Kerala

കൊവിഡ് 19: വെല്‍ഫെയര്‍ പാര്‍ട്ടി 10,000 സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കും

കൊവിഡ് 19: വെല്‍ഫെയര്‍ പാര്‍ട്ടി 10,000 സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കും
X

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി 10,000 സന്നദ്ധ പ്രവര്‍ത്തകരെ ആദ്യഘട്ടത്തില്‍ രംഗത്തിറക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഭക്ഷണം, സാന്ത്വന പരിചരണം, അഗതി അവശ വിഭാഗ പരിചരണം, സോഷ്യല്‍ വോളന്റിയറിങ് തുടങ്ങിയ വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. സംസ്ഥാന ആരോഗ്യവകുപ്പുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചും സ്വന്തം നിലയ്ക്കും വോളന്റിയര്‍മാര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യ വകുപ്പിന്റെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോളന്റിയര്‍മാര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക.

സന്നദ്ധം വെബ് പോര്‍ട്ടലില്‍ വോളന്റിയര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം. സര്‍ക്കാര്‍ മര്‍ഗനിര്‍ദേശങ്ങള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് അതിനുള്ള സഹകരണാത്മകവും സുതാര്യവുമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം 200 ആയി സര്‍ക്കാര്‍ നിജപ്പെടുത്തിയത് ഇതിന് തടസ്സങ്ങളുണ്ടാക്കും. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രത്യേക സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാത്രം നടത്താനുള്ള കുറുക്കുവഴികള്‍ ഇതിലൂടെ സംജാതമാവുമെന്ന് ന്യായമായും ആശങ്കിക്കുന്നു. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സംഘടനകളെയും സന്നദ്ധ സേവന കൂട്ടായ്മകളെയും ഭരണകൂടം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും അകറ്റാന്‍ കോവിഡ് ദുരിതാശ്വാസ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളും പ്രവര്‍ത്തകരും കര്‍മ്മരംഗത്തുണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.




Next Story

RELATED STORIES

Share it