശ്‌നമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 2903 കൊവിഡ് കിടക്കകളുള്ളതില്‍ 630 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ 524 കൊവിഡ് കിടക്കകളില്‍ 214 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്.
ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് പ്രാദേശികാടിസ്ഥാനത്തില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. അമ്പലമുകളില്‍ ഓക്‌സിജന്‍ കിടക്കകളോട് കൂടിയ കൊവിഡ് ചികില്‍സ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. കൂടുതല്‍ ആംബുലന്‍സുകളുടെ സേവനം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂര്‍, കോതമംഗലം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കണം. മൊബൈല്‍ ടെസ്റ്റിംഗ് യൂനിറ്റ്, ടെലിമെഡിസിന്‍, ഹെല്‍പ് ഡെസ്‌ക് എന്നിവയുടെ പ്രവര്‍ത്തനവും ശാക്തീകരിക്കും.
താലൂക്ക് ആശുപത്രികളില്‍ ട്രയാജ് സംവിധാനത്തോടെ കൊവിഡ് ഔട്ട്‌പേഷ്യന്റ് വിഭാഗം ആരംഭിക്കും. കൊവിഡ് പോസിറ്റീവ് ആയ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ഹോം ക്വാറന്റീന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ അമ്പലമുകള്‍ കൊവിഡ് കെയര്‍ സെന്ററിലും ആവശ്യം വന്നാല്‍ ആശുപത്രികളിലേക്കും മാറ്റും. ജില്ലയിലെ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു. വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ സംഘാടകര്‍ അടിയന്തരമായി മാറ്റിവയ്ക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ച് കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് നടത്തേണ്ടതാണ്. സര്‍ക്കാര്‍ യോഗങ്ങളും പരിപാടികളും ഓണ്‍ലൈനായി നടത്തണം. ഷോപ്പിംഗ് മാളുകളില്‍ ജനത്തിരക്ക് അനുവദിക്കില്ല. നിരീക്ഷണത്തിനായി പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടണമെന്നും നിര്‍ദ്ദേശിച്ചു.
RELATED STORIES
കൂട്ടുകാര്ക്കൊപ്പം കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്...
18 May 2022 6:38 PM GMTഎന്ഡോസള്ഫാന് ദുരിതബാധിതര്ക്കുള്ള നഷ്ടപരിഹാര വിതരണം: ഓണ്ലൈന്...
17 May 2022 10:07 AM GMTഇതര സംസ്ഥാനങ്ങളില്നിന്ന് എത്തുന്ന മീന്ലോറികളില് പരിശോധന...
10 May 2022 10:00 AM GMTഷവര്മ്മ കഴിച്ച് പെണ്കുട്ടി മരിച്ച സംഭവം;മരണ കാരണം ഷിഗെല്ലയെന്ന്...
4 May 2022 3:57 AM GMTകാസര്കോട് ഷവര്മ കഴിച്ച വിദ്യാര്ഥിനി മരിച്ചു;14 പേര് ചികില്‍സയില്‍
1 May 2022 10:38 AM GMTകാറില് കടത്തുകയായിരുന്ന 196 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കള്...
22 April 2022 12:07 PM GMT