Kerala

കൊവിഡ്: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇനി ചികില്‍സിക്കുക ഗുരുതരലക്ഷണങ്ങളുള്ള കൊവിഡ് രോഗികളെ മാത്രം

കൊവിഡ് രോഗികളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗുരുതരരോഗമുള്ള സി വിഭാഗത്തിലുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കൂ. ചെറിയ രോഗലക്ഷണങ്ങളുള്ള ബി വിഭാഗത്തിലെ രോഗികളെ സെഞ്ച്വറി, പിഎം ആശുപത്രികളിലും പുന്നപ്ര എഞ്ചിനീയറിങ് കോളജിലുമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗലക്ഷണമില്ലാത്തവരെ മറ്റു ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി പ്രവേശിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.കൊവിഡിതര രോഗചികില്‍സയും മെഡിക്കല്‍ കോളജില്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം

കൊവിഡ്: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇനി ചികില്‍സിക്കുക ഗുരുതരലക്ഷണങ്ങളുള്ള കൊവിഡ് രോഗികളെ മാത്രം
X

ആലപ്പുഴ: കൊവിഡ് രോഗികളില്‍ ഗുരുതരലക്ഷണമുള്ളവരെ മാത്രമെ ഇനി മുതല്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കൂ. ജില്ലാ കലക്ടര്‍ എ അലക്സാണ്ടര്‍ വണ്ടാനം മെഡിക്കല്‍ കോളജ് അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം.മെഡിക്കല്‍ കോളജിലെ കൊവിഡ് - കൊവിഡിതര രോഗചികില്‍സാ അവലോകനത്തിലായിരുന്നു തീരുമാനം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കല്‍, മെഡിക്കല്‍ കോളജിലെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു.കൊവിഡ് രോഗികളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗുരുതരരോഗമുള്ള സി വിഭാഗത്തിലുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കൂ. ചെറിയ രോഗലക്ഷണങ്ങളുള്ള ബി വിഭാഗത്തിലെ രോഗികളെ സെഞ്ച്വറി, പിഎം ആശുപത്രികളിലും പുന്നപ്ര എഞ്ചിനീയറിങ് കോളജിലുമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗലക്ഷണമില്ലാത്തവരെ മറ്റു ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി പ്രവേശിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കൊവിഡ് ചികില്‍സ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ, കൊവിഡിതര രോഗ ചികില്‍സയും മെഡിക്കല്‍ കോളജില്‍ ശക്തിപ്പെടുത്തും. കൊവിഡ് രോഗികള്‍ക്ക് ഡയാലിസിസ് വേണ്ടി വന്നാലോ, നേരത്തെ ഡയാലിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് കൊവിഡ് വന്നാലോ പ്രത്യേക ഡയാലിസിസ് യൂനിറ്റ് സജ്ജീകരിച്ചാണ് നിലവില്‍ സൗകര്യമൊരുക്കുന്നത്. ഡയാലിസിസിനായുള്ള നാല് മെഷീനുകള്‍ കൂടി സജ്ജീകരിച്ച് മെഡിക്കല്‍ കോളജിലെ ഈ പ്രത്യേകഡയാലിസിസ് യൂനിറ്റ് സംവിധാനം ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായുള്ള പ്രൊപ്പോസല്‍ എന്‍എച്ച്എം വഴി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഒരുദിവസം 10 ഡയാലിസിസ് നടത്താനുള്ള സൗകര്യം ഈ പ്രത്യേക യൂനിറ്റില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക ക്വാറന്റൈന്‍ സംവിധാനം ഒരുക്കും.

ആവശ്യമെങ്കില്‍ ഇതിനായുള്ള കെട്ടിടം ജില്ലാഭരണകൂടം കണ്ടെത്തി നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ കൊവിഡിതര ഗുരുതര രോഗവുമായി വരുന്ന രോഗികളെ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ പ്രത്യേക വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിക്കാനും തീരുമാനമായി. ഒരുദിവസത്തിനകം ഇവരുടെ കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രം മറ്റു രോഗികളുടെ കൂടെ വാര്‍ഡില്‍ പ്രവേശിപ്പിക്കും. ഇതുമൂലം രോഗവ്യാപനം തടയാന്‍ കഴിയും.കൊവിഡ് രോഗവ്യാപനം ഇനിയും വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ രോഗികള്‍ക്കാവശ്യമായ വെന്റിലേറ്റര്‍, ഐസിയു സൗകര്യം വര്‍ധിപ്പിക്കാനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു.മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ രാംലാല്‍, പ്രിന്‍സിപ്പല്‍ ഡോ വിജയകുമാരി, കൊവിഡ് സെല്‍ നോഡല്‍ ഓഫീസര്‍ ഡോ ജൂബി, മെഡിക്കല്‍ കോളജിലെ വിവിധവിഭാഗങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it