Kerala

ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് മലബാറിന്റെ ഊട്ടി

ഊട്ടിയെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറ യുടെ മറ്റൊരു പ്രത്യേകത. ഒറ്റക്കാണെങ്കിലും മലിനീകരണം ഒഴിഞ്ഞതോടെ കുറച്ചുകൂടെ സുന്ദരിയായിട്ടുണ്ട് ഇവിടം.

ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് മലബാറിന്റെ ഊട്ടി
X

കോഴിക്കോട്: ആളും തിരക്കും ഒഴിഞ്ഞ ഒറ്റയ്ക്കാണ് മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറ. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്ന ഇവിടം ഇന്ന് ശൂന്യമാണ്.


കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ആല്‍ബങ്ങള്‍ക്കും കരിയാത്തുംപാറ പശ്ചാത്തലമായിട്ടുണ്ട്.


കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന പ്രദേശം കൂടിയാണ് കരിയാത്തുംപാറ. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും പൈന്‍ മരങ്ങളും മാനം മുട്ടുന്ന മലകളും ആണ് കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നത്. സായാഹ്നങ്ങള്‍ ചെലവിടാന്‍ എത്തുന്നവര്‍ക്ക് കുതിര സവാരിക്കുള്ള സൗകര്യവും കരിയാത്തും പാറയില്‍ ഉണ്ടായിരുന്നു.


ഊട്ടിയെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറ യുടെ മറ്റൊരു പ്രത്യേകത. ഒറ്റക്കാണെങ്കിലും മലിനീകരണം ഒഴിഞ്ഞതോടെ കുറച്ചുകൂടെ സുന്ദരിയായിട്ടുണ്ട് ഇവിടം.നഗരത്തിലെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഒഴിവ് ദിനങ്ങള്‍ ആസ്വദിക്കാനും ചൂണ്ടയിടാനും ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് വിനോദസഞ്ചാരികള്‍ക്കായി പ്രകൃതി കരിയാത്തും പാറയില്‍ ഒരുക്കിയിട്ടുള്ളത്.

ലോക്ക് ഡൗണ്‍ കഴിഞ്ഞ് ജില്ലയിലെ ജനജീവിതം സാധാരണ നിലയില്‍ എത്തുന്നതോടെ കരിയാത്തുംപാറയില്‍ വീണ്ടും വിനോദസഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it