Kerala

ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്- 157; കുറവ് വയനാട്ടില്‍- 4

തിരുവനന്തപുരത്ത് സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായത്.

ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്- 157; കുറവ് വയനാട്ടില്‍- 4
X

തിരുവനന്തപുരം: പുതുതായി ഇന്ന് കൊവിഡ് പോസിറ്റായ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ് -157 കേസ്. കുറവ് വയനാട്ടിലും - 4 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. തിരുവനന്തപുരത്ത് സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗം സ്ഥിരീകരിച്ച 157 പേരില്‍ 130 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗമുണ്ടായത്. 7 പേരുടെ ഉറവിടം അറിയില്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി.

തലസ്ഥാനത്തെ സ്ഥിതി ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ അവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. കൂടാതെ ഡെങ്കിപ്പനി പോലുള്ളവ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ജില്ലയില്‍ ഇത് വരെ 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേരുടെ ഫലം വരാനുണ്ട്. ജില്ലയില്‍ പുതിയ 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറാക്കുന്നു. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുന്നത്

ജില്ലയിലെ കൊവിഡ് രോഗികള്‍ കൂടിയതിനാലാണ് ഈ നടപടി. 500 മുതല്‍ 750 പേരെ വരെ ഒരേസമയം പാര്‍പ്പിക്കാനാകുന്നതാണ് ഈ സംവിധാനം. ഇവിടെ സ്വാബ് കളക്ഷനുള്ള സൗകര്യമുണ്ട്. എറണാകുളം ആര്‍സെനെക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഈ സൗകര്യമുണ്ട്. എറണാകുളത്തെ ചെല്ലാനം, കീഴ്മാട്, ആലുവ പഞ്ചായത്തുകളാണ് രോഗബാധ കൂടിയ ഇടങ്ങള്‍. ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 64 പേരും സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരാണ്. ഈ പ്രദേശത്ത് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. ചെല്ലാനത്ത് ആകെ 544 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 70 ഫലങ്ങള്‍ പോസിറ്റീവായി. ആലുവയില്‍ 514 പേരുടെ പരിശോധന നടത്തിയപ്പോള്‍ 59 പേരാണ് പോസിറ്റീവായത്. എറണാകുളം മാര്‍ക്കറ്റില്‍ 152 സാമ്പിളുകള്‍ പരിശോധിച്ചു. 20 പോസിറ്റീവായി. ചെല്ലാനത്ത് കൊവിഡ് ഇതര രോഗങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെ ചുമതലപ്പെടുത്തി. എറണാകുളം മാര്‍ക്കറ്റില്‍ ഒരു പരിധി വരെ രോഗവ്യാപനം തടയാനായി.

ഇടുക്കി രാജാക്കാട് മേഖലയില്‍ സമ്പര്‍ക്ക രോഗവ്യാപനം കൂടുതലാണ്. അവിടെയാണ് മരണവുമുണ്ടായത്. ഇന്ന് 55 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 11 പേരുടെ ഉറവിടം വ്യക്തമല്ല. കണ്ണൂരില്‍ കൂത്തുപറമ്പ് വലിയവെളിച്ചത്തുള്ള സിഐഎസ്എഫ് ക്യാമ്പാണ് സമ്പര്‍ക്കം മൂലം രോഗം കൂടിയ മേഖല. വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഇതിനകം 70-ലേറെപ്പേര്‍ക്ക് രോഗം ഉണ്ടായി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് ക്വാറന്റീന്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ കന്റോണ്‍മെന്റ് ഏരിയയിലെ സെന്ററിലെ നാനൂറിലേറെ ഉദ്യോഗസ്ഥര്‍ക്കാണ് രോഗമുണ്ടായത്. ഇവിടെ ആറ് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു. നൈറ്റ് കര്‍ഫ്യൂ നിലവിലുണ്ട്. ഇവരുടെ ചികിത്സയ്ക്ക് ആര്‍മി ആശുപത്രിയില്‍ സൗകര്യമുണ്ട്.

പാലക്കാട്ട് സമ്പര്‍ക്ക രോഗികള്‍ കൂടിയ ഇടങ്ങളോ ക്ലസ്റ്ററുകളോ ഇല്ല. തൃശ്ശൂര്‍ ബിഎസ്എഫ് ക്യാമ്പ്, കുന്നംകുളം, ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ചാവക്കാട്, വടക്കേക്കാട്, കുരിയച്ചിറ, പുറത്തുശ്ശേരി, ചാലക്കുടി എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. കണ്ടെയ്ന്‍മെന്റ് സോണ്‍, പെരിമീറ്റര്‍ ബഫര്‍ സോണുകളായി തിരിച്ച് രോഗവ്യാപനം തടയാന്‍ നടപടിയെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിൽ സമ്പർക്കരോഗബാധ സ്ഥിരീകരിച്ച കേസുകളില്ല. കൊവിഡ് ക്ലസ്റ്ററുകളുമില്ല. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം, മുള്ളങ്കൊല്ലി, പുൽപ്പള്ളി, തൊണ്ടർനാട്, മീനങ്ങാടി എന്നിവിടങ്ങളിൽ ക്ലസ്റ്റർ രൂപീകരണസാധ്യതയുണ്ട്. ഇവിടങ്ങളിൽ സമ്പർക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി വീടുകളിലോ സ്ഥാപനങ്ങളിലോ നിരീക്ഷണത്തിലാക്കി. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി ജില്ലയായതുകൊണ്ട് തന്നെ വലിയ ജാഗ്രത വയനാട്ടിൽ വേണം. മറ്റ് സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിൽ രോഗവ്യാപനമുണ്ട്. കാട്ടുപാത വഴി ജനങ്ങൾ പോകാതിരിക്കാൻ നടപടിയെടുത്തിട്ടുണ്ട്.

ചെക്ക്പോസ്റ്റുകളിൽ എത്തുന്ന വാഹനങ്ങൾ തിരിച്ചറിയാനും വഴിയിൽ തങ്ങുന്നത് തടയാനും ജില്ലാ പോലിസ് വഴിക്കണ്ണ് എന്ന പേരിൽ വിവിധ വർണങ്ങളിൽ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ നിലവിൽ കൂടുതൽ രോഗബാധ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേർത്തല പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളിൽ കർശനനിയന്ത്രണം തുടരും. ചേർത്തല താലൂക്കും, കായംകുളം നഗരസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണുകളാണ്.

കാസർകോട് ജില്ലയിൽ സ്ഥിതി അൽപം രൂക്ഷമാകുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച 74 പേരിൽ 48 പേർക്കും സമ്പർക്കം മൂലമാണ് രോഗം വന്നത്. ഒന്‍പത് പേരുടെ ഉറവിടമറിയില്ല. സമ്പർക്കം മൂലം ഏറ്റവും കൂടുതൽ രോഗം ഉള്ളത് ചെങ്ങള, മധൂർ പഞ്ചായത്തുകളിലാണ്. മൂന്നാംഘട്ടത്തിൽ ചെങ്ങളയിൽ 24 പേരും മധൂരിൽ 15 പേരും രോഗബാധിതരായി. കർണാടക സംസ്ഥാനത്ത് നിന്ന് ഊടുവഴികൾ വഴി ആളുകൾ അനധികൃതമായി കടന്നുവരുന്നുണ്ട്. ഈ സ‍ഞ്ചാരം തടയാൻ നടപടികളെടുത്തു.

കോഴിക്കോട്ട് 64 പേർക്ക് രോഗം വന്നതിൽ ഒരാൾ മാത്രമാണ് പുറത്തുനിന്ന് വന്നത്. 62 പേർക്ക് സമ്പർക്കം മൂലമാണ് രോഗം. ഒരാളുടെ ഉറവിടം അറിയില്ല. തൂണേരി, നാദാപുരം പഞ്ചായത്തുകളിലാണ് കൂടുതൽ സമ്പർക്കരോഗികളുള്ളത്. രണ്ട് പേരിൽ നിന്നാണ് ഇവിടെ 53 പേർക്ക് രോഗം വന്നത്. മലപ്പുറത്ത് സമ്പർക്കത്തിലൂടെ കൊവിഡ് കേസുകൾ കൂടി വരുന്നത് പൊന്നാനി താലൂക്കിലാണ്. പൊന്നാനി നഗരസഭയിലെ മുഴുവൻ പ്രദേശങ്ങളിലും റാപ്പിഡ്, ആന്‍റിജൻ ടെസ്റ്റ് നടത്തുന്നു. അതിതീവ്രമേഖലയായ പൊന്നാനിയിലെ സാഹചര്യം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടത്തെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുൻസിപ്പൽ കൗൺസിലർമാർ, വിവിധ ഓഫീസ് ജീവനക്കാർ ഇങ്ങനെ 25-ലധികം വ്യക്തികൾക്ക് ഉറവിടം വ്യക്തമാകാതെ രോഗം വന്നിട്ടുണ്ട്. രോഗവ്യാപനസാധ്യത ഇനിയും കൂടിയേക്കാം.

കോട്ടയം ജില്ലയിൽ സമ്പർക്കരോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് പാറത്തോട് ഗ്രാമപ‍ഞ്ചായത്തിലാണ്. ഇന്ന് മാത്രം ഇവിടെ 17 പേർക്ക് രോഗമുണ്ടായി. പഞ്ചായത്തിന്‍റെ എട്ടാം വാർഡിൽ 15 പേർ കൊവിഡ് ബാധിതരായി. ഇത് വരെ സമ്പർക്കം മുഖേന 72 പേർക്ക് രോഗം വന്നു.

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്‍റെ സമ്പർ‍ക്കപ്പട്ടികയിലെ 14 പേരുടെ പരിശോധനാഫലം പോസിറ്റീവായി. ഇവർ കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ്. കോട്ടയം മെഡി. കോളജിലെ വിദഗ്ധസംഘം ഉൾപ്പടെ ഉള്ള ജില്ലാ തലസംഘത്തെ പാറത്തോട്ടിൽ വിന്യസിച്ചു. കൊല്ലം ജില്ലയിൽ ചവറ, പൻമന, ശാസ്താംകോട്ട, പോരുവഴി, വെളിയം എന്നിവിടങ്ങളിലാണ് സമ്പർക്കരോഗബാധ കൂടിയ ഇടങ്ങൾ.

Next Story

RELATED STORIES

Share it