Kerala

സംസ്ഥാനത്ത് പത്തുപേർക്ക് കൂടി കൊവിഡ്; കേന്ദ്രം നിർദേശിക്കുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗണിൻ്റെ മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരിച്ചു പോവാനായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി പടിപടിയായി മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാവൂ.

സംസ്ഥാനത്ത് പത്തുപേർക്ക് കൂടി കൊവിഡ്; കേന്ദ്രം നിർദേശിക്കുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തിൽ പത്തുപേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ- 7, കാസർകോഡ് - 2, കോഴിക്കോട്- 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ലോക്ക് ഡൗൺ തുടരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം നിർദേശിക്കുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്ത് നിന്നെത്തിയവരും 7 പേർ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുമാണ്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി. കാസർകോഡ്- 9, പാലക്കാട്- 4, തിരുവനന്തപുരം- 3 ഇടുക്കി- 2, തൃശൂർ- 1 എന്നിവിടങ്ങളിലാണ് നെഗറ്റീവ് കേസുകൾ റിപോർട്ട് ചെയ്തത്. ഇതുവരെ 373 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 228 പേർ ചികിൽസയിൽ കഴിയുകയാണ്.

123490 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 122676 പേർ വീടുകളിലും 814 പേർ ആശുപത്രികളിലുമുണ്ട്. രോഗലക്ഷണവുമായി 201 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് അയച്ച 14163 സാമ്പിളുകളിൽ ലഭ്യമായ 12818 ഫലങ്ങൾ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗഭീതിക്കിടെ സന്തോഷ വാർത്തയും മുഖ്യമന്ത്രി പങ്കുവച്ചു. കൊവിഡ് രോഗമുക്തരായ ദമ്പതികൾക്ക് കണ്ണൂരിലെ പരിയാരം ആശുപത്രിയിൽ വച്ച് കുഞ്ഞ് പിറന്നു. കാസർകോഡ് സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് രോഗമുക്തയായത്. ഇന്ന് ഉച്ചയോടെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇവർക്കും ഇവരെ പരിചരിച്ച ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് പ്രധാനമന്ത്രിയുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ അവതരിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിന് വരുന്ന 3, 4 ആഴ്ചകൾ നിർണായകമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ലോക്ക് ഡൗണിൻ്റെ മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരിച്ചു പോവാനായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി പടിപടിയായി മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാവൂ. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകളിൽ ഈമാസം 30 വരെ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നാണ് നിർദേശം. അല്ലാത്ത ജില്ലകളിൽ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി സർക്കാർ അനുമതി നൽകുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയണം. ഇത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

നാളെ ഈസ്റ്ററാണ്. അതിജീവനത്തിൻ്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്. ലോകം കൊവിഡ് പീഡാനുഭവത്തിലൂടെ കടന്നുപോകുന്നു. ഈ യാതനയുടെ ഘട്ടത്തെ അതീജിവിക്കാനുള്ള സന്ദേശമാണ് ഈസ്റ്റർ പകരുന്നത്. വൈഷമ്യത്തിൻ്റെ ഘട്ടത്തിലും എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it