Kerala

കൊവിഡ് 19: ഗള്‍ഫില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

രോഗബാധ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരനും തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരനും

കൊവിഡ് 19: ഗള്‍ഫില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു
X

മലപ്പുറം: ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ എത്തിയ രണ്ട് പ്രവാസികള്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരനും മെയ് ഏഴിനുതന്നെ ദുബായില്‍ നിന്ന് കരിപ്പൂരെത്തിയ തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരനുമാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇരുവരും ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം എട്ടായി.

കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന കുവൈത്തില്‍ നിന്നെത്തിയ തിരൂര്‍ ബി പി അങ്ങാടി സ്വദേശി 27 കാരിയായ ഗര്‍ഭിണി, ഇവരുടെ മൂന്ന് വയസ്സുള്ള മകന്‍, അബുദബിയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി, കുവൈത്തില്‍ നിന്നെത്തിയ കരുളായി പാലേങ്കര സ്വദേശി എന്നിവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുണ്ട്. ദുബായില്‍ നിന്നെത്തിയ കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അബുദബിയില്‍ നിന്നെത്തിയ എടപ്പാള്‍ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ തുടരുകയാണ്.

അബുദബി മദീന സെയ്ദില്‍ തയ്യല്‍ തൊഴിലാളിയാണ് മാറഞ്ചേരി പുറങ്ങ് സ്വദേശി. രണ്ട് വര്‍ഷമായി അവിടെ തുടരുന്നതിനിടെ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മെയ് ഏഴിന് അബുദബിയില്‍ നിന്നുള്ള ഐഎക്‌സ് 452 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാത്രി 12 മണിയ്ക്ക് കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി മറ്റ് 13 പേര്‍ക്കൊപ്പം പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസില്‍ മെയ് എട്ടിന് പുലര്‍ച്ചെ 4.15 ന് കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ കൊവിഡ് കെയര്‍ സെന്ററില്‍ എത്തി. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാലും ഇയാളുടെ വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാലും അബുദബിയില്‍ നിന്ന് കൂടെയെത്തിയ ബന്ധുവിനും ഇയാളുടെ വീട്ടില്‍ തന്നെ താമസിക്കാനുള്ള പ്രത്യേക സൗകര്യം ഉള്ളതിനാലും ഇരുവരേയും പ്രത്യേകം ഏര്‍പ്പെടുത്തിയ ടാക്‌സിയില്‍ പുറങ്ങിലെ വീട്ടിലേക്കയച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ ഇരുവരും വ്യത്യസ്ത മുറികളില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 10 ന് വൈകീട്ട് ഏഴ് മണിയ്ക്ക് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു.

അജ്മാനില്‍ താമസിക്കുന്ന മാണൂര്‍ നടക്കാവ് സ്വദേശി ഷാര്‍ജയില്‍ കരാര്‍ തൊഴിലാളിയാണ്. മെയ് ഏഴിന് ദുബായില്‍ നിന്ന് ഐഎക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാത്രി 10.35 ന് കരിപ്പൂരെത്തി. വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം മറ്റ് 17 പേര്‍ക്കൊപ്പം മെയ് എട്ടിന് പുലര്‍ച്ചെ 2.30 ന് കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 10 ന് രാവിലെ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം 4.30 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു.

ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചവര്‍ക്കൊപ്പം മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഐ.എക്‌സ് 452 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും മെയ് ഏഴിന് ദുബായില്‍ നിന്ന് കരിപ്പൂരെത്തിയ ഐ.എക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും എത്തിയവരെല്ലാം ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കര്‍ശന നിരീക്ഷണത്തിലാണ്. ഇവരെല്ലാവരും പൊതു സമ്പര്‍ക്കമില്ലാതെ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ 0483 273 7858, 273 7857, 273 3251, 273 3252, 273 3253.

Next Story

RELATED STORIES

Share it