Top

ആരോഗ്യ സംവിധാനം കൂടുതൽ വികേന്ദ്രീകൃതമാകണം: മുഖ്യമന്ത്രി

പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ആലോചിക്കുന്നു. വീടുകളില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് നോട്ടീസ് നല്‍കും.

ആരോഗ്യ സംവിധാനം കൂടുതൽ വികേന്ദ്രീകൃതമാകണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് മൂന്നാംഘട്ടത്തില്‍ പ്രായമായവര്‍ക്കും അതിവ കരുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി. പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ആലോചിക്കുന്നു. വീടുകളില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് നോട്ടീസ് നല്‍കും.

ഇനിയുള്ള ഘട്ടം നേരിടാന്‍ ഈ വിഭാഗത്തെ സംരക്ഷിക്കല്‍ പ്രധാനമാണ്. ഇവരെ പൂര്‍ണ്ണമായി സംരക്ഷിക്കണം. ഇക്കാര്യങ്ങള്‍ നാട്ടിലാകെ എത്തിക്കാനും പൊതുവില്‍ ജാഗ്രതയും ഗൗരവവും ഉണ്ടാക്കുന്നതിനും പ്രാദേശിക സമിതികള്‍ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളില്‍ മോണിറ്ററിങ് സമിതി വേണം. റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളോ നാട്ടുകാരുടെ പ്രതിനിധികളോ വേണം. വാര്‍ഡ് മെമ്പര്‍, എസ്‌ഐ, വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍, തദ്ദേശ സ്ഥാപനത്തിലെ പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, അങ്കണവാടി അധ്യാപിക, ആശാ വര്‍ക്കര്‍, പെന്‍ഷനേഴ്സിന്റെ പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി. ഇവര്‍ ഇത്തരം ആളുകളുള്ള വീടുകള്‍ പ്രത്യേകം പട്ടികയില്‍പ്പെടുത്തും. അവരുടെ കാര്യത്തില്‍ പ്രത്യേക കരുതലെടുക്കും.

നല്ല ജാഗ്രത പാലിക്കണം. സമിതിയുടെ നേതൃത്വത്തില്‍ നിരന്തരം ഈ വീടുകളുമായി ബന്ധപ്പെടണം. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധ വേണം. എല്ലാ ദിവസവും സമിതിയുടെ പ്രതിനിധി ഈ വീടുകളിലെത്തണം. ആരോഗ്യ സംവിധാനം കൂടുതല്‍ വികേന്ദ്രീകൃതമാകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെയും ഡോക്ടര്‍മാരെയും സ്റ്റാഫിനെയും കൂടി നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണം. ഇവരെല്ലാം ഉള്‍ക്കൊള്ളു സംവിധാനം തദ്ദേശ സ്ഥാപന തലത്തില്‍ ഉണ്ടാകണം. വിശദാംശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കണം. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ നടപടികളില്‍ പരിശീലനം നല്‍കും. ഐഎംഎ സഹകരണം ഉറപ്പാക്കും.

ടെലി മെഡിസിന്‍ സൗകര്യം ഇതിലൂടെ ഉറപ്പാക്കും. ഏതൊക്കെ ഡോക്ടര്‍മാരെ ബന്ധപ്പെടാമെന്ന വിവരം ഇത്തരം വീടുകളില്‍ ലഭ്യമാക്കും. ഡോക്ടര്‍ക്ക് രോഗിയെ കാണേണ്ടതുണ്ടെങ്കില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വാഹനം ഉപയോഗിച്ച് വീട്ടിലേക്ക് പോകാം. ഓരോ പഞ്ചായത്തിലും മൊബൈല്‍ ക്ലിനിക് ആവശ്യമായി വരും. അതിന് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, സജ്ജീകരണങ്ങളെല്ലാം ഇതില്‍ ഉണ്ടാകും. ഇത്തരത്തിലൊരു കരുതല്‍ അടുത്ത ഘട്ടത്തില്‍ സ്വീകരിക്കുകയാണ്. ഓരോ പഞ്ചായത്തിലും ക്വാറന്റൈനില്‍ കഴിയുന്നവരെ നിരന്തരം നിരീക്ഷിക്കണം. ഇതിനാണ് ഈ ചുമതല ഏറ്റെടുക്കുന്നത്. സംസ്ഥാനത്ത് സ്ഥിരതാമസമായ മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, ആരോഗ്യ പ്രശ്‌നം ഉള്ളവര്‍ എന്നിവര്‍ക്കെല്ലാം മുന്‍ഗണന നല്‍കും. പുറത്ത് സ്ഥിരതാമസമായിട്ടുള്ളവര്‍ ബന്ധുക്കളെ കാണാന്‍ ധൃതി കാണിക്കരുത്. അവര്‍ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it