Kerala

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ തിരിച്ചെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ -വിദേശത്തേക്ക് മരുന്നുകള്‍ അയക്കാന്‍ സംവിധാനം

വിദേശത്തേക്ക് മരുന്നുകള്‍ അയയ്ക്കുന്നതിലെ പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാ ആസ്ഥാനത്ത് പോലിസ് കണ്‍ട്രോള്‍ റൂമിലും കോട്ടക്കല്‍ പോലിസ് സ്‌റ്റേഷനിലും മരുന്ന് സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയതായി മന്ത്രി അറിയിച്ചു.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ തിരിച്ചെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍  -വിദേശത്തേക്ക് മരുന്നുകള്‍ അയക്കാന്‍ സംവിധാനം
X

മലപ്പുറം: വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് രോഗ നിരീക്ഷണത്തിനും സുരക്ഷിതമായ താമസിത്തിനും വേണ്ടുന്ന സൗകര്യങ്ങള്‍ തയ്യാറാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് വിദഗ്ധമായ രോഗ പരിശോധനയ്ക്ക് ശേഷം ആവശ്യമുള്ളവരെ തുടര്‍ ചികിത്സക്കായി പ്രത്യേക കേന്ദ്രങ്ങളിലേക്കും മറ്റുള്ളവരെ നിരീക്ഷണാര്‍ത്ഥം സൗകര്യപ്രദമായ താമസസ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍, പോലിസ് മേധാവി, ഡിഎംഒ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളാണ് വിദേശത്ത് നിന്നെത്തുന്നവര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നവരെ ഹജ്ജ് ഹൗസിലെത്തിച്ച് ആരോഗ്യ വകുപ്പിന്റെ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമാകും ഏത് സംവിധാനത്തിലേക്ക് മാറ്റണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ നിര്‍ബന്ധമായും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. ചികിത്സയും താമസവും ഭക്ഷമവുമുള്‍പ്പടെ എല്ലാം പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ തന്നെ നിര്‍വഹിക്കും. ഏറ്റവും മികച്ച സൗകര്യങ്ങളാകും ഇവിടെയെല്ലാം ഒരുക്കുക. ഇതിന് പുറമെ താത്പര്യമുള്ളവര്‍ക്ക് ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രികളുടെ പേ വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ നിജപ്പെടുത്തുന്ന നിരക്കിലും താമസിക്കാന്‍ സൗകര്യമുണ്ടാകും. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെടുക്കുക.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരിലും വിശദമായ പരിശോധനകള്‍ നടത്തും. പ്രത്യേകിച്ച് രോഗ ലക്ഷണങ്ങളില്ലാത്തവരെ വീട്ടില്‍ മുറികളില്‍ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായി ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

വിദേശത്തേക്ക് മരുന്നുകള്‍ അയയ്ക്കുന്നതിലെ പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാ ആസ്ഥാനത്ത് പോലിസ് കണ്‍ട്രോള്‍ റൂമിലും കോട്ടക്കല്‍ പോലിസ് സ്‌റ്റേഷനിലും മരുന്ന് സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കിയതായി മന്ത്രി അറിയിച്ചു. വിദേശത്തേക്ക് കൊണ്ട് പോകാനുളള മരുന്നുകള്‍ കൃത്യമായ കുറിപ്പടികള്‍, ബില്‍, എത്തിക്കേണ്ട വിലാസം എന്നിവ സഹിതം ഈ കേന്ദ്രങ്ങളില്‍ എത്തിച്ചു നല്‍കിയാല്‍ വിമാന മാര്‍ഗം ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുളളതെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ നിലവില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നതുകൊണ്ട് ആരും ജാഗ്രത കൈവിടരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. മലപ്പുറം ജില്ല ഹോട്ട്‌സ്‌പോട്ടായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ തീരുന്നത് വരെ നിലവിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

യോഗത്തില്‍ ജില്ലാ പോലിസ് മേധാവി യു അബദുല്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി ബിന്‍സിലാല്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it